വിഷം തീണ്ടാതെ കഴിക്കാം; കരുതലിന്റെ തുടക്കം അടുക്കളയില്‍ നിന്നാവട്ടെ

ആഹാരത്തിന്റെ കാര്യത്തില്‍ യാതൊരു അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാകാത്തവരാണ് മലയാളികള്‍. തിരിച്ചുകടിക്കാത്തതെന്തിനെയും അകത്താക്കുന്നതാണ് ശീലം. അതുകൊണ്ടുതന്നെ ചൈനീസും കോണ്ടിനെന്റലും അറേബ്യന്‍ വിഭവങ്ങളുമെല്ലാം ആദ്യമെത്തുന്നത് നമ്മുടെ തീന്‍മേശയിലാണ്. ആദ്യം രുചി, പിന്നെ ആരോഗ്യം എന്ന് കരുതിയിരുന്ന മലയാളിക്ക് പെട്ടെന്നാണ് ഉള്‍വിളി ഉണ്ടായത്. ഷവര്‍മ കഴിച്ച വിദ്യാര്‍ഥി വിഷബാധയേറ്റ് മരിച്ചതോടെ ആഹാരത്തിന്റെ കാര്യത്തില്‍ മലയാളി അല്പം പേടിച്ചിട്ടുണ്ട്. എന്നാല്‍ വെറുമൊരു ഷവര്‍മ മാത്രമല്ല പ്രശ്‌നം. സാധനങ്ങള്‍ വാങ്ങുന്നതും സൂക്ഷിക്കുന്നതും തയ്യാറാക്കുന്നതുമെല്ലാം കരുതലോടെ വേണം. അത് അടുക്കളയില്‍ നിന്ന് തുടങ്ങുകയും വേണം.
വിഷംവരുന്ന വഴികള്‍
പലകാരണങ്ങള്‍കൊണ്ടും വിഷബാധയുണ്ടാകാം. ഭക്ഷണത്തില്‍ കലരുന്ന വൈറസും (നോവോ വൈറസുകള്‍) ബാക്ടീരിയയും (ഇകോളി, ഷിഗെല) മലിനജലവുമെല്ലാം വിഷബാധയ്ക്ക് ഇടയാക്കാം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വിഷബാധയിലേക്ക് നയിക്കാം.
ലക്ഷണങ്ങള്‍
ആഹാരം കഴിച്ചയുടനേ ഛര്‍ദി, വയറിളക്കം എന്നിവ കണ്ടാല്‍ ഭക്ഷ്യവിഷബാധ സംശയിക്കാം. ഇടവിട്ട് വയറുവേദനയും ഉണ്ടാകാം. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകുന്നതോടെ ക്ഷീണം, തലകറക്കം, മൂത്രത്തിന്റെ അളവ് കുറയുക എന്നീ പ്രശ്‌നങ്ങളുമുണ്ടാകും.
ഗൃഹചികിത്സ
വയറിളക്കം പോലുള്ള ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍തന്നെ ചികിത്സിക്കാം. പഞ്ചസാരയും ഉപ്പും ശുദ്ധജലത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒ.ആര്‍.എസ്.ലായനി അല്പാല്പമായി കുടിക്കാന്‍ നല്‍കാം. ബാക്ടീരിയ മൂലമുള്ള വിഷബാധ ആന്റിബയോട്ടിക്കുകളിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാല്‍ മാരകമായ നിര്‍ജലീകരണം ഉണ്ടാവുകയാണെങ്കില്‍ വൈദ്യസഹായം തേടണം.
അടുക്കളയില്‍ തുടങ്ങാം
അടുക്കളയില്‍നിന്നാണ് അന്നത്തിന്റെ ആരംഭം. വൃത്തിയും കരുതലും അവിടെനിന്ന് തുടങ്ങണം. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ അണുവിമുക്തമായിരിക്കണം. ഭക്ഷണം അധികനേരം തുറന്നുവയ്ക്കരുത്. കാലാവധി കഴിഞ്ഞ ആഹാരപദാര്‍ഥങ്ങള്‍ അടുക്കളയില്‍ വേണ്ട. സ്പൂണുകളും കത്തികളും ഉപയോഗം കഴിഞ്ഞാല്‍ ചുടുവെള്ളത്തില്‍ കഴുകിമാറ്റിവയ്ക്കണം. പൊടികളും മസാലക്കൂട്ടുകളും ഗ്ലാസ് ജാറുകളില്‍ സൂക്ഷിക്കാം. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ കിച്ചന്‍ കൗണ്ടറും സ്റ്റൗവും വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് വൃത്തിയാക്കണം. പിന്നെയാകാം എന്ന് കരുതരുത്. ഡിഷ് വൃത്തിയാക്കുന്ന ടവ്വലുകള്‍ ഇടയ്ക്കിടെ മാറ്റണം. നനഞ്ഞ് മുഷിഞ്ഞവ ഉപയോഗിക്കരുത്. സിങ്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് ചൂടുവെള്ളത്തില്‍ കഴുകണം. പാത്രം കഴുകുന്ന സ്‌പോഞ്ചോ സ്‌ക്രബ്ബറോ ഉപയോഗിച്ച് സിങ്ക് കഴുകരുത്.
ഫ്രിഡ്ജിന്റെ വൃത്തി
ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള അളവില്‍ മാത്രം ഭക്ഷണം പാചകം ചെയ്യാനെടുക്കാം. ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഫ്രിഡ്ജിലെ തണുപ്പ് 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയും ഫ്രീസറിലേത് 0 ഡിഗ്രി ഫാരന്‍ഹീറ്റ് അല്ലെങ്കില്‍ താഴെയും ആയിരിക്കണം. ഫ്രിജ്ഡ് ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ഫ്രിഡ്ജും അതിന്റെ പുറംഭാഗവും ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം.
പാലും പച്ചക്കറികളും
പുറത്തുനിന്ന് വാങ്ങുന്ന പാല്‍ അതേപോലെ ഫ്രിഡ്ജില്‍ വയ്ക്കരുത്. മറ്റ് പാത്രത്തില്‍ ഒഴിച്ചോ പായ്ക്കറ്റ് നന്നായി കഴുകിയശേഷമോ വയ്ക്കാം. ഉപയോഗിക്കുന്നതിന് മുന്‍പ് പാല്‍ നന്നായി തിളപ്പിക്കണം. പച്ചക്കറികള്‍ ബേക്കിങ് സോഡ/വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ നന്നായി കഴുകണം. പച്ചക്കറികളുടെ കേടായ ഭാഗം മുറിച്ചുമാറ്റി ഉപയോഗിക്കുന്ന ശീലം നിര്‍ത്താം. പച്ചക്കറി വൃത്തിയാക്കി, ചെറിയ ബോക്‌സുകളിലാക്കിവേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. വാങ്ങിയ അതേ കവറില്‍ പച്ചക്കറികള്‍ സൂക്ഷിക്കരുത്. തൊലിയോടെ കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച് നന്നായി കഴുകണം. അരിഞ്ഞ പച്ചക്കറികള്‍ രണ്ടുമണിക്കൂറിനകം തന്നെ പാചകം ചെയ്യണം.
ഈറ്റിങ് ഔട്ട് കരുതലോടെ
യാത്രകളില്‍ പലപ്പോഴും പുറമെനിന്നും ആഹാരം കഴിക്കേണ്ടിവരും. യാത്രാവേളയില്‍ കഴിവതും തിളപ്പിച്ചാറ്റിയ കുടിവെള്ളം കൂടെകരുതണം. ആഹാരത്തിനായി വൃത്തിയുള്ള ഹോട്ടലുകളെ ആശ്രയിക്കുക. ചൂടുവെള്ളവും തണുത്തവെള്ളവും മിക്‌സ്‌ചെയ്തത് കുടിക്കരുത്. യാത്രകളില്‍ കഴിവതും മിതമായ ആഹാരം കഴിക്കുന്നതാണ് നല്ലത്. വിഷബാധയുണ്ടായാല്‍ കുറച്ചുദിവസത്തേക്ക് കട്ടിയുള്ള ആഹാരം ഒഴിവാക്കാം. വറുത്തതും മസാലകള്‍ അമിതമായി ചേര്‍ത്ത ആഹാരവും വേണ്ട. ധാരാളം ശുദ്ധജലം കുടിക്കുകയും വേണം.
ഇറച്ചിയും മീനും
കേടില്ലാത്ത ഇറച്ചിക്ക് നല്ല പിങ്ക് നിറമായിരിക്കും. പായ്ക്ക് ചെയ്ത ചിക്കനാണെങ്കില്‍ നന്നായി ഫ്രീസ് ചെയ്തതാണെന്ന് ഉറപ്പാക്കണം. ഇറച്ചിയും മീനും കഴുകി വൃത്തിയാക്കി പ്രത്യേക കവറിലിട്ടുവേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. ഇവ പച്ചക്കറികളുമായി ഇടകലരുന്നില്ലെന്ന് ഉറപ്പാക്കണം. മീന്‍, ഇറച്ചി മറ്റ് അസംസ്‌കൃത ഭക്ഷണങ്ങള്‍ എന്നിവ സാലഡുകള്‍, ബ്രെഡ്, സാന്‍ഡ്‌വിച്ച് തുടങ്ങിയ റെഡിടു ഈറ്റ് ഭക്ഷണങ്ങളുമായി ഇടകലര്‍ത്തരുത്. മാംസം മുറിക്കുന്നതിനും പച്ചക്കറികള്‍ അരിയുന്നതിനും പ്രത്യേക കട്ടിങ് ബോഡുകള്‍ ഉപയോഗിക്കണം. പാകംചെയ്യുന്നതിന് തൊട്ടുമുന്‍പ് മാത്രമേ ഇറച്ചി ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കാവൂ. 74 ഡിഗ്രി സെല്‍ഷ്യസില്‍ വേണം ഇറച്ചി പാകംചെയ്യാന്‍. ഫോര്‍ക്ക് ഉപയോഗിച്ച് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇറച്ചി പാകം ചെയ്ത് നാലുമണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ രണ്ടുമണിക്കൂറിനുള്ളില്‍ പാകംചെയ്ത ചിക്കന്‍ ഫ്രീസ് ചെയ്യണം.
കടപ്പാട്
ഡോ.ഹേമലത പി.
കണ്‍സല്‍ട്ടന്റ് ഇന്‍ മെഡിസിന്‍
എസ്.യു.ടി.ഹോസ്്പിറ്റല്‍, പട്ടം
ഉഷ മധുസൂദനന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ്
അല്‍മാസ് ഹോസ്പിറ്റല്‍
കോട്ടക്കല്‍
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: food poison, start from kitchen, food