ഊണിന് മാറ്റുകൂട്ടാൻ കത്തിരിക്ക സാമ്പാറും സ്പെഷ്യൽ കൂൺ തോരനും

രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും മുൻഗണന നൽകുന്നവർക്ക് പരീക്ഷിക്കാവുന്ന രണ്ട് വിഭവങ്ങളാണ് കത്തിരിക്ക സാമ്പാറും കൂൺ മസാല തോരനും. പ്രോട്ടീൻ സമ്പുഷ്ടമായ പരിപ്പും കൂണും ഒപ്പം പച്ചക്കറികളും ചേരുമ്പോൾ മികച്ച കോമ്പിനേഷനായി മാറുന്നു.
കത്തിരിക്ക സാമ്പാർ
കത്തിരിക്ക - 1/4 കിലോ
തുവരപ്പരിപ്പ് - 1/2 കപ്പ്
തക്കാളി - 1 വലുത്
ചുവന്നുള്ളി - 10-12 എണ്ണം
പച്ചമുളക് - 1-2 എണ്ണം
വെളുത്തുള്ളി - 3-4 അല്ലി
മുളക്പൊടി - 1 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കായപ്പൊടി - 1 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
ഉലുവപ്പൊടി - ഒരു നുള്ള്
വാളൻപുളി - ഒരു നാരങ്ങ വലിപ്പത്തിൽ
മല്ലിയില അരിഞ്ഞത് - കാൽ കപ്പ്
കടുക് - 1/2 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- പരിപ്പ്, വെളുത്തുള്ളി, പച്ചമുളക്, 1 കപ്പ് വെള്ളം എന്നിവ പാകത്തിന് ഉപ്പ് ചേർത്ത് വേവിച്ചു വെക്കുക.
- ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച ശേഷം മുറിച്ച് വച്ച ഉള്ളി, കത്തിരിക്ക എന്നിവ ചേർത്ത് 2 മിനുട്ട് വഴറ്റുക.
- അതിലേക്ക് മുറിച്ച തക്കാളി കൂടെ ചേർത്ത് വീണ്ടും 2-3 മിനുട്ട് വഴറ്റുക.
- ഇനി പൊടികൾ ഓരോന്നായി ചേർത്ത് യോജിപ്പിക്കുക.
- ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്ത് കൊടുക്കാം.
- വേവിച്ചു വച്ച പരിപ്പ് കൂടെ ചേർത്ത് യോജിപ്പിച്ച് തിളപ്പിക്കുക.
- പാകമായാൽ അരിഞ്ഞ മല്ലിയില കൂടെ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
കൂൺ മസാല തോരൻ
കൂൺ - 200 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്
സവാള - 1 വലുത്
ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- കുറച്ചു വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കി അതിലേക്ക് കൂൺ അല്പസമയം മുക്കി വച്ച ശേഷം കഴുകി ചെറിയ കഷണങ്ങൾ ആക്കി മുറിച്ച് വെക്കുക.
- ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ 3-4 മിനുട്ട് വഴറ്റുക.
- അതിലേക്ക് പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക.
- അരിഞ്ഞ കൂൺ ചേർത്ത് യോജിപിച്ച് മൂടി വച്ച് വേവിക്കുക.
- പാകത്തിന് ഉപ്പ് കൂടെ ചേർത്ത് കൊടുക്കാം.
- കൂണിൽ നിന്നുമിറങ്ങിയ വെള്ളം വറ്റി വരുന്ന പരുവം ആകുമ്പോൾ തേങ്ങ ചിരകിയത്, ജീരകം എന്നിവ അരച്ചത് (ഒരുപാട് അരഞ്ഞു പോകരുത്) ചേർത്ത് യോജിപ്പിക്കുക.
- പച്ചമണം മാറി വരുന്ന വരെ തുടരെ ഇളക്കി പാകം ചെയ്യുക.
Content Highlights: A step-by-step guide to preparing a nutritious Kerala lunch featuring protein-packed Brinjal Sambar and fiber-rich Mushroom Masala Thoran using traditional spices.