ചോറിനൊപ്പം ഇനി മീന്‍ കുരുമുളകിട്ടത്, കൂടെ കൂര്‍ക്ക ഉള്ളിത്തണ്ട് മെഴുക്കുപുരട്ടിയും

#അഫ്സാന ബായി
ചോറും മീന്‍ കുരുമുളകിട്ടതും ഉള്ളിത്തണ്ട് കൂര്‍ക്ക മെഴുക്കുപുരട്ടിയും | Photo: Mathrubhumi
ചോറും മീന്‍ കുരുമുളകിട്ടതും ഉള്ളിത്തണ്ട് കൂര്‍ക്ക മെഴുക്കുപുരട്ടിയും | Photo: Mathrubhumi

ന്നും ചോറിനൊപ്പം ഒരു പോലെയുള്ള മീന്‍ കറി കൂട്ടാതെ ഇന്ന് അല്‍പം വ്യത്യസ്മായി ഒരു മീന്‍ കുരുമുളകിട്ടത് ആയാലോ. ഒപ്പം ഉള്ളിത്തണ്ടും കൂര്‍ക്കയും ചേര്‍ത്ത് തയ്യാറാക്കിയ മെഴുക്കുപുരട്ടിയും. 

മീന്‍ കുരുമുളകിട്ടത്

  • മീന്‍ - കാല്‍ കിലോ
  • ചുവന്നുള്ളി - 8-10 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തില്‍
  • വെളുത്തുള്ളി - 5-6 അല്ലി
  • പച്ചമുളക് - 1
  • കുരുമുളക് പൊടി - 3 ടേബിള്‍സ്പൂണ്‍
  • മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • പെരുംജീരകം പൊടിച്ചത് - ഒരു നുള്ള്
  • ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍
  • വാളന്‍പുളി - ചെറുനാരങ്ങാ വലിപ്പത്തില്‍
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - പാകത്തിന്

മസാലപ്പൊടികള്‍ എല്ലാം അല്‍പം വെള്ളത്തില്‍ കലക്കി കുഴമ്പ് രൂപത്തിലാക്കി വെക്കുക. ചട്ടി ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. കറിവേപ്പില കൂടെ ചേര്‍ത്ത് കൊടുക്കാം. പച്ചമണം മാറി ചുവന്നു വരുമ്പോള്‍ മസാല പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.

മൂത്ത് വരുമ്പോള്‍ അതിലേക്ക് പുളി പിഴിഞ്ഞ വെള്ളവും കറിക്ക് ആവശ്യമായ വെള്ളവും ചേര്‍ത്ത് കൊടുക്കുക. തിളച്ചു വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍  ചേര്‍ത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് കൂടെ ചേര്‍ത്ത് കൊടുത്ത് വേവിക്കുക. മീന്‍ കഷ്ണങ്ങള്‍ വെന്ത് കറി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. മേലെ അല്‍പം കൂടെ വെളിച്ചെണ്ണ തൂകി കൊടുക്കാം. അല്‍പം കുറുകിയ രൂപത്തിലുള്ള കറിയാണ് കൂടുതല്‍ സ്വാദ്.

കൂര്‍ക്ക ഉള്ളിത്തണ്ട് മെഴുക്കുപുരട്ടി

  • ഉപ്പിട്ട് വേവിച്ച കൂര്‍ക്ക - 1 കപ്പ്
  • ഉള്ളിത്തണ്ട് അരിഞ്ഞത് - ഒന്നര കപ്പ്
  • വെളുത്തുള്ളി - 2 അല്ലി
  • പച്ചമുളക് - 1 എണ്ണം
  • വറ്റല്‍മുളക് ചതച്ചത് - 2  ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • കടുക് - 1/2 ടീസ്പൂണ്‍
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - പാകത്തിന് 

ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച ശേഷം അരിഞ്ഞു വച്ച ഉള്ളിതണ്ട്, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അല്‍പം ഉപ്പ് കൂടെ ചേര്‍ത്ത ശേഷം അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക.

ഉള്ളിത്തണ്ട് മുക്കാല്‍ വേവായാല്‍ അതിലേക്ക് മഞ്ഞള്‍പ്പൊടി, ചതച്ച വറ്റല്‍ മുളക്, വേവിച്ച് വച്ചിരിക്കുന്ന കൂര്‍ക്ക കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. വീണ്ടും അടച്ചുവെച്ച് ചെറുതീയില്‍ അല്‍പസമയം കൂടെവെച്ച് വേവിച്ചെടുക്കം. ഇടക്കിടെ ഇളക്കി കൊടുക്കുക. ചോറിനൊപ്പം വിളമ്പാം.

Content Highlights: lunch box recipe meals with fish