മൂടി മാറ്റിയപ്പോൾ എന്താ ഒരു മണം.. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചോള പൊടി ഉപ്പുമാവിന്റെ രുചിയോർമ്മ

സ്കൂളിന്റെ കിഴക്കു ഭാഗത്തുള്ള കെട്ടിടത്തിന്റെ വലത്തേ അറ്റത്തായിരുന്നു ഹെഡ് മാസ്റ്ററുടെ മുറി. ഇടത്തേ അറ്റത്ത് സ്റ്റാഫ് റൂം. സ്റ്റാഫ് റൂമിനും അപ്പുറം കളിക്കളത്തോട് ചേർന്നുള്ള ഓട് മേഞ്ഞ ഒരു ചെറു ഷെഡ് ആയിരുന്നു അടുക്കള. മധ്യ ഭാഗത്തുള്ള പ്രധാന കെട്ടിടത്തോട് ചേർന്നുള്ള ഓല ഷെഡിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ്.
ക്ലാസിൽ ഇരുന്നാൽ അടുക്കള കാണാം. അമ്മിണി ചേച്ചി മെയ്സ് പൊടി ഒരു അലുമിനിയം ചരുവത്തിലേക്ക് കോരിയിടുന്നതും, ചുവന്നുള്ളി തോലു കളഞ്ഞ് നുറുക്കുന്നതും ഒക്കെ വ്യക്തമായി കാണാം. അക്കാലത്ത് അധ്യാപകർ ഓതി തന്നിരുന്ന പാഠങ്ങളേക്കാൾ ശ്രദ്ധ അടുക്കളയിലെ അനക്കങ്ങളിലായിരുന്നു എന്നോർക്കുന്നു.
ഉച്ചയാകുന്നതോടെ അമ്മിണി ചേച്ചിയുടെ പാചക മികവ് വെളിവാക്കി കൊണ്ട് ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മണം അന്തരീക്ഷത്തിൽ നിറയും. മെയ്സ് പൊടി എന്നു വിളിച്ചിരുന്ന മഞ്ഞ ചോള പൊടിയും വനസ്പതിയും (ഡാൽഡയും) കൊണ്ടാണ് ഉപ്പുമാവ് ഉണ്ടാക്കുക. വിശപ്പിനൊപ്പം, ഈ വിഭവം (ചോള പൊടി ഉപ്പുമാവ്) വീട്ടിൽ കിട്ടാറില്ല എന്നതും കൊതി പെരുപ്പിക്കും.
Cooperative for Assistance and Relief Everywhere (CARE) പദ്ധതിക്ക് കീഴിൽ ലോകമെങ്ങുമുള്ള ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള സഹകരണസംഘം വഴിയാണ് ധന്യപ്പൊടികളും എണ്ണയും മറ്റും അക്കാലത്ത് നാട്ടിലെ സ്‌കൂളുകളിലേക്ക് എത്തിച്ചിരുന്നതത്രേ. CARE എന്നു രേഖപ്പെടുത്തിയ പായ്ക്കുകളിലാണ് ധാന്യവും എണ്ണയും ഒക്കെ എത്തിയിരുന്നത് എന്നാണോർമ്മ.
ബെല്ലടിക്കുന്നതിനായി കൊട്ടുവടിയുമായി സ്റ്റാഫ് റൂമിനു മുന്നിൽ തൂക്കിയിട്ടുള്ള ചെങ്ങില ലക്ഷ്യമാക്കി ഗോപൻ ചേട്ടൻ നടന്നു തുടങ്ങുമ്പോൾ തന്നെ, ഒറ്റ ഓട്ടത്തിന് ഗ്രൗണ്ടിലെത്തി, ഒഴിഞ്ഞു കിടക്കുന്ന വടക്കേ പറമ്പിൽ നിന്നും വട്ടയിലയോ, തേക്കിലയോ, കൂവയിലയോ, ഊരാളി ചെമ്പിലയോ പറിച്ച് അതിൽ ഉപ്പുമാവ് വാങ്ങി തിന്നാൻ ഞങ്ങൾ തയ്യാറായിട്ടുണ്ടാകും.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള എൽ പി സ്കൂൾ ഓർമ്മ, ചോള പൊടി ഉപ്പുമാവിന്റെ രുചിയോർമ്മ ഇന്നൊന്നു പുതുക്കിയത് ഇങ്ങനെയാണ്.
ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ചോള പൊടി ഉപ്പു ചേർത്ത് പുട്ടു പൊടി നനയ്ക്കുന്നത് പോലെ നനച്ചു വച്ചു. കട്ടിയുള്ള ചീന ചട്ടിയിൽ ഡാൽഡ മൂപ്പിച്ച് കടുക് പൊട്ടിച്ചതിൽ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ച മുളകും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ചതിലേക്ക് നനച്ച ചോള പൊടി ഇട്ട് ഇളക്കി യോജിപ്പിച്ച് ചെറു തീയിൽ അടച്ച് വേവിച്ചു.
മൂടി മാറ്റിയപ്പോൾ എന്താ ഒരു മണം. ഇടവപ്പാതി മഴ തൊടിയിലെ ഊരാളി ചേമ്പിൽ വിരിയിച്ച പുത്തൻ ഇലകളിലൊന്നിൽ ആ മഞ്ഞ ഉപ്പുമാവ് വിളമ്പുക കൂടി ചെയ്തപ്പോൾ- വള്ളി നിക്കറിട്ട ആ കുട്ടിക്കാലം തിരികെ കിട്ടിയത് പോലെ തോന്നുന്നു...
Content Highlights: Relive childhood memories of a simple corn flour upma at a rural school