ചായയ്‌ക്കൊപ്പം കൊതിയൂറുന്ന പലഹാരം; വൈറലായി ശ്രിന്ദയുടെ പാചകവീഡിയോ

നേന്ത്രപ്പഴം എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമുള്ള ഒന്നാണ്. നേന്ത്രപ്പഴം കൊണ്ടുള്ള പലഹാരങ്ങളും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. പഴംപൊരിയും പഴം നുറുക്കുമെല്ലാം ഇതിലുള്‍പ്പെടും. ഇത്തരത്തില്‍ നേന്ത്രപ്പഴം കൊണ്ടുള്ള വിഭവമുണ്ടാക്കുന്ന വീഡിയോയാണ് നടി ശ്രിന്ദ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചായയ്‌ക്കൊപ്പം കഴിക്കാന്‍ പഴം വറുക്കുകയാണ് ശ്രിന്ദ. വീഡിയോയുടെ തുടക്കത്തില്‍ നേന്ത്രപ്പഴം നേര്‍മ്മയായി മുറിച്ചെടുക്കുന്നത് കാണാം. ശേഷം പാന്‍ ചൂടാക്കി ഇതിലേയ്ക്ക് നെയ്യ് ഒഴിച്ചുകൊടുക്കുന്നു. പാനില്‍ ചൂടായ നെയ്യിലേയ്ക്ക് നേന്ത്രപ്പഴം മുറിച്ചത് നിരത്തിവെയ്ക്കുന്നു.
രണ്ടുവശവും നന്നായി മൊരിഞ്ഞുവരുത്തത് വരെ പഴം വറുത്തെടുക്കുന്നു. ശേഷം ചൂടുള്ള ചായയോടൊപ്പം ഈ പഴം വറുത്തത് കഴിക്കുന്നതും വീഡിയോയില്‍ കാണാം. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു നാലുമണിനേരമാണ് വീഡിയോ കാണുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. പാചകം കണ്ടാല്‍ വായില്‍ കപ്പലോടുന്നുവെന്നാണ് ആളുകളുടെ പ്രതികരണം.
വിഭവത്തിനെക്കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ആരായുന്നുണ്ട്. പഞ്ചസാര ചേര്‍ക്കുന്നില്ലേ, കുറച്ചുകൂടി മൊരിച്ചെടുക്കണം, അതിരാവിലെത്തെ പലഹാരം എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നിരിക്കുന്നത്. ശ്രിന്ദയുടെ പാചകത്തെ അഭിനന്ദിച്ചുകൊണ്ടാണ് അധികവും കമന്റ് വന്നിരിക്കുന്നത്.
Content Highlights: actress srinda , banana fry, snacks,cooking,food