പോർക്ക്, ആട്, കോഴി എന്നുവേണ്ട ഒട്ടകപ്പക്ഷിയും മുതലയും വരെയുണ്ട്; ആഫ്രിക്കൻരുചി വിശേഷം

നെയ്‌റോബിയിലെ കാർണിവോർ ഹോട്ടലിൽ നിന്ന്
നെയ്‌റോബിയിലെ കാർണിവോർ ഹോട്ടലിൽ നിന്ന്

നെയ്‌റോബി: കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ കാർണിവോർ ഹോട്ടൽ മാംസാഹാരപ്രിയർക്ക് പറുദീസയാണ്. ആഫ്രിക്കൻരുചിയിൽ പാകംചെയ്തെടുത്ത പലതരം ഇറച്ചികൾ കൊതിതീരും വരെ കഴിക്കാം. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി ഒട്ടേറെ യാത്രികരാണ് ഇവിടേക്ക് എത്തുന്നത്.

‘ജാംബോ’ -സ്വാഗതവചനമോതി സ്വീകരിക്കാൻ പുറത്ത് കോട്ടും സ്യൂട്ടുമിട്ടൊരാൾ കാത്തുനിൽക്കുന്നുണ്ടാകും. ചെടികളും നീരൊഴുക്കും തീർത്ത അന്തരീക്ഷത്തിലൂടെ മെല്ലെ അകത്തേക്കുപോകാം. കേറിച്ചെല്ലുന്നിടത്ത് കൂറ്റൻ കനലടുപ്പ്. മുകളിൽ വലിയകമ്പികളിൽ കുത്തിനിർത്തിയ മാംസങ്ങൾ വെന്തുരുകുന്നുണ്ടാകും. നെയ്യ് ഉറ്റുവീഴുന്നതുകാണാം. അതിഥിക്ക് കൈയുംമുഖവും കഴുകി തുടച്ച് ഫ്രഷ് ആവാൻ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത വെള്ള ടവ്വൽ തരും.

ബുഫേയ്ക്ക് 2500 രൂപ കെട്ടണം. സലാഡുകളുടെ ഒരു റൗണ്ടാണ് ആദ്യം. അത് മേശപ്പുറത്ത് വെക്കുമ്പോൾ, മുകളിൽ കാർണിവോർ എന്നെഴുതിയ കൊച്ചുകൊടിയുണ്ടാകും. ഇലകളും സലാഡുകളും വെളുത്തുള്ളിപേസ്റ്റുകളുമെല്ലാം വട്ടത്തിൽ നിരത്തും. തുടർന്ന് സൂപ്പ്. പിന്നെ ഹോട്ട് പ്ളേറ്റ്; അക്ഷരാർഥത്തിൽ ചൂടുപാത്രം. നമ്മുടെ ദോശക്കല്ല് പോലെ, തൊട്ടാൽ പൊള്ളും. അത് ആറുമ്പോഴേക്കും ഉറയിൽനിന്ന് ഊരിയെടുത്ത വാളുപോലൊരണ്ണത്തിൽ കുത്തിനിർത്തി ചുട്ടെടുത്ത ബീഫെത്തും.

കോഴിക്കോടൻ ഹലുവ അരിയുംപോലെ വിളമ്പലുകാരൻ അത് പാത്രത്തിലേക്ക് അരിഞ്ഞിടും. പിന്നെ ഒന്നിനുപിറകെ ഒന്നായി പോർക്ക്, ആട്, കോഴി, വിവിധ സോസേജുകൾ, ഒട്ടകപ്പക്ഷി, മുതല.... നേരത്തേ വന്യജീവികളുടെ ചുട്ട ഇറച്ചിയും വിളമ്പുമായിരുന്നു. 2004മുതൽ സർക്കാർ അത് നിരോധിച്ചു. ശേഷം, ഒട്ടകപ്പക്ഷിയും മുതലയും ബ്രോയിലർകോഴിപോലെ വളർത്തിയെടുത്താണ് ഇറച്ചിയാക്കുന്നത്. ആവശ്യത്തിന് കഴിക്കാം. 

‘ഞങ്ങൾക്ക് മെനുവില്ല കഴിക്കൂ, കഴിക്കൂ, കീഴടങ്ങുംവരെ കഴിക്കൂ’ എന്നാണ് മുദ്രാവാക്യം. വിളമ്പുന്നവരുടെ വസ്ത്രത്തിലും ഇരിപ്പിടത്തിലും ഒരു ആഫ്രിക്കൻ വന്യഭംഗിയുണ്ട്. എല്ലാം കഴിച്ച് മതിയാവുമ്പോൾ കൊടി താഴ്ത്തിവെക്കാം. ‘ഇനി വിളമ്പണ്ട’ എന്നതിന്റെ അടയാളമാണത്. ശേഷം, കിട്ടുന്ന പുഡ്ഡിങ്ങും ഗംഭീരം. ടാമറിന്റ് ഗ്രൂപ്പിന്റെ ഈ ഹോട്ടൽ നെയ്‌റോബി ലങ്കാട്ട റോഡിൽ വിൻസൺ വിമാനത്താവളത്തിനടുത്താണ്.

Content Highlights: carnivore hotel nairobi, african cuisine