വാഴപ്പഴം വെറുംവയറ്റില്‍ കഴിക്കുന്നവരാണോ?; അറിയേണ്ട കാര്യങ്ങള്‍

പെട്ടെന്ന് ലഭ്യമാകുന്ന പഴങ്ങളില്‍ പോഷകസമൃദ്ധവും കൊണ്ടുനടക്കാന്‍ എളുപ്പമുള്ളതും വില കുറഞ്ഞതുമായ പഴമാണ് വാഴപ്പഴം. ശരീരത്തിന് സ്വാഭാവികമായി ഉന്മേഷം പകരാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇതിലുണ്ട്. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണത്തിന് ഏത്തപ്പഴം നല്ലതാണ്. എന്നാല്‍ മിക്ക ഭക്ഷണങ്ങളെയും പോലെ, സമയക്രമം വളരെ പ്രധാനമാണ്.
വെറുംവയറ്റില്‍ ഒരു പഴം കഴിക്കുന്നത് വിശപ്പ് മാറ്റുക മാത്രമല്ല ചെയ്യുന്നത്, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നല്ല തുടക്കം നല്‍കാനും അത് സഹായിക്കുന്നു.
പഴത്തിന്റെ പോഷക ഗുണങ്ങള്‍
ദൈനംദിന ഊര്‍ജത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ആവശ്യമായ നിരവധി പോഷകങ്ങള്‍ വാഴപ്പഴം നല്‍കുന്നുണ്ട്. അതു കാരണമാണ് വാഴപ്പഴത്തെ പ്രഭാതഭക്ഷണമായോ വ്യായാമത്തിന് മുമ്പുള്ള ലഘുഭക്ഷണമായോ ആളുകള്‍ തിരഞ്ഞെടുക്കുന്നത്. വാഴപ്പഴം വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.
പെട്ടെന്ന് ഊര്‍ജം നല്‍കുന്നു
പഴത്തിന്റെ നിരവധി ഗുണങ്ങള്‍ കാരണം അത് ഭക്ഷണക്രമത്തിന്റെ സ്ഥിരം ഭാഗമാക്കാവുന്ന പഴമാണെന്നാണ് യുകെയിലെ ന്യൂട്രീഷ്യനിസ്റ്റും മാക്രോബയോട്ടിക് ഹെല്‍ത്ത് കോച്ചുമായ ഡോ. ശില്‍പ അറോറ അഭിപ്രായപ്പെടുന്നത്.
'പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. അതിനാല്‍ ശരീരത്തിലെ വിവിധ പോഷകങ്ങളുടെ ആവശ്യം ഇത് നിറവേറ്റുന്നു. ഇത് നിങ്ങളുടെ സ്റ്റാമിന വര്‍ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു', അവര്‍ പറയുന്നു.
വാഴപ്പഴത്തില്‍ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ് എന്നിങ്ങനെ മൂന്ന് തരം സ്വാഭാവിക പഞ്ചസാരകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരവും നീണ്ടുനില്‍ക്കുന്നതുമായ ഊര്‍ജം നല്‍കുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു പഴം കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സംസ്‌കരിച്ച പ്രഭാതഭക്ഷണങ്ങള്‍ കഴിച്ചാലുള്ള ക്ഷീണം ഒഴിവാക്കി നിങ്ങളെ ഉന്മേഷത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. രാവിലെയുണ്ടാകുന്ന വിശപ്പ് കുറയ്ക്കുകയും പേശികളുടെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കുടലിന്റെ ആരോഗ്യം
ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും രാവിലെ കഴിക്കേണ്ട പഴമായി പഴത്തിനെ ശുപാര്‍ശ ചെയ്യുന്നതിന് ഒരു കാരണമുണ്ട്. ഇതില്‍ ലയിക്കുന്ന നാരുകള്‍, പ്രത്യേകിച്ച് പെക്റ്റിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് സുഗമമായ ദഹനത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. അസിഡിറ്റി ശമിപ്പിക്കാനും വയറുവേദന ലഘൂകരിക്കാനും സഹായിക്കുന്നു. മാത്രമല്ല, കുടലിന് ഗുണകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നു.
പഴം ഒരു സ്വാഭാവിക പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നുവെന്നും, കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മൈക്രോബയോമിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും 2020-ലെ ഒരു ഗവേഷണ പ്രബന്ധത്തില്‍ പറയുന്നുണ്ട്. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു
സ്വാഭാവികമായി മധുരമുള്ളതാണെങ്കിലും, പഴത്തിന് ഏകദേശം 48 എന്ന മിതമായ ഗ്ലൈസെമിക് ഇന്‍ഡെക്സ് ആണുള്ളത്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നുള്ള വര്‍ധനവ് ഉണ്ടാക്കുന്നതിന് പകരം അത് സ്ഥിരപ്പെടുത്താന്‍ വാഴപ്പഴം കഴിക്കുന്നത് സഹായിക്കും.
ഒരുപിടി നട്‌സിനോ വിത്തുകള്‍ക്കോ ഒപ്പം പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ സന്തുലിതമാക്കാന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദ ഹെല്‍ത്ത് കോച്ചായ ഡിംപിള്‍ ജംഗ്ദ അഭിപ്രായപ്പെടുന്നത്. ഇതിലെ നാരുകളുടെ അംശം പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു, ഇത് സ്വാഭാവിക പഞ്ചസാരയെ കൊഴുപ്പായി സംഭരിക്കുന്നതിന് പകരം ഊര്‍ജമായി ഉപയോഗിക്കാന്‍ ശരീരത്തെ അനുവദിക്കുന്നു.
ഒരു സ്പൂണ്‍ പീനട്ട് ബട്ടറിനൊപ്പമോ ഒരു പിടി കുതിര്‍ത്ത ബദാം അല്ലെങ്കില്‍ വാള്‍നട്ട്, ഒരു ചെറിയ അളവ് ഗ്രീക്ക് യോഗര്‍ട്ട് എന്നിവയോടൊപ്പമോ പഴം കഴിക്കാവുന്നതാണ്.
ക്രേവിങ്‌സ് തടയുന്നു
ഒരു പഴത്തില്‍ ഏകദേശം 4 ഗ്രാം ഫൈബറും 98 കലോറിയും അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വയറുനിറഞ്ഞതായി തോന്നാനും രാവിലെയുണ്ടാകുന്ന വിശപ്പ് തടയാനും വാഴപ്പഴം സഹായിക്കുന്നു. നിങ്ങള്‍ ശരീരഭാരം നിയന്ത്രിക്കുകയോ പഞ്ചസാര കുറയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരാണെങ്കില്‍ രാവിലെ ഒരു പഴം കഴിക്കുന്നത് സ്വാഭാവികമായി വിശപ്പ് നിയന്ത്രിച്ച് ലക്ഷ്യത്തില്‍ തുടരാന്‍ സഹായിക്കും.
ഹൃദയാരോഗ്യവും ബ്ലോട്ടിങ്ങും
ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ധാതുക്കളായ പൊട്ടാസ്യവും മഗ്നീഷ്യവും പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 2023-ലെ ഗവേഷണമനുസരിച്ച്, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദം കുറയ്ക്കാനും ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയാനും സഹായിക്കും.
രക്തസമ്മര്‍ദം സന്തുലിതമായി നിലനിര്‍ത്താനും ഭക്ഷണത്തിന് ശേഷമുള്ള വയറുവേദന കുറയ്ക്കാനും കാലക്രമേണ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സ്ഥിരമായി വാഴപ്പഴം കഴിക്കുന്നത് സഹായിക്കും.
എല്ലാവര്‍ക്കും വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കാമോ?
എല്ലാവര്‍ക്കും വെറുംവയറ്റില്‍ പഴം കഴിക്കാന്‍ സാധ്യമല്ല. ബെംഗളൂരു ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ധ ഡോ. അഞ്ജു സൂദ് വിശദീകരിക്കുന്നതുപോലെ, 'പഴത്തിന് അസിഡിക് സ്വഭാവമുണ്ട്, കൂടാതെ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.'
അസിഡിറ്റി, ഐബിഎസ്, അല്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള വ്യക്തികളില്‍, വെറുംവയറ്റില്‍ പഴം കഴിക്കുന്നത് ചിലപ്പോള്‍ ചെറിയ വയറുവേദനയ്‌ക്കോ അസ്വസ്ഥതയ്‌ക്കോ കാരണമാകും. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു, 'ശരീരത്തിലെ അസിഡിക് അംശം കുറയ്ക്കുന്നതിന് കുതിര്‍ത്ത ഉണങ്ങിയ പഴങ്ങള്‍, ആപ്പിള്‍, മറ്റ് പഴങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇത് കഴിക്കണം.'
നിങ്ങള്‍ക്ക് ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍, ആല്‍ക്കലൈന്‍ ഭക്ഷണങ്ങളോടൊപ്പം പഴം കഴിക്കുകയോ ലഘുഭക്ഷണത്തിന് ശേഷം കഴിക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും. മിക്ക ആളുകള്‍ക്കും പഴം പൊതുവെ സുരക്ഷിതമാണെങ്കിലും, മിതത്വം പ്രധാനമാണ്.
അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
പഴം അമിതമായി കഴിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഹൃദയതാളത്തെ ബാധിച്ചേക്കാം. പ്രമേഹമുള്ളവര്‍ കഴിക്കുന്ന അളവ് ശ്രദ്ധിക്കണം, കാരണം പഴുത്ത പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് താത്ക്കാലികമായ വയറുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.
രാത്രി വൈകി കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയോ ദഹനം മന്ദഗതിയിലാക്കുകയോ ചെയ്യാം. വെറുംവയറ്റില്‍ പഴം കഴിച്ചതിന് ശേഷം ദഹനപ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു പോഷകാഹാര വിദഗ്ധനെ സമീപിക്കുക.
എപ്പോള്‍ കഴിക്കണം
വാഴപ്പഴം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. അപ്പോള്‍ നിങ്ങളുടെ മെറ്റബോളിസം സജീവമായിരിക്കുകയും സ്വാഭാവിക പഞ്ചസാരയെ കാര്യക്ഷമമായി എരിച്ചുകളയുകയും ചെയ്യും. വാഴപ്പഴം അമിതമായി കഴിക്കുന്നതും രാത്രി വൈകി കഴിക്കുന്നതും ഒഴിവാക്കുക. ദിവസവും ഒരു പഴം എന്നത് അത്ര ആകര്‍ഷകമായ കാര്യമല്ലെങ്കിലും നിങ്ങളുടെ പ്രഭാതം ശരിയായി ആരംഭിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങളിലൊന്നാണത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover the benefits of eating bananas on an empty stomach for energy, digestion, blood sugar, and weight management. Learn when and how to consume them for optimal health.