ഏറെ ആരോഗ്യപ്രദം; ചുവന്ന മുളകിന് പകരം പച്ചമുളക് കഴിക്കാനുള്ള കാരണം പങ്കുവെച്ച് നടി

ഫിറ്റ്‌നസിന്റെ കാര്യത്തിലും ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടിയാണ് ഭാഗ്യശ്രീ. മിക്കപ്പോഴും ഹെല്‍ത്ത് ടിപ്‌സുമായി സോഷ്യല്‍ മീഡിയയില്‍ അവര്‍ വരാറുണ്ട്. തനിക്കുള്ള അറിവുകള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ അവര്‍ മടികാണിക്കാറില്ല.
വിവിധതരം മുളകുകള്‍ ഇന്ന് ലഭ്യമാണെങ്കിലും ആരോഗ്യഗുണത്തില്‍ ഒരുപടി മുന്നിലാണ് പച്ചമുളക്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റീ ബാക്ടീരിയല്‍ ഘടകങ്ങള്‍ എന്നിവയെല്ലാം പച്ചമുളകില്‍ അടങ്ങിയിരിക്കുന്നു.
കറികളിലും വിഭവങ്ങളിലും എരിവ് നല്‍കുന്നതിന് സാധാരണ ചേര്‍ക്കുന്നത് വറ്റല്‍ മുളക് ഉണക്കിപ്പൊടിച്ചതാണ്. എന്നാല്‍, ഇതിന് പകരം താന്‍ എപ്പോഴും പച്ചമുളകാണ് തിരഞ്ഞെടുക്കാറ് എന്ന് അവര്‍ പറയുന്നു. അതിനുള്ള കാരണങ്ങളും അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പച്ചമുളകില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ചമുളകിലെ ബീറ്റാകരോട്ടിന്‍ എന്ന ഘടകം കണ്ണുകള്‍ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
പച്ചമുളകിലെ കാപ്‌സെയ്‌സിന്‍, ഡൈഹൈഡ്രോകാപ്‌സെയ്‌സിന്‍ എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ഹൃദയത്തിലെ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ കെ രക്തക്കട്ടകള്‍ രൂപപ്പെടുന്നത് തടയുന്നു. അര്‍ബുദ സാധ്യത കുറയ്ക്കുന്നു.
വറ്റല്‍മുളകില്‍ ഇതിന് സമാനമായ ഗുണങ്ങളുണ്ടെങ്കിലും കടയില്‍ നിന്ന് വാങ്ങുന്ന മുളക്‌പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടാകും. കൂടാതെ, ചുവന്ന മുളക് കഴിക്കുന്നത് വയറ്റില്‍ ഗ്യാസ്ട്രിക്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും-ഭാഗ്യശ്രീ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: health benefit of green chillies, red chillies, actress bagyasree on green chilles, food