വീട്ടിൽ ഉരുളക്കിഴങ്ങുണ്ടോ?, പരീക്ഷിക്കാം പൊട്ടറ്റോ കാപ്സിക്കം റൈസും മുന്തിരിങ്ങ കാരറ്റ് സാലഡും

അടുക്കളയിൽ സ്ഥിരമായി കാണുന്ന ചേരുവകൾകൊണ്ട് പുതിയ രുചികൾ പരീക്ഷിക്കാൻ പറ്റിയാലോ! പൊട്ടറ്റോ കാപ്സിക്കം റൈസാണ് ലഞ്ച് ബോക്സിലെ ഇന്നത്തെ താരം. റൈസ് കുറച്ച് സ്പൈസി ആയതിനാൽ അല്പം മധുരമുള്ള മുന്തിരിങ്ങ കാരറ്റ് സാലഡ് ആണ് സൈഡ് ഡിഷ്.
പൊട്ടറ്റോ കാപ്സിക്കം റൈസ്
ചേരുവകൾ
- ബസ്മതി അരി - 1 1/2 കപ്പ്
- ഉരുളക്കിഴങ്ങ് - 2 എണ്ണം
- കാപ്സിക്കം - 2 എണ്ണം
- സവാള - 2 എണ്ണം
- തക്കാളി - 1
- പച്ചമുളക് - 1-2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- മുളക്പൊടി - 2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- പാവ് ഭാജി മസാല - 1 ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
- കസൂരി മേത്തി - 1/4 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- നാരങ്ങാനീര് - 1/2 ടേബിൾസ്പൂൺ
- വെണ്ണ - 1 ടേബിൾസ്പൂൺ
- എണ്ണ - 1 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- അരി കഴുകി ഉപ്പ് ചേർത്ത് വേവിച്ച് വെക്കുക.
- ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ ചതുരക്കഷ്ണങ്ങളായി നുറുക്കി വെക്കുക.
- കാപ്സിക്കം അതേ വലിപ്പത്തിൽ മുറിച്ച് വെക്കുക.
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങ് വറുത്ത് മാറ്റുക.
- കാപ്സിക്കവും വഴറ്റി മാറ്റി വെക്കുക.
- അതേ പാത്രത്തിൽ വെണ്ണ ചേർത്ത് ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം പച്ചമുളക്, സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക.
- അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർത്ത് ചുവക്കെ വഴറ്റുക. മഞ്ഞൾപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, പാവ് ഭാജി മസാല, ഗരം മസാല, കസൂരി മേത്തി എന്നിവ ചേർത്ത് മൂപ്പിക്കുക.
- അതിലേക്ക് തക്കാളി കൂടെ ചേർത്ത് വഴറ്റുക.
- എണ്ണ തെളിഞ്ഞു വരുന്ന പാകമായാൽ ഉരുളക്കിഴങ്ങ്, കാപ്സിക്കം കൂടെ ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം.
- അതിലേക്ക് വേവിച്ച് വച്ച ചോറ് ചേർത്ത് യോജിപ്പിച്ച ശേഷം മേലെ നാരങ്ങാനീര്, മല്ലിയില എന്നിവ ചേർത്ത് ഇളക്കി അൽപസമയം ചെറുതീയിൽ മൂടി വച്ച് പാകം ചെയ്യുക.
ചൂടോടെ വിളമ്പാം.
മുന്തിരിങ്ങ കാരറ്റ് സാലഡ്
- മുന്തിരിങ്ങ - 1 കപ്പ്
- കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
- നാരങ്ങാനീര് - 1 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
- ജീരകം പൊടിച്ചത് - ഒരു നുള്ള്
- ചതച്ച ഉണക്കമുളക് - 1/2 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ചെടുക്കുക.
- *ഉപയോഗിക്കുന്നതിന് അല്പം മുൻപ് മാത്രം സാലഡിൽ ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർക്കാൻ ശ്രമിക്കുക.
- *കുരുവില്ലാത്ത മധുരമുള്ള മുന്തിരി ആയാൽ നന്ന്
- *വലിപ്പമുള്ള മുന്തിരി ആണേൽ മുറിച്ച ശേഷം സാലഡിൽ ചേർക്കുക
Content Highlights: Learn to make a flavorful Potato Capsicum Rice, perfect for lunch boxes, paired with a sweet and refreshing Raisin Carrot Salad. Easy recipe with common kitchen ingredients.