രുചികരമായ കൂണ്‍ തീയലും മീന്‍ ചിക്കിപ്പൊരിച്ചതും-റെസിപ്പി

LUNCHBOX
#അഫ്സാന ബായി
ചോറിനൊപ്പം കൂണ്‍ തീയലും, മീന്‍ ചിക്കിപ്പൊരിച്ചതും
ചോറിനൊപ്പം കൂണ്‍ തീയലും, മീന്‍ ചിക്കിപ്പൊരിച്ചതും

ലരുടെയും ഇഷ്ട വിഭവങ്ങളിലൊന്നാണ് കൂൺ. നിരവധി ഔഷധ ഗുണങ്ങളുളള വസ്തുകളിലൊന്ന് കൂടിയാണ് കൂണ്‍. കൂൺ ഉപയോ​ഗിച്ച് നിരവധി കറികളും മറ്റും തയ്യാറാക്കാൻ കഴിയും. ഊണിന് വിളമ്പാൻ കൂൺ തീയലിനൊപ്പം മീൻ ചിക്കിപ്പൊരിച്ചത് കൂടി തയ്യാറാക്കുന്ന വിധം പരിശോധിക്കാം. 

കൂൺ തീയൽ

കൂൺ തീയൽ

കൂൺ - 250 ഗ്രാം
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
ചുവന്നുള്ളി - 15-20 എണ്ണം
പച്ചമുളക് - 2 എണ്ണം
തക്കാളി - 1
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ 
മല്ലി - 1 ടേബിൾസ്പൂൺ
വറ്റൽമുളക് - 6 എണ്ണം
പെരുംജീരകം - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
വാളൻപുളി - ചെറുനാരങ്ങ വലുപ്പത്തിൽ
ശർക്കര - 1 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

കൂൺ അല്പം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ ഇട്ടു വച്ച് കഴുകിയെടുത്ത ശേഷം ചതുരക്കഷണങ്ങളായി മുറിച്ചു വെക്കുക. പുളി അരക്കപ്പ് വെള്ളത്തിൽ ഇട്ട് വെക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി തേങ്ങ വറുക്കാൻ വെക്കുക. അടിയിൽ പിടിക്കാതെയിരിക്കാൻ ഇടക്ക് അല്പം എണ്ണ ചേർത്ത് കൊടുക്കാം. മൂത്ത് ചുവന്നു വരുമ്പോൾ മല്ലി, വറ്റമുളക്, പെരുംജീരകം എന്നിവ ചേർത്ത് ഒരു മിനുട്ട് കൂടെ വറുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.  അടുപ്പിൽ നിന്നും മാറ്റി ചൂട് മാറി വരുമ്പോൾ അരക്കപ്പ് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. ഒരു ചട്ടി ചൂടാക്കി അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, നീളത്തിൽ അരിഞ്ഞ പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്ത് 2 മിനുട്ട് വഴറ്റുക.  അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കൂൺ ചേർത്ത് വീണ്ടും വഴറ്റുക. കൂണിൽ നിന്നും വെള്ളമിറങ്ങി അത് വറ്റി വരുമ്പോൾ അതിലേക്ക് അരച്ച് വച്ചിരിക്കുന്ന വറുത്ത തേങ്ങാക്കൂട്ട് ചേർത്ത് യോജിപ്പിക്കുക . അതിലേക്ക് ഒരു കപ്പ് വെള്ളവും പുളി പിഴിഞ്ഞ വെള്ളവും കൂടെ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് കൊടുക്കുക. തിളച്ചു കറി വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ ശർക്കരപൊടി ചേർത്ത് കൊടുക്കാം. വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്നുള്ളി അരിഞ്ഞത്, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ താളിച്ച് ചേർക്കുക. അൽപസമയം ചട്ടിയിൽ തന്നെ അടച്ചു വച്ച ശേഷം ചോറിനൊപ്പം വിളമ്പാം.

മീന്‍ ചിക്കിപ്പൊരിച്ചത് 

മീൻ ചിക്കിപ്പൊരിച്ചത്

മീൻ - 250 ഗ്രാം (മുള്ളില്ലാത്ത ചതുര  കഷ്ണങ്ങൾ)
ചുവന്നുള്ളി - 15 എണ്ണം
വെളുത്തുള്ളി - 6 അല്ലി
പെരുംജീരകം - 1 ടീസ്പൂൺ
തേങ്ങ ചിരകിയത് - 1/2 കപ്പ്
മുളക്പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉലുവപ്പൊടി - 1/4 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

മീൻ കഷണങ്ങളിൽ മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ പുരട്ടി ചൂടായ എണ്ണയിൽ വറുക്കാൻ വെക്കുക. 
പകുതി വേവായി വരുമ്പോൾ ഒരു ഫോർക്ക് കൊണ്ട് മീൻ പൊടിക്കുക. അതിലേക്ക് ഉള്ളി, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക.  കറിവേപ്പില കൂടെ ചേർത്ത് കൊടുക്കാം. പച്ചമണം മാറി വരുമ്പോൾ ചിരകിയ തേങ്ങ കൂടെ ചേർത്ത് കൊടുക്കുക.  മൊരിഞ്ഞ് വരുന്ന വരെ ചെറുതീയിൽ വച്ച് ഇടക്കിടെ ഇളക്കി കൊടുക്കുക.
 

Content Highlights: mushroom curry and fish with lunch, tasty recipe, lunchbox