ഏഴിലൊരാൾ പട്ടിണിയിൽ, ഇരുപതിൽ നാലുപേർ അരപ്പട്ടിണിയിൽ; ഓരോ വറ്റും സൂചി കൊണ്ട് കുത്തിയെടുക്കാം

തമിഴ് ഇതിഹാസമെന്നു പേരുകേട്ട തിരുക്കുറൽ രചിച്ച തിരുവള്ളുവരെക്കുറിച്ച് പണ്ടേ പറഞ്ഞുകേട്ട കഥയുണ്ട്. അദ്ദേഹം ചോറുണ്ണാനിരിക്കുമ്പോൾ അതിനടുത്തായി ഒരു ഗ്ലാസും അതിൽ കുറച്ചുവെള്ളവും ഒരു സൂചിയും കൊണ്ടുവെക്കുമായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച് എഴുന്നേറ്റുകഴിഞ്ഞാൽ അതെടുത്ത് മാറ്റും. കാലങ്ങളായി ഇങ്ങനെ തുടർന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വാസുകിക്ക് സംശയമായി എന്തിനാണ് തന്നെക്കൊണ്ട് വെറുതേ ജോലിയെടുപ്പിക്കുന്നത് സൂചിയുടെയും ആ ഗ്ലാസ് വെള്ളത്തിന്റെ ഉപയോഗം എന്താണെന്ന് അവർക്ക് മനസ്സിലായില്ല. കുറെക്കാലത്തിനുശേഷം മടിച്ചുമടിച്ച് അവർ തിരുവള്ളുവരോട് ചോദിച്ചു: ''അങ്ങെന്തിനാണ് ഈ ഗ്ലാസും വെള്ളവും സൂചിയും കൊണ്ടുവെക്കാൻ പറയുന്നത്. അതിതുവരെ ഉപയോഗിക്കുന്നതു കണ്ടില്ലല്ലോ?'' തിരുവള്ളുവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: '' അതിതുവരെ ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല. നീ ഭക്ഷണം വിളമ്പുമ്പോഴും ഞാനത് കഴിക്കുമ്പോഴും അതിൽനിന്ന് ഒരു വറ്റെങ്കിലും അഥവാ താഴെ വീണാൽ അത് സൂചിയിൽ കോർത്ത് ഗ്ലാസിലെ വെള്ളത്തിൽ കഴുകി ഭക്ഷിക്കാനാണ് ഞാൻ ഇത് കൊണ്ടുവെക്കാൻ പറയുന്നത്. എന്നാൽ നീ ഭക്ഷണം വിളമ്പുമ്പോൾ അത്രയും കരുതലും ശ്രദ്ധയും സ്നേഹവും കാണിക്കുന്നതുകൊണ്ടും ഞാൻ കഴിക്കുമ്പോൾ എന്റെ ഭാഗ്യംകൊണ്ടും ഇതുവരെ ഒരൊറ്റ വറ്റും നിലത്തു വീണില്ല അതിനാൽ അത് ഉപയോഗിക്കേണ്ടിയും വന്നില്ല.'' ഈ വാക്കുകൾ കേട്ടതോടെ വാസുകിക്ക് കാര്യം മനസ്സിലായി. ഭക്ഷണത്തോട് പഴയതലമുറ കാട്ടിയിരുന്ന ബഹുമാനമാണ് ഈ കഥ വരച്ചിടുന്നത്. അത് പാഴാക്കരുതെന്ന അനുഭവ പാഠവും.
പണ്ടുകാലത്തെ കേരളത്തിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ വീട്ടിലെ മുതിർന്ന സ്ത്രീയാണ് ഭക്ഷണത്തിന്റെ അരിയളവുമുതൽ വിളമ്പലും മറ്റുള്ളവർക്ക് കരുതിവെക്കലും വരെ ചെയ്തിരുന്നത്. പിന്നീട് അണുകുടംബമായപ്പോൾ മരുമക്കളെ അക്കാര്യം ഏൽപ്പിക്കാതെ അമ്മായിയമ്മമാർ ആ ജോലിയേറ്റെടുത്തു. അതിന് പ്രധാനകാരണം ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ ഭക്ഷണത്തിന്റെ അളവ് കൃത്യമായി അറിഞ്ഞിരുന്നത് അവർക്കാണ് എന്നതായിരുന്നു. ഭക്ഷണം ഒരു തുള്ളിപോലും പാഴാക്കരുതെന്ന് എന്നുറപ്പുവരുത്തിയ ഒരു സംസ്‌കാരവും അതിന് ദൃഢനിശ്ചയം ചെയ്ത ഒരു തലമുറയുമായിരുന്നു അന്നത്തേത്. എന്നാൽ, ഇന്ന് അളവുനോക്കാതെ പല വീടുകളിലും ദിവസേന അനവധിയാളുകൾക്ക് കഴിക്കാനുള്ള ഭക്ഷണമാണ് വെറുതേ ജൈവമാലിന്യമാക്കിക്കളയുന്നത്.
ഏഴിലൊരാൾ പട്ടിണിയിൽ
നാമെല്ലാം രാത്രി ആഘോഷപൂർവം ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനൊരുങ്ങുമ്പോൾ ലോകത്ത് ഏഴിലൊരാൾ ഒഴിഞ്ഞവയറുമായാണ് കിടന്നുറങ്ങുന്നത്. 20-ൽ നാലുപേർ അരപ്പട്ടിണിക്കാരാണ് എന്നത്രേ ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഐക്യരാഷ്ട്ര സഭയുടെ ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് നൂട്രീഷൻ ഇൻ ദ വേൾഡി(എസ്ഒഎഫ്‌ഐ)ന്റെ 2025-ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് 72 കോടി ആളുകൾ ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്നു. ഇന്ത്യയിൽ 12 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുമ്പോൾ 5നും 49-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ 53.7 ശതമാനം പേരും വിളറി വെളുത്തവരാണ്. മറുഭാഗത്ത് അമിതാസക്തിയും അമിതഭക്ഷണവും കൊണ്ട് പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നത് ഒരു വൈരുദ്ധ്യമാണ്.
അന്നമയം പ്രാണമയം
അന്നമാണ് പ്രാണൻ എന്നത് ലോകത്തെല്ലായിടത്തും നടക്കുന്ന സംഭവങ്ങൾ നമുക്ക് കാണിച്ചുതരുന്നു. ആഫ്രിക്കൻ നാടുകളിലും ഗാസയിലും ഒരു നേരത്തെ ഭക്ഷണത്തിനായി യാതനയനുഭവിക്കുന്ന കുട്ടികളുടെ ദയനീയമുഖങ്ങൾ നമ്മിലെ മനുഷ്യത്വത്തെ ചിലപ്പോഴെങ്കിലും ഉണർത്താറുണ്ട്. അടുത്ത നിമിഷത്തിൽ നാമതു മറക്കുന്നു. ആഘോഷങ്ങളിലും ഉത്സവങ്ങളിലും ചടങ്ങുകളിലും നാം പാഴാക്കുന്ന ഭക്ഷണത്തിന്റെ കണക്കുകൾ ഭയാനകമാണ്. കല്യാണത്തിനോടനുബന്ധമായി നാം പാകം ചെയ്യുന്ന ഭക്ഷണം വൈവിധ്യവും വ്യത്യസ്തതയും ഉള്ളതാകണമെന്നും തങ്ങളുടെ പ്രൗഢിയും പൊങ്ങച്ചവും കാണിക്കണമെന്നുമുള്ള നിർബന്ധബുദ്ധിയാണിപ്പോൾ നടമാടുന്നത്. പല വിഭവങ്ങളും അനാവശ്യമാക്കി ഉണ്ടാക്കി നശിപ്പിച്ചു കളയുന്ന ആർഭാടക്കല്യാണങ്ങളിൽ നാം ഇന്ത്യക്കാർ മോശമല്ല. കഴിഞ്ഞവർഷം ഒരു കോടീശ്വരന്റെ മകന്റെ കല്യാണത്തിന് നൂറ്റേിനാല്പതിനം ഭക്ഷണമാണ് വിളമ്പിയത് അതിൽ ആളുകൾ രുചിച്ചുനോക്കിയതാകട്ടെ കേവലം അറുപതോളം ഇനങ്ങൾ മാത്രവും. ഈ കണക്കിൽനിന്നുതന്നെ ആർഭാട കല്യാണങ്ങളുടെ ഭക്ഷണഭീകരത നമുക്ക് മനസ്സിലാകും.
മനുഷ്യൻ മതിയെന്നു പറയുന്ന ഒരേയൊരു കാര്യം ഭക്ഷണമാണ്. വയറു നിറഞ്ഞാൽപ്പിന്നെ മതിയെന്നുപറഞ്ഞ് മടക്കുന്നു. എന്നാൽ, ആകെ അരക്കിലോ കൊള്ളുന്ന വയറിലേക്ക് അഞ്ചുകിലോ ചെലുത്തുന്നവരും കുറവല്ല. പണ്ടൊരു വിദ്വാൻ ഭക്ഷണം നിറഞ്ഞ് തൊണ്ടവരെയെത്തിയപ്പോൾ തൊണ്ടയിൽകൈയിട്ട് ഛർദ്ദിച്ച് വീണ്ടും ഒരു കൂട്ടം പായസം കൂടി അകത്താക്കിയ കഥ മലയാളി കേട്ടതാണ്. 'ഭക്ഷണം ക്ഷണം' എന്നുപറഞ്ഞ് വാരിവലിച്ചുകഴിക്കുന്ന റപ്പായിമാരും ഓർക്കാത്തൊരു കാര്യം മറുപുറത്ത് ഒഴിഞ്ഞവയറുമായി ഉറങ്ങുന്നവരുടെ ദൈന്യമാണ്.
പരിസ്ഥിതിക്കും നാശം
ഭക്ഷണം കഴിക്കാതെ പോകുമ്പോൾ പാഴാകുന്നത് അതു മാത്രമല്ല, അതിനായി വേണ്ടിവുരുന്ന എല്ലാപ്രക്രിയകളും പാഴാകുന്നു. കൃഷിപ്പണികൾ, അതിനുപയോഗിക്കുന്ന വിഭവങ്ങൾ, ജലം, വിത്തുകൾ, ഊർജ്ജം, ഭൂമി, വെള്ളം, എന്നിവകൂടാതെ പണവും അധ്വാനവും എല്ലാം പാഴാകുന്നു. മാത്രമല്ല അത് പാഴാക്കുമ്പോൾ ഉണ്ടാക്കപ്പെടുന്ന ജൈവ മാലിന്യവും ഹരിതഗൃഹ വാതകങ്ങളും പരിസ്ഥിതിയെ ബാധിക്കുന്നു. ആഗോള ഹരിതഗൃഹ വാതക പുറത്തുവിടുന്നതിന്റെ 8-10 ശതമാനം വരെ ഉണ്ടാകുന്നത് ഉപയോഗിക്കാത്ത ഭക്ഷണമുണ്ടാക്കുന്ന ബയോഗ്യാസിൽ നിന്നാണെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP) കണക്കാക്കുന്നത്.
തടയണം പാഴാക്കൽ
പാഴാക്കാതിരികുക എന്നതാണ് നാം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. 2019-ൽ, 2019 നടത്തിയ ലോക ആരോഗ്യ സംഘടനയുടെ കണക്കെടുപ്പ് പ്രകാരം ലോകമൊട്ടാകെ വിളവെടുപ്പ് കഴിഞ്ഞാൽ ഉപയോഗം വരെ 14 ശതമാനംവരെ നഷ്ടപ്പെടുന്നതായി കണക്കാക്കുന്നു. ഏകദേശം 950 ദശലക്ഷം ടൺ ഭക്ഷണത്തിന് തുല്യമാണ് ഓരോ വർഷവും ലോകം പാഴാക്കുന്നത്.
ഭക്ഷണം പാഴാക്കൽ എങ്ങനെ ഒഴിവാക്കാം
- ഒന്നാമത്തെ കാര്യം ആവശ്യത്തിനുമാത്രം ഉണ്ടാക്കുക അനാവശ്യമായി ഉണ്ടാക്കാതിരിക്കുക എന്നതാണ്. കുടുംബത്തിന് ആയാലും ആഘോഷങ്ങൾക്കായാലും അതിഥികൾക്കായാലും അത്യാവശ്യവും വേണ്ടതുമായ ഭക്ഷണം മാത്രം ഉണ്ടാക്കുക. വീണ്ടും ഉണ്ടാക്കിയാലും വേണ്ടില്ല വെറുതെ ഉണ്ടാക്കി അഴുക്ക് ചാലിലേക്ക് തള്ളാൻ ഇടരുത്.
- ഭക്ഷണം സൂക്ഷിക്കുന്നതിലും നാം ശ്രദ്ധിക്കണം. കാരണം ശരിയായി സൂക്ഷിക്കാത്ത ഭക്ഷണം പാഴാക്കുന്നതിന് തുല്യം തന്നെയാണ് ധാന്യങ്ങൾ ആയാലും കിഴങ്ങുകളായാലും പച്ചക്കറികൾ ആയാലും കൃത്യമായ രീതിയിൽ സംരക്ഷിച്ച് ഉത്പാദനം എല്ലാ മനുഷ്യ ജീവികൾക്കും ജന്തുക്കൾക്കും ഉപയോഗപ്രദമായ രീതിയിൽ മാറ്റണം. തക്കാളിക്ക് വില കുറയുമ്പോൾ ഒരുമിച്ചു കൊണ്ടുപോയി പാതയോരങ്ങളിൽ തള്ളുന്ന നമ്മുടെ നാട്ടിൽ ഗോതമ്പ് ഉത്പാദനം കൂടിയാൽ അതിന് വില കുറയാതിരിക്കാൻ കടലിലെ മത്സ്യങ്ങൾക്ക് ഭക്ഷണമാക്കുന്ന നമ്മുടെ നാട്ടിൽ കൃത്യമായ സൂക്ഷിപ്പ് ഉപകരണങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിൽ ലക്ഷക്കണക്കിന് ഭക്ഷണം നശിക്കാതെ നാടിന് ഉപയോഗപ്രദമാക്കാം. ഭക്ഷണം ശരിയായി സൂക്ഷിക്കുക - നിങ്ങൾ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ തുടങ്ങിക്കഴിഞ്ഞാൽ, എല്ലാം ഉചിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, പാലുത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി പെട്ടെന്ന് കേടാകുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിന്റെ അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കുക. മത്സ്യ മാംസങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുക പച്ചക്കറികളും പഴവർഗ്ഗങ്ങളും അത്യാവശ്യത്തിനു വേണ്ടി മാത്രം വാങ്ങി സൂക്ഷിക്കുക. ഉണക്ക പഴവർഗ്ഗങ്ങൾ ഉചിതമായ രീതിയിൽ സംരക്ഷിക്കുക, ധാന്യങ്ങൾ പ്രാണികൾ കയറാത്ത രീതിയിൽ സൂക്ഷിക്കുക ഇതൊക്കെയാണ് നാം ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുമ്പോൾ കരുതേണ്ടത്.
- സ്വയം വിളമ്പൽ ശീലമാക്കുക വീട്ടിൽ ആയാലും വിരുന്നുകാർ ആയാലും പരിപാടികളിൽ ആയാലും സ്വയം വിളമ്പി എടുക്കാൻ ആളുകളെ അനുവദിക്കുക എന്നുള്ളതാണ് ഭക്ഷണം പാഴാക്കാതിരിക്കാൻ നാം ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആവശ്യമുള്ളത് മാത്രം ഭക്ഷിക്കാൻ എടുക്കുന്ന ഒരു ശീലം നമ്മുടെ ആളുകളെ പഠിപ്പിക്കേണ്ടതുണ്ട്. അനാവശ്യമായി പ്ലേറ്റിൽ എല്ലാ സാധനവും വാങ്ങി അവസാനം കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു കളയുന്ന ശീലം നമ്മളിൽ ഉണ്ടാക്കുന്നത് ഭക്ഷണം പാഴാക്കൽ മാത്രമല്ല അതിനുവേണ്ടി അലയുന്ന ആളുകളോടുള്ള അനാദരം കൂടിയാണ്.
- ഭാരതീയ സംസ്കാരത്തിൽ അന്നദാനം മഹാദാനം എന്ന് പറയുന്നുണ്ട്. നാം ഉപയോഗിക്കാത്ത ഭക്ഷണങ്ങൾ വേവിച്ചതായാലും അല്ലാത്തതായാലും അന്യർക്ക് ദാനം ചെയ്യുക എന്നുള്ളതാണ് പ്രധാന കാര്യം. ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്നവർ നമ്മുടെ ഇടയിൽ ഇഷ്ടം പോലെയുണ്ട്. അവരെ കണ്ടറിഞ്ഞ് ആവശ്യമുള്ളവർക്ക് നമ്മൾ ഉപയോഗിച്ചതിന് ശേഷമുള്ള ഭക്ഷണങ്ങൾ നൽകുക എന്നുള്ളത് പ്രധാന കാര്യമാണ്. ഭക്ഷണം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാതെ മറ്റുള്ളവർക്ക് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കാൻ നാം ശ്രദ്ധിക്കണം.
- ബാക്കി വന്ന ഭക്ഷണം അന്നുതന്നെ കളയാതെ ഫ്രീസറുകളിലും മറ്റും വെച്ച് ആരോഗ്യകരമായ സാഹചര്യങ്ങളിൽ പിറ്റേന്നത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സംരക്ഷിക്കുക, അത് ഉപയോഗിക്കുകയും ചെയ്യുക.
- എക്സ്പെയറി ഡേറ്റ് തൊട്ടു മുന്നേയുള്ള ഭക്ഷണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും അതിനുശേഷം വരുന്നത് ഉപയോഗിക്കാവുന്നതുമാണ് അതുകൊണ്ടുതന്നെ നാം പാക്കറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് പൊടുന്നനെ ഉപയോഗിക്കാനുള്ളതിന് തീയതി നോക്കിത്തന്നെ വാങ്ങണം. തീയതി തെറ്റിയ എത്രയോ പാക്കറ്റുകൾ മാലിന്യത്തിലേക്ക് വലിച്ചെറിയുന്നുണ്ട്. അത് കുറയ്ക്കുക എന്നത് നമ്മുടെ ഭക്ഷ്യവിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
- ഭക്ഷണങ്ങൾ ഉപയോഗം ഇല്ലാതായാൽ അത് ഉപയോഗിച്ച് പാചകവാതകം നിർമിക്കാം. ബയോ കമ്പോസ്റ്റ് പ്ലാന്റുകൾ ഉപയോഗിച്ച് നമ്മുടെ ഗാർഹിക ജൈവ മാലിന്യവും അതേപോലെത്തന്നെ ആഘോഷങ്ങളിലും പരിപാടികളിലും ബാക്കിവരുന്ന ഭക്ഷണങ്ങളും കേന്ദ്രീകൃത ജൈവ പാചകവാതക ഉത്പാദന കേന്ദ്രങ്ങളിൽ വെച്ച് ബയോഗ്യാസാക്കി മാറ്റാം.
എന്തുതന്നെയായാലും ഒന്നാമത്തെ കാര്യം ഭക്ഷണം വേസ്റ്റ് ആക്കരുത് എന്നതാണ്. നമ്മൾ വേസ്റ്റ് ആക്കുന്ന ഭക്ഷണം മറ്റൊരുത്തന് അമൃതായി മാറും. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ഇത്തരത്തിലാണ് പ്രാധാന്യമർഹിക്കുന്നത്. അതിൽ ഭക്ഷ്യക്ഷാമം കൊണ്ട് മകൻ മരിച്ചുപോയ ഒരു അച്ഛനോട് കല്യാണ പരിപാടിക്ക് ബാക്കി വന്ന ബിരിയാണി കുഴിച്ചുമൂടാൻ പറയുന്ന അവസ്ഥ ഏറ്റവും പരിതാപകരമാണ്. ആ അവസ്ഥയിൽ നിന്ന് നമുക്ക് മോചനം വേണം. ഭക്ഷണം അമൃതാണ് അന്നം പ്രാണനാണ്.
Content Highlights: Learn why food waste is a global crisis. Discover practical tips to reduce waste at home and in celebrations. Food is life, let`s not waste it. Save food, save lives.