‘പാലക്കാടൻ യാത്രയിൽ നാവിൽ തങ്ങിയ രുചി’; പരീക്ഷിക്കാം ‘രസ കാളൻ’

#രവീന്ദ്രൻ മുവാറ്റുപുഴ
രസ കാളൻ
രസ കാളൻ

ചേനയും എത്തയ്‌ക്കയും വേവിച്ച് തൈര് ചേർത്ത് ഉണ്ടാക്കുന്ന കുറുക്കിയ ഒരു സദ്യ വിഭവമായാണ് കാളനെ പരിചയം. അച്ഛനുള്ള ഒഴിച്ചു കറിയായി തൈരിനു പകരം മോര് ചേർത്ത് ഉണ്ടാക്കുന്ന ഒട്ടും കുറുകിയതല്ലാത്ത, നേർത്ത കറിയെ മോരു കൂട്ടാൻ എന്നോ പുളിശ്ശേരി എന്നോ ആണ് വിളിക്കാറുള്ളത്.

ഒരിക്കൽ പാലക്കാട്ടുള്ള ഒരു ബന്ധു വീട്ടിൽ നിന്നാണ് കുമ്പളങ്ങയും കൈത ചക്കയും (പൈനാപ്പിൽ) വേവിച്ച് തൈര് ചേർത്ത് ഉണ്ടാക്കിയ ഒരു തരം കാളൻ കഴിച്ചത്. കണ്ടാൽ കുറുക്ക് കാളൻ പോലെയുള്ള, എന്നാൽ അധികം കുറുകിയതോ അയഞ്ഞതോ അല്ലാത്ത, രുചികരമായ ആ വിഭവത്തെ അവർ രസ കാളൻ എന്നാണത്രേ വിളിക്കുന്നത്. അതിന്റെ രുചി വളരെ ഇഷ്ടമായി എന്നതിനാൽ ഇന്നൊരു രസ കാളൻ വച്ചത് ഇങ്ങനെയാണ്.

ചേരുവയായുള്ള പച്ചക്കറികളുടെ ലഭ്യത അനുസരിച്ച്, രസ കാളനിലെ കഷണമായി അവർ ചേമ്പോ, ചേനയോ, വെള്ളരിക്കയോ, കുമ്പളങ്ങയോ പൈനാപ്പിളോ ഒക്കെ ഉപയോഗിക്കാറുണ്ടത്രേ. ഒരു ഇനം പച്ചക്കറി മാത്രമേ ഉള്ളൂ എങ്കിൽ അങ്ങനെ അല്ലെങ്കിൽ രണ്ടോ മൂന്നോ ചേരുവകൾ ചേർത്ത്.

ചേരുവകൾ ( നാലു പേർക്ക് )

  1. കുമ്പളങ്ങ - അര കപ്പ് (കനം കുറഞ്ഞ ഇടത്തരം കഷണങ്ങളായി അരിഞ്ഞത്)
  2. പൈനാപ്പിൾ - അര കപ്പ് (കനം കുറഞ്ഞ ഇടത്തരം കഷണങ്ങളായി അരിഞ്ഞത്)
  3. അധികം പുളിക്കാത്ത തൈര് - 2 കപ്പ് - 500 ml (ഇടത്തരം പുളിയുള്ളത്, ഉടച്ചത്)
  4. ശർക്കര - 1 ടേബിൾ സ്പൂൺ (ചുരണ്ടിയത്)
  5. വറ്റൽ മുളക് - 5 എണ്ണം
  6. ഉലുവ - 1 ടീ സ്പൂൺ
  7. തേങ്ങ - അര കപ്പ് (ചുരണ്ടിയത്)
  8. പച്ചരി - 1 ടീ സ്പൂൺ (കുതിർത്തിയത്)
  9. പച്ച മുളക് - 2 എണ്ണം
  10. കറിവേപ്പില - 1 തണ്ട്
  11. മഞ്ഞൾ പൊടി - അര ടീ സ്പൂൺ, വെളിച്ചെണ്ണ കടുക് ഉപ്പ് ആവശ്യത്തിന്

പാചക ക്രമം

  1. ചീന ചട്ടിയിൽ നാലു തുള്ളി എണ്ണ തിളപ്പിച്ച് ഉലുവയും നാലു വറ്റൽ മുളകും മൂപ്പിക്കുക.
  2. തേങ്ങ, കുതിർത്തിയ പച്ചരി, പച്ച മുളക് എന്നിവയോടൊപ്പം വറുത്ത ഉലുവയും വറുത്ത വറ്റൽ മുളകും ചേർത്ത് നന്നായി അരച്ച് അരപ്പ് തയ്യാറാക്കുക.
  3. അരിഞ്ഞ കുമ്പളങ്ങയും പൈനാപ്പിളും ഉപ്പും മഞ്ഞൾ പൊടിയും വേവാൻ ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് വെന്തു വരുമ്പോൾ ചിരകിയ ശർക്കര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അരപ്പ് ചേർത്ത് തിള വരുമ്പോൾ ഉടച്ച തൈര് ഒഴിക്കുക. പതഞ്ഞു പൊങ്ങാൻ തുടങ്ങിയാൽ വാങ്ങാം.
  4. ചീന ചട്ടിയിൽ എണ്ണ മൂപ്പിച്ച് കടുക് വറുത്തതിൽ ഒരു വറ്റൽ മുളകു മുറിച്ചതും കറിവേപ്പിലയും താളിച്ച് ഒഴിക്കുക കൂടി ചെയ്‌താൽ രസ കാളൻ തയ്യാർ

Content Highlights: Learn to make Rasa Kalan, a flavorful Kerala dish with vegetables, curd and coconut. Perfect as a side dish for rice.