ലഞ്ച് ബോക്സ് കളറാക്കാൻ സോസേജ് പുലാവും എഗ്ഗ് സ്ട്രിപ്സ് മസാലയും

കളർഫുള്ളും രുചികരവുമായ ലഞ്ച് ബോക്സ് റെസിപ്പികൾക്ക് എപ്പോഴും ആരാധകരേറെയുണ്ട്. അത്തരത്തിൽ വായിൽ കപ്പലോടിക്കുന്ന രുചിയിൽ തയ്യാറാക്കാവുന്ന സോസേജ് പുലാവും എഗ്ഗ് സ്ട്രിപ്സ് മസാലയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സോസേജ് പുലാവ്
ചേരുവകൾ
- സോസേജ് - 250 ഗ്രാം
- ബസ്മതി അരി - 2 ഗ്ലാസ്
- സവാള - 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- തക്കാളി - 1 വലുത്
- കാപ്സിക്കം - ഒന്നിൻ്റെ പകുതി
- മുളക്പൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- ചിക്കൻ ക്യൂബ് - 1 (ആവശ്യമെങ്കിൽ മാത്രം)
- ഏലക്ക - 5 എണ്ണം
- ഗ്രാമ്പു - 5-6 എണ്ണം
- കറുകപ്പട്ട - 1 കഷ്ണം
- തക്കോലം - 1
- കറുകയില (Bay Leaf) - 1
- മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
- വെണ്ണ - 1 ടേബിൾസ്പൂൺ
- എണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി കഴുകി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് മുറിച്ച് വച്ച സോസേജ് കഷണങ്ങൾ ചേർത്ത് വഴറ്റുക.
മൂത്ത് ബ്രൗൺ നിറമായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. (ചോറ് വെക്കുമ്പോൾ സോസേജ് ഉടഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണിത്).
ഇനി അതേ പാത്രത്തിൽ വെണ്ണ ചേർത്ത് ചൂടായി വരുമ്പോൾ ഏലക്ക, പട്ട, ഗ്രാമ്പു, തക്കോലം, കറുകയില എന്നിവ ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ചുവന്നു വരുമ്പോൾ മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തു കൊടുക്കുക.
മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി, കാപ്സിക്കം ചേർത്ത് യോജിപ്പിച്ച് 2 മിനിറ്റ് വഴറ്റുക. ചിക്കൻ ക്യൂബ് കൂടെ ചേർത്ത് കൊടുക്കാം. അതിലേക്ക് വെള്ളം വാർന്നു വച്ച അരി ചേർത്ത് യോജിപ്പിച്ച് രണ്ട് മിനിറ്റ് വറുക്കുക. ഇനി വറുത്തുവച്ച സോസേജ് കഷണങ്ങൾ ചേർത്ത് യോജിപ്പിക്കാം.
ശേഷം 4 ഗ്ലാസ് തിളച്ച വെള്ളം പാകത്തിന് ഉപ്പ്, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് യോജിപ്പിച്ച് മൂടി വച്ച് വേവിക്കുക.
ചെറുതീയിൽ വച്ച് വേവിച്ചെടുക്കാം. വെള്ളം വറ്റി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി 15 മിനിറ്റ് വച്ച ശേഷം തുറന്നു യോജിപ്പിച്ച് വെക്കുക.
ചൂടോടെ വിളമ്പാം.
എഗ്ഗ് സ്ട്രിപ്സ് മസാല
- മുട്ട - 3 എണ്ണം
- സവാള - 2 വലുത്
- കാപ്സിക്കം - 1
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
- മുളക്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ടൊമാറ്റോ സോസ് - 1 1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1/4 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
- എണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഉപ്പ് കുരുമുളക് ചേർത്ത് യോജിപ്പിച്ച്, ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ഓംലറ്റ് ആക്കിയെടുക്കാം. ശേഷം നീളത്തിലുള്ള കഷ്ണങ്ങൾ ആക്കി മുറിച്ച് വെക്കുക.
ഇനി ഒരു പാനിൽ എണ്ണയൊഴിച്ച് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നീളത്തിൽ അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റുക.
നിറം മാറി വരുമ്പോൾ മുളക്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. മൂത്ത് വരുമ്പോൾ ടൊമാറ്റോ സോസ് ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് നീളത്തിൽ മുറിച്ച കാപ്സിക്കം ചേർത്ത് 3 മിനുട്ട് വഴറ്റുക.
ഇനി മുറിച്ച് വച്ച മുട്ട കഷണങ്ങൾ ചേർത്ത് യോജിപ്പിക്കാം. മേലെ മല്ലിയില തൂവി വിളമ്പാം.
Content Highlights: Delicious Sausage Pulao and Egg Strips Masala Recipe for Lunch Box