പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കുന്നു; ആഹാരത്തില്‍ ഉള്‍പ്പെടുത്താം നാരുകളടങ്ങിയ ഭക്ഷണം

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

പോഷകങ്ങള്‍ക്കൊപ്പം നാരുകളടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മലബന്ധം തടയുന്നതിനും വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും നാരുകളടങ്ങിയ ഭക്ഷണം ഏറെ സഹായിക്കുന്നു. കൂടാതെ, പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കുന്നതിനും നാരുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഓട്ട് മീല്‍

ഓട്‌സ് കൊണ്ടുള്ള വിഭവങ്ങള്‍ പ്രഭാതഭക്ഷണമായി കഴിക്കാം. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥമാണ് ഓട്‌സ്. ഇതിനൊപ്പം ബെറികള്‍, ഉണങ്ങിയ പഴങ്ങള്‍, തേന്‍ എന്നിവയെല്ലാം ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രദമാകും.

സ്‌നാക്‌സ് ആയി പഴങ്ങള്‍

ഇടവേളകളില്‍ വിശക്കുമ്പോള്‍ വറുത്തതും പൊരിച്ചതുമായ സ്‌നാക്‌സ് കഴിക്കുന്നതിന് പകരം പഴങ്ങള്‍ കഴിക്കാം. ആപ്പിള്‍, മുന്തിരി, ബെറികള്‍ എന്നിവയെല്ലാം കഴിക്കാം. പഴങ്ങളിലെല്ലാം ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. 

വൈറ്റ് ബ്രെഡ് കഴിക്കാം

നൂറ് ശതമാനം ഗോതമ്പ് കൊണ്ടുള്ള വൈറ്റ് ബ്രെഡ് ആരോഗ്യപ്രദമാണെന്ന് മാത്രമല്ല, അതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് മൂലം വളരെ വേഗത്തില്‍ വയര്‍ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കും.

ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും

ധാന്യങ്ങളിലും പയറുവര്‍ഗങ്ങളിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനൊപ്പവും ഇവ ഉള്‍പ്പെടുത്താം.

ജ്യൂസ് ഒഴിവാക്കി പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ ജ്യൂസ് രൂപത്തില്‍ തയ്യാറാക്കി കഴിക്കുന്നതിന് പകരം അങ്ങനെ തന്നെ കഴിക്കാം. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരിന്റെ അളവ് അവയുടെ ജ്യൂസില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും.
 

Content Highlights: fiber rich food, healthy diet, healthy food, food