സവാളയ്‌ക്കൊപ്പം കാപ്‌സിക്കവും കാരറ്റും; കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ ഓംലറ്റ് പരിചയപ്പെടുത്തി ജെനീലിയ

ബോളിവുഡിനും തെന്നിന്ത്യയ്ക്കും ഏറെ പരിചിതമായ മുഖമാണ് ജെനീലിയ ഡിസൂസയുടേത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം അവര്‍ സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അവര്‍ നിരന്തരം സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.
വീഗന്‍ ഡയറ്റ് കൃത്യമായി പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ജനീലിയും ഭര്‍ത്താവ് റിതേഷ് ദേശ്മുഖും. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇത്തരം ആഹാരക്രമങ്ങള്‍ അവര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കാറുണ്ട്. ഇപ്പോഴിതാ കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഓംലറ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ് ജെനീലിയ. തന്റെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഈ ഓംലറ്റ് എന്ന് ജെനീലിയ പറയുന്നു. പച്ചക്കറികള്‍ കൊണ്ട് ഓംലറ്റ് തയ്യാറാക്കാന്‍ കഴിയില്ലെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ...എന്നാല്‍, വിജയിക്കുന്നത് വരെ അതിനായുള്ള ശ്രമം തുടരൂ എന്നാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച സ്റ്റോറിയില്‍ ജെനീലിയ പറഞ്ഞത്.
കാപ്‌സിക്കം, സവാള, കാരറ്റ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ സ്‌പെഷ്യല്‍ ഓംലറ്റ് ജെനീലിയ തയ്യാറാക്കിയിരിക്കുന്നത്. കാണുമ്പോള്‍ ഇത് സാധാരണ ഓംലറ്റ് പോലെ തോന്നുമെങ്കിലും ഇത് പൂര്‍ണമായും വീഗന്‍ ഓംലറ്റാണ്.
ശേഷം തന്റെ മകന്‍ റാഹൈല്‍ ഓംലറ്റ് സാന്‍ഡ്‌വിച്ച് കഴിക്കുന്നതിന്റെ വീഡിയോയും സ്‌റ്റോറിയായി ജെനീലിയ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: vegan omelette, healthy food, Genelia D'Souza instagram post, food