ഒരൊറ്റ വിഭവത്തിൽ എല്ലാ രുചികളും; രുചിയൂറും ഖീമ മഠർ റൈസും സ്പൈസി ഒണിയൻ സാലഡും

LUNCH BOX
#അഫ്സാന ബായി
ഖീമ മഠർ റൈസ്, സ്പൈസി ഒണിയൻ സാലഡ്
ഖീമ മഠർ റൈസ്, സ്പൈസി ഒണിയൻ സാലഡ്

ചോറും കറികളും വെവ്വേറെ കൊണ്ടുപോകുന്ന തിരക്കുകളിൽ നിന്നും ഒഴിഞ്ഞ്, ഒരൊറ്റ വിഭവത്തിൽ എല്ലാ രുചികളും ഒതുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു അടിപൊളി റെസിപ്പി. മസാല മണക്കുന്ന ഖീമ റൈസും അതിനൊപ്പം നാവിൽ വെള്ളമൂറിക്കുന്ന സ്പൈസി ഒണിയൻ സാലഡും ചേരുമ്പോൾ ഉച്ചയൂണ് കേമമാകും. 

ഖീമ മഠർ റൈസ്

  • ബീഫ്/ മട്ടൻ ഖീമ - 300 ഗ്രാം
  • ഗ്രീൻപീസ് (മഠർ) - 1 കപ്പ് (കുതിർത്തത്)
  • ബസുമതി അരി - 1 ഗ്ലാസ്
  • സവാള - 2 വലുത്
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 1/2 ടേബിൾസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • മുളക്പൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 2 ടീസ്പൂൺ
  • ഏലക്ക - 4-5 എണ്ണം
  • ഗ്രാമ്പു - 5-6 എണ്ണം
  • കറുകപ്പട്ട - 1 കഷ്ണം
  • നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
  • മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • ഉപ്പ് - പാകത്തിന്
ഖീമ മഠർ റൈസ്

തയ്യാറാക്കുന്ന വിധം

അരി കഴുകി അല്പം ഉപ്പ് ചേർത്ത് വേവിച്ച് വെക്കുക. (വെന്തുടഞ്ഞു പോകരുത്, ഒരു 85% വെന്താൽ മതിയാകും).
ഖീമ, ഗ്രീൻപീസ്, മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപൊടി, ഗരം മസാല, കുരുമുളക് പൊടി, പാകത്തിന് ഉപ്പ് 1 കപ്പ് വെള്ളം എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കാൻ വെക്കുക.
ലോ ഫ്രെയിമിൽ 3,4 വിസിൽ വരുന്ന വരെ വേവിക്കുക.
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ഗ്രാമ്പു, പട്ട, ഏലക്ക എന്നിവ മൂപ്പിക്കുക.
അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക.
ചുവന്നു വരുമ്പോൾ വേവിച്ച ഖീമ ചേർത്ത് യോജിപ്പിക്കുക.
വെള്ളം വറ്റി വരുമ്പോൾ വേവിച്ചു വച്ച ചോറ് ചേർത്ത് ഉടഞ്ഞു പോകാത്ത വിധം മെല്ലെ യോജിപ്പിക്കുക.
5 മിനുട്ട് ചെറുതീയിൽ മൂടിവച്ചു പാകം ചെയ്യുക.
ശേഷം മൂടി തുറന്നു, നാരങ്ങാ നീര്, അരിഞ്ഞ മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക. ചൂടോടെ വിളമ്പാം.

സ്പൈസി ഒനിയൻ സാലഡ്

  • സവാള - 2 വലുത്
  • മല്ലിയില അരിഞ്ഞത് - 1/2 കപ്പ്
  • പച്ചമുളക് - 1
  • മുളക്പൊടി - 1 ടീസ്പൂൺ
  • ജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
  • നാരങ്ങാനീര് - ഒന്നിൻ്റെ പകുതി
  • ഒലീവ് എണ്ണ - 1 ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
ഒണിയൻ സാലഡ്

തയ്യാറാക്കുന്ന വിധം 

സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞു 3 മിനുറ്റ് തണുത്ത വെള്ളത്തിൽ മുക്കി വെക്കുക. (സവാള നല്ല ക്രഞ്ചി ആയിരിക്കാനും കാഠിന്യം കുറക്കാനും സഹായിക്കും)
ശേഷം വെള്ളം വാർത്ത് ഒരു ബൗളിലേക്ക് മാറ്റുക.
അതിലേക്ക് അരിഞ്ഞ മല്ലിയില, പച്ചമുളക്, മുളക്പൊടി, ജീരകം പൊടിച്ചത്, നാരങ്ങാനീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മേലെ അല്പം ഒലീവ് എണ്ണ തൂവി വിളമ്പുക.

Content Highlights: A simple, flavorful, and time-saving recipe for Keema Matar Rice paired with a crunchy Spicy Onion Salad, serving as the ultimate all-in-one meal for busy lunchboxes.