മാമ്പഴക്കാലത്തെ നാടൻ വിരുന്ന്; ചുരക്ക-മാങ്ങ കറിയും മീൻ തക്കാളി റോസ്റ്റും!

LUNCH BOX
#അഫ്സാന ബായി
പച്ചമാങ്ങയും ചുരക്കയും ചേർത്ത് ഒഴിച്ച് കറി, മീൻ തക്കാളി റോസ്റ്റ്
പച്ചമാങ്ങയും ചുരക്കയും ചേർത്ത് ഒഴിച്ച് കറി, മീൻ തക്കാളി റോസ്റ്റ്

മാങ്ങ ഇപ്പോൾ സുലഭമായി ലഭിക്കുന്ന സമയമല്ലേ... ചോറിനൊപ്പം പച്ചമാങ്ങയും ചുരക്കയും ചേർത്ത് ഒരു ഒഴിച്ച് കറി തയ്യാറാക്കിയാലോ... കൂടെ അല്പം എരിവോടെ രുചികരമായ മീൻ തക്കാളി റോസ്റ്റും.

ചേരുവകൾ 
ചുരക്ക - മാങ്ങാ കറി

ചുരക്ക - 100 ഗ്രാം
പച്ചമാങ്ങ - 1 ഇടത്തരം
തേങ്ങ ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 7-8 എണ്ണം
വെളുത്തുള്ളി - 3,4 അല്ലി
പച്ചമുളക് - 2 എണ്ണം
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളക്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കറിവേപ്പില - 2 തണ്ട്
വറ്റൽമുളക് - 2-3 എണ്ണം
ഉപ്പ് - പാകത്തിന്

പച്ചമാങ്ങയും ചുരക്കയും ചേർത്ത് ഒഴിച്ച് കറി

തയ്യാറാക്കുന്ന വിധം 

  • ചുരക്ക, മാങ്ങ തൊലി കളഞ്ഞു ചതുര കഷണങ്ങൾ ആക്കി മുറിച്ച് വെക്കുക.
  • ഒരു ചട്ടിയിൽ ചുരക്ക, ചുവന്നുള്ളി അരിഞ്ഞത്, വെളുത്തുള്ളി, പച്ചമുളക്, മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക.
  • മുക്കാൽ വേവായാൽ മാങ്ങ കഷണങ്ങൾ കൂടെ ചേർത്ത് വേവിക്കുക.
  • വെന്ത് കഴിഞ്ഞാൽ അതിലേക്ക് തേങ്ങ, ജീരകം എന്നിവ നന്നായി അരച്ചത് ചേർത്ത് യോജിപ്പിച്ച് പച്ചമണം മാറി വരുന്ന വരെ തുടരെ ഇളക്കി പാകം ചെയ്യുക.
  • വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, കറിവേപ്പില, ചുവന്നുള്ളി, വറ്റൽമുളക് എന്നിവ മൂപ്പിച്ച് കറിയിൽ ചേർക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.


മീൻ തക്കാളി റോസ്റ്റ്

ചേരുവകൾ

മീൻ കഷണങ്ങൾ - 1/2 കിലോ
സവാള - 2 എണ്ണം
തക്കാളി - 2 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
മുളക്പൊടി - 1+1/2 ടീസ്പൂൺ ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
ഉലുവപൊടി - ഒരു നുള്ള്
വെളിച്ചെണ്ണ - പാകത്തിന്
കറിവേപ്പില - 2 തണ്ട്

മീൻ തക്കാളി റോസ്റ്റ്

തയ്യാറാക്കുന്ന വിധം

  • 1/2 ടീസ്പൂൺ മുളക്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉലുവ പൊടി, അല്പം ഉപ്പ് എന്നിവ മീൻ കഷണങ്ങളിൽ പുരട്ടി അല്പസമയം വെക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി മീൻ വറുത്ത് മാറ്റി വെക്കുക.
  • അതേ എണ്ണയിൽ പെരുംജീരകം മൂപ്പിച്ച് അതിലേക്ക് സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക.
  • ചുവന്നു വരുമ്പോൾ ബാക്കിയുള്ള മസാലപൊടികൾ കൂടെ ചേർത്ത് മൂപ്പിക്കുക.
  • അതിലേക്ക് തക്കാളി അരച്ചത് ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
  • മസാല മൂത്ത് എണ്ണ തെളിഞ്ഞ് വരുമ്പോൾ അതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് കൊടുക്കാം.
  • മസാല മീനിൽ പൊതിഞ്ഞ് വരുന്ന രീതിയിൽ യോജിപ്പിച്ച് അല്പസമയം മൂടി വച്ച് പാകം ചെയ്യുക. ചൂടോടെ വിളമ്പാം.

Content Highlights: Authentic Kerala-style vegetarian and non-vegetarian pairing., Step-by-step guide for Raw Mango and Bottle Gourd (Churakka) curry