മത്സ്യ പ്രേമികളേ ഇതിലേ... ഇന്നത്തെ ലഞ്ച് ബോക്‌സ് സ്വല്‍പം സ്‌പെഷ്യലാക്കാം

#അഫ്സാന ബായി
കൂന്തൾ തോരനും മാങ്ങയിട്ട മീൻ കറിയും
കൂന്തൾ തോരനും മാങ്ങയിട്ട മീൻ കറിയും

ഉച്ചയൂണ് സ്വൽപം മീൻ കറി കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ഇന്നത്തെ ഉച്ചയൂണിന് രണ്ട് സ്പെഷ്യൽ മീൻവിഭവങ്ങള്‍ തയ്യാറാക്കിയാല്ലോ. 

കൂന്തല്‍/ കണവ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

  • കൂന്തല്‍ - 1/2 കിലോ
  • ചിരകിയ തേങ്ങ - മുക്കാല്‍ കപ്പ്
  • ഇഞ്ചി ചതച്ചത് - ഒന്നര ടീസ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത് - ഒന്നര ടീസ്പൂണ്‍ 
  • ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്
  • പച്ചമുളക് - 2 എണ്ണം
  • മുളക്‌പൊടി - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • ജീരകം - 1 ടീസ്പൂണ്‍
  • കടുക് - ഒന്നര ടീസ്പൂണ്‍
  • ഉലുവ - 1 ടീസ്പൂണ്‍
  • കറിവേപ്പില - 2 തണ്ട്
  • വറ്റല്‍മുളക് - 2 എണ്ണം
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഉലുവ, വറ്റല്‍മുളക്, കറിവേപ്പില കൂടെ ചേര്‍ത്ത് മൂപ്പിക്കുക  അതിലേക്ക്  ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. പച്ചമണം  മാറി വരുമ്പോള്‍ അതിലേക്ക് ചെറുതായി അരിഞ്ഞ കൂന്തല്‍ ചേര്‍ത്ത് കൊടുക്കുക. പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റിതുടങ്ങുമ്പോള്‍ തേങ്ങ, ജീരകം, പച്ചമുളക്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചതച്ചത് ചേര്‍ത്ത് യോജിപ്പിച്ച് അല്‍പസമയം കൂടെ ചെറുതീയില്‍ അടച്ച് വച്ച് വേവിക്കുക.

മാങ്ങയിട്ട മീന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍

  • മീന്‍ - കാല്‍ കിലോ
  • പച്ചമാങ്ങ - 1 വലുത് 
  • തേങ്ങ ചിരകിയത് - 2 കപ്പ്
  • ചുവന്നുള്ളി - 4-5 എണ്ണം
  • മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
  • മുളക്‌പൊടി - 1 ടേബിള്‍സ്പൂണ്‍
  • ഉലുവ - 1 ടീസ്പൂണ്‍
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തേങ്ങ, ചുവന്നുള്ളി, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു ചട്ടിയില്‍ അരപ്പ് ഒഴിച്ച് അതിലേക്ക്കഷ്ണങ്ങളാക്കിയ മാങ്ങ, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കാന്‍ വെക്കുക.തിളച്ചു വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. പാകമായാല്‍ വെളിച്ചെണ്ണയില്‍ ഉലുവ, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക.
(പുളി കുറഞ്ഞ മാങ്ങയാണെങ്കില്‍ അല്പം വാളന്‍പുളി പിഴിഞ്ഞു വെള്ളം ചേര്‍ത്ത് കൊടുക്കുക)

Content Highlights: fish curry, food, recipes, lunch box