കൊതിയൂറും രുചിയില്‍ മാങ്ങ ചേര്‍ത്ത തേങ്ങാപ്പാല്‍ മീന്‍ കറിയും പപ്പായ മെഴുക്കുപുരട്ടിയും

LUNCHBOX
#അഫ്സാന ബായി
.
.

ഉച്ചയൂണിനൊപ്പം ഒരു മീന്‍ കറിയിഷ്ടമില്ലാത്തവര്‍ കുറവാണ്. മാങ്ങയിട്ട മീന്‍ കറിയോട് ചിലര്‍ക്ക് വലിയിഷ്ടവുമാണ്. കൂടെ  ഒരു പപ്പായ മെഴുക്കുപുരട്ടിയുമുണ്ടെങ്കില്‍ ഊണ് കുശാലായി. എളുപ്പത്തില്‍ തയ്യാറാക്കുവുന്ന വിഭവങ്ങളാണ് ഇവ രണ്ടും. പാചകരീതിയിലേയ്ക്ക്.

മാങ്ങ ചേര്‍ത്ത തേങ്ങാപ്പാല്‍ മീന്‍ കറി

മാങ്ങ ചേര്‍ത്ത തേങ്ങാപ്പാല്‍ മീന്‍ കറി

ചേരുവകള്‍ 

മീന്‍ - 1/2 കിലോ
തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ - 1 1/2  കപ്പ്
പച്ചമാങ്ങ - 1 വലുത്
ചുവന്നുള്ളി - 10-15 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുളളി - 7-8 അല്ലി
പച്ചമുളക് - 2-3 
മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍ 
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം


ഒരു ചട്ടിയില്‍, നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം പൊടിച്ചത് എന്നിവ കൈകൊണ്ട് തിരുമ്മി യോജിപ്പിച്ച് അതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് അടുപ്പില്‍ വെക്കുക. തിളച്ചു വരുമ്പോള്‍ നീളത്തില്‍ അരിഞ്ഞ മാങ്ങയും മീന്‍ കഷ്ണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. 
മീന്‍ വെന്ത് കഴിഞ്ഞാല്‍ തീ അണച്ചു തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. 
വെളിച്ചെണ്ണയില്‍ ഉലുവ, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് താളിച്ചൊഴിക്കുക.

പപ്പായ മെഴുക്കുപുരട്ടി

പപ്പായ മെഴുക്കുപുരട്ടി

ചേരുവകള്‍ 

പച്ച പപ്പായ - 1 ഇടത്തരം
സവാള - 2 
വെളുത്തുളളി - 3 അല്ലി
ചതച്ച വറ്റല്‍ മുളക് - 2 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ 
കടുക് - 1 ടീപ്‌സൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ 
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം

പപ്പായ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി വെക്കുക.
ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു കറിവേപ്പില, ചെറുതായി അരിഞ്ഞ സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. 
ചുവന്നു വരുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചതച്ച വറ്റമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. 
അതിലേക്ക് അരിഞ്ഞ പപ്പായയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വച്ച് വേവിക്കുക. 
ഇടക്കിടെ ഇളക്കി കൊടുക്കുക. 
പപ്പായ വെന്ത് പാകമായാല്‍ അടുപ്പില്‍ നിന്നും മാറ്റാം.

Content Highlights: fish mango curry with coconut milk ,papaya mezhukkupuratti, recipe,food,lunchbox