തലമുടി വളരാനും തിളക്കമുള്ള ചര്‍മത്തിനും സൂര്യകാന്തി വിത്ത് കഴിക്കാം ; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

photo|instagram.com/st_marks_
photo|instagram.com/st_marks_

നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്നാണ് സൂര്യകാന്തി വിത്തുകള്‍. പലര്‍ക്കും ഇത് കഴിച്ച് ശീലമില്ലെങ്കില്‍ കൂടി ഇനി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. കാരണം ധാരാളം പോഷകമൂല്യമുള്ള ഒന്നാണിത്. ഇതില്‍ കാണപ്പെടുന്ന മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യം സംരംക്ഷിക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്തുണ്ട്. ഇതിന്റെ മറ്റു ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

തലമുടി കൊഴിയുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിനും ഇതിന് വലിയ പങ്കുണ്ട്. സൂര്യകാന്തി വിത്ത്  വൈറ്റമിന്‍ ഇ യുടെ കലവറയാണ്. ഇത് മുഖകാന്തി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. തിളക്കമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരും ഡയറ്റില്‍ സൂര്യകാന്തി വിത്തുകളുള്‍പ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും സ്വാധീനം ചെലുത്തും.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക് വളരെയധികം സഹായിക്കും. വിറ്റാമിന്‍ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് സൂര്യകാന്തി വിത്തുകള്‍ക്ക് പ്രതിരോധശേഷി കൂട്ടാന്‍ കഴിവ് നല്‍കുന്നത്. വിറ്റാമിന്‍ ഇ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നിരവധി പകര്‍ച്ചവ്യാധികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്.

കൊളസ്ട്രോള്‍ കുറയ്ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിനും പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കാനും ഇവ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി1, ബി 3, ബി 5, ബി 6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇരുമ്പിന്റെ കലവറയായിതിനാല്‍ ഇത് കഴിക്കുന്നത് വിളര്‍ച്ചയെ ചെറുക്കാന്‍ സഹായിക്കും.

സൂര്യകാന്തി വിത്തുകളിലെ നാരുകള്‍ രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നിയാസിന്‍ മൊത്തം കൊളസ്‌ട്രോള്‍ നിലയെ നിയന്ത്രിക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യതയും ഇത് കഴിക്കുന്നത് വഴി  കുറയ്ക്കാന്‍ സാധിക്കും.സൂര്യകാന്തി വിത്തുകള്‍ സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേര്‍ത്ത് കഴിക്കാന്‍ വളരെ നല്ലതാണ്.


 

Content Highlights: Benefits of Sunflower Seeds,Sunflower Seeds,hair growth,glowing skin,food