നീലയരി കണ്ടിട്ട് വിശപ്പ് പോയെന്ന് കമന്റ് ; നെയ്ച്ചോറിന്റെ പാചകവീഡിയോ കണ്ടത് 16 മില്യണ്‍ ആളുകള്‍

photo|instagram.com/thecookingamma/
photo|instagram.com/thecookingamma/

വ്യത്യസ്തമായ  പാചകവീഡിയോകള്‍ക്ക് ആരാധകരേറെയുണ്ട്. പരമ്പരാഗത വിഭവങ്ങള്‍ തന്നെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെ ആളുകളുടെ  ശ്രദ്ധ പിടിച്ചുപറ്റുവാന്‍ എളുപ്പത്തില്‍ കഴിയും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

നെയ്ച്ചോറ് എന്നു കേള്‍ക്കുമ്പോഴേ മനസില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തീര്‍ത്തും വിഭിന്നമായൊരു നെയ്ച്ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ശംഖുപുഷ്പങ്ങള്‍ ചേര്‍ത്താണ് ഈ നീലനിറത്തിലുള്ള, വ്യത്യസ്തമായ നെയ്ച്ചോറ് തയ്യാറാക്കുന്നത്. 

പ്രതിമ പ്രധാന്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീലനിറത്തിലുള്ള നെയ്ച്ചോറിനെക്കുറിച്ച് ആരും ചിന്തിച്ചുകാണില്ല. അതുകൊണ്ടുതന്നെയാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതും. ഇതിനകം 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. 

വീഡിയോ  തുടങ്ങുമ്പോള്‍ ശംഖുപുഷ്പങ്ങള്‍ ഇതളുകള്‍ വേര്‍പെടുത്തി ഒരു പാത്രത്തിലിട്ട് തിളപ്പിക്കുന്നതാണ് കാണുന്നത്. ശേഷം കുതിര്‍ത്തുവെച്ച അരി ഈ വെള്ളത്തില്‍ പാചകം ചെയ്യുന്നു. ഇതിലേയ്ക്ക് നെയ്യും മസാലയും കറുവയില, കിസ്മിസ് എന്നിവയുമെല്ലാം ചേര്‍ത്തുകൊടുക്കുന്നത് കാണാം. 

സാലഡിനൊപ്പം നെയ്ച്ചോറ് വിളമ്പുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ വിഭവം ഒരുതരത്തിലും നെയ്ച്ചോറായി തോന്നുന്നില്ലെന്നതാണ് സത്യം. ദൈവമേ ഞാന്‍ ഇതൊരിക്കലും കഴിക്കില്ല, ഇത് ഇഷ്ടപ്പെട്ടില്ല, അരിയുടെ നീലനിറം കണ്ടപ്പോള്‍തന്നെ വിശപ്പ് പോയി തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

ഈ ചോറ് കഴിക്കാന്‍ തോന്നുന്നില്ല, പക്ഷെ ഈ പൂവ് ഇഷ്ടമാണ്, നാരങ്ങ കൂടി ചേര്‍ത്തുനോക്കൂ പര്‍പ്പിള്‍ നിറം ലഭിക്കും, മലേഷ്യയില്‍ നീലയരിയുണ്ടാക്കാൻ ഈ പൂവ് ഉപയോഗിക്കാറുണ്ട് നസി കെരാബു എന്നതാണ് ആ വിഭവത്തിന്റെ പേര് എന്നിങ്ങനെയുളള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.

Content Highlights: This blue-coloured ghee rice leaves social media divided.