എന്താണ് ഡിം സം? കൊച്ചിയിലെ പുതിയ രുചിവിശേഷങ്ങൾ

കൊച്ചി: ‘ഹൃദയത്തെ സ്പർശിക്കുക...ഡിം സം എന്ന വാക്കിന്റെ അർഥം അതാണ്.’ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ തീൻമേശയിലേക്ക് ഡിം സം വിഭവങ്ങൾ നിരത്തുമ്പോൾ അഭിഷേക് ജാദവ് പറഞ്ഞ വാക്കുകളിൽ ആ വിഭവങ്ങളുടെ സ്വാദർഥം മുഴുവനുണ്ടായിരുന്നു. ചൈനയിലെ ഏറ്റവും പ്രിയപ്പെട്ട പാചക പാരമ്പര്യങ്ങളിലൊന്നായ ഡിം സം. ചൂടുള്ള ചായയ്ക്കൊപ്പം വിളമ്പുന്ന ചെറിയ വിഭവങ്ങളുടെ ഒരു വിരുന്ന്. പലപ്പോഴും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ചൈനക്കാർ ഹൃദയപൂർവം ആസ്വദിക്കുന്ന വിരുന്ന്. ചൈനയിൽ ഉത്ഭവിച്ച ഡിം സം വിഭവങ്ങൾ ഇപ്പോൾ നമ്മുടെ കൊച്ചിയുടെ തീൻമേശകളിലും ഹിറ്റാണ്. ഫ്രൈഡ് റൈസും നൂഡിൽസുമൊക്ക ആസ്വദിച്ച് കഴിച്ച ഭക്ഷണപ്രേമികളെല്ലാം ഇപ്പോൾ ഡിം സം വിഭവങ്ങളുടെയും ആരാധകരായി മാറിയിരിക്കുന്നുവെന്നാണ് ഈ തീൻമേശകളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
ആവി പറക്കുന്ന ഡിം സം
‘ആവി പറക്കുന്ന മുളകൊട്ടകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രുചികരമായ ഫില്ലിങ്ങുകൾ...’ രസകരമായ ആമുഖത്തോടെയാണ് ഗ്രാൻഡ് ഹയാത്തിലെ മാർക്കറ്റിങ് മാനേജർ അഭിഷേക് ഡിം സം വിഭവങ്ങളെ പരിചയപ്പെടുത്തിയത്. ഇപ്പോൾ ഗ്രാൻഡ് ഹയാത്തിലെ തായ് സോളിൽ നടക്കുന്ന ഡിം സം മേളയുടെ അമരക്കാരനാണ് അഭിഷേക്. ‘ചൈനയിൽ പരമ്പരാഗതമായി ചായയ്ക്കൊപ്പം വിളമ്പുന്ന വൈവിധ്യമാർന്ന ചെറുതും രുചികരവുമായ വിഭവങ്ങളാണ് ഡിം സം. തെക്കൻ ചൈനയിലെ ചായക്കടകളിൽനിന്ന് ഉത്ഭവിച്ച ഡിം സം അതിവേഗത്തിലാണ് ലോകമെമ്പാടുമുള്ള ഒരു ഡൈനിങ് അനുഭവമായി വളർന്നത്. പാരീസും ലണ്ടനും ന്യൂയോർക്കുമൊക്കെ കടന്ന് മുന്നേറിയ ഡിം സം ഇപ്പോൾ ലോകത്തെങ്ങും ജനപ്രിയമാണ്. ഇത് വെറുമൊരു ഭക്ഷണത്തേക്കാൾ ഉപരിയായി ഒരു സാമൂഹിക ഭക്ഷണ ചടങ്ങാണ് എന്നതാണ് ശ്രദ്ധേയം. ചൈനയിലൊക്കെ പലപ്പോഴും വണ്ടികളിൽ കൊണ്ടുവന്ന് വിളമ്പുന്ന ഈ ഭക്ഷണത്തിൽ ആവിയിൽ വേവിച്ചതോ വറുത്തതോ ബേക്ക് ചെയ്തതോ ആയ വിഭവങ്ങളൊക്കെയുണ്ട്’ -അഭിഷേക് ഡിം സം വിഭവങ്ങളുടെ കഥ പറഞ്ഞു.
ഹാർ ഗൗവും സിയു മായും
ഹാർ ഗൗ, സിയു മായ്, ലോ മായ് ഗൈ...ഡിം സം വിഭവങ്ങളുടെ പേര് കേട്ടാൽ കൗതുകത്തോടെയല്ലാതെ അത് രുചിക്കാനാകില്ല. അത്രമേൽ രസകരവും വ്യത്യസ്തവുമായ വിഭവങ്ങളാണ് ഡിം സം എന്ന മേൽവിലാസത്തിൽ നിങ്ങളുടെ മുന്നിലെ തീൻമേശയിലേക്കെത്തുന്നത്. ‘മുളയുടെ തണ്ടുകളോ വാട്ടർ ചെസ്റ്റ്‌നട്ടുകളോ ഉള്ള അർധ സുതാര്യമായ ചെമ്മീൻ ഡംപ്ലിങ്‌സാണ് ഹാർ ഗൗ. ഒരുപാട് ആരാധകരുള്ള വിഭവമായ ഹാർ ഗൗ ആസ്വദിച്ചു കഴിക്കാവുന്ന ഒന്നാണ്. അരിഞ്ഞ ഇറച്ചി, ചെമ്മീൻ, കൂൺ എന്നിവ നിറച്ച് തുറന്ന മുഖമുള്ള ഡംപ്ലിങ്‌സാണ് സിയു മായ്. ഇത് രണ്ടും കഴിച്ച ശേഷം നിങ്ങൾക്ക് സ്റ്റിക്കി റൈസ് കഴിക്കാൻ തോന്നുന്നുവെങ്കിൽ ലോ മായ് ഗൈ കൊണ്ടുവരാം. താമര ഇലകളിൽ ആവിയിൽ വേവിച്ച പശയുള്ള അരി, ചിക്കൻ, കൂൺ, സോസേജ്, മുട്ടയുടെ മഞ്ഞക്കരു എന്നിവ നിറച്ചതാണ് ലോ മായ് ഗൈ’ -അഭിഷേക് പറഞ്ഞു.
തീരാത്ത രുചികളിൽ
ഡിം സം എന്നതിൽ എണ്ണിയാൽ തീരാത്തത്ര വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുന്നുണ്ട്. ഒരാൾക്ക് എത്രത്തോളം വിഭവങ്ങൾ ആസ്വദിക്കാമോ അത്രയും വലിയ സാധ്യതകളാണ് ഡിം സം നമുക്ക് മുന്നിൽ തുറന്നിടുന്നത്. ‘ചീവ് ഡംപ്ലിങ്‌സ്, ചാർ സിയു ബാവോ, കസ്റ്റാർഡ് ബൺസ് തുടങ്ങി രസകരമായ ഒട്ടേറെ ഡിം സം വിഭവങ്ങൾ കഴിച്ചു തുടങ്ങിയാൽ പിന്നെ നമ്മളെല്ലാം അതിന്റെ ആരാധകരാകും. ചൈനീസ് ചീവ്‌സും ചെമ്മീനും നിറച്ച ക്രിസ്റ്റൽ റാപ്പറുകളാണ് ചീവ് ഡംപ്ലിങ്‌സ്. കന്റോണീസ് ശൈലിയിലുള്ള ബാർബിക്യൂ ഇറച്ചി നിറച്ച മൃദുവായ ബണ്ണുകളാണ് ചാർ സിയു ബാവോ. ഉരുക്കിയ ഉപ്പിട്ട മുട്ട കസ്റ്റാർഡോ ക്രീം വാനില ഫില്ലിങോ ചേർത്ത് ആവിയിൽ വേവിച്ച മധുരമുള്ള ബണ്ണുകളാണ് കസ്റ്റാർഡ് ബൺസ്. കറുത്ത പയർ വെളുത്തുള്ളി സോസിൽ വറുത്ത ഫങ് സാവോയും പൊടിച്ച മുള്ളങ്കി, അരിപ്പൊടി, ഉണക്കിയ ചെമ്മീൻ, ചൈനീസ് സോസേജ് എന്നിവ ഉപയോഗിച്ച് നിർമിച്ച പാൻ-ഫ്രൈ ചെയ്ത കെയ്ക്കായ ടേണിപ്പ് കെയ്ക്കുമൊക്കെ ഡിം സം വിഭവങ്ങളിലുണ്ട്. ഇതൊക്കെ കഴിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ, എങ്കിൽ ഹൃദയപൂർവം ഡിം സം വിഭവങ്ങളുടെ തീൻമേശയിലേക്ക് സ്വാഗതം’ -അഭിഷേക് പറയുമ്പോൾ അതിന്റെ സാക്ഷ്യപത്രം പോലെ ഒട്ടേറെ ഡിം സം വിഭവങ്ങൾ മേശപ്പുറത്തുണ്ടായിരുന്നു.
Content Highlights: Grand Hyatt Kochi Bolgatty is hosting an authentic Dim Sum festival, bringing the rich culinary tradition of South China—featuring delicacies like Har Gow and Siu Mai—straight to the food enthusiasts of Kochi.