നൊസ്റ്റാൾജിക് ലഞ്ച് കോംബോ: ചിക്കൻ തോരനും ചീര കറിയും പരീക്ഷിച്ചാലോ

സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമായി, ചിക്കനും നേന്ത്രക്കായയും ചേർത്തുണ്ടാക്കുന്ന സ്പെഷ്യൽ തോരനും, ഒപ്പം ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകുന്ന ചീര ചേർത്ത മോരുകറിയും ആയാലോ?
കോഴി- കായ തോരൻ
ചേരുവകൾ
ചിക്കൻ - 300 ഗ്രാം (ചെറിയ കഷണങ്ങൾ ആക്കിയത്)
നേന്ത്രക്കായ - 1 വലുത്
തേങ്ങ ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 10 എണ്ണം
സവാള - 1 വലുത്
വെളുത്തുള്ളി - 8 അല്ലി
ഇഞ്ചി - 1 കഷണം
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
പെരുംജീരകം - 1 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കറിവേപ്പില - 2 തണ്ട്
ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക്, പെരുംജീരകം, വറ്റൽമുളക്, കറിവേപ്പില മൂപ്പിക്കുക. അതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചതച്ചത്, നീളത്തിൽ അരിഞ്ഞ പച്ചമുളക് ചേർത്ത് 2 മിനുട്ട് വഴറ്റുക. അരിഞ്ഞ സവാള കൂടെ ചേർത്ത് വഴറ്റുക.
ചുവന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് ചിക്കൻ കഷണങ്ങൾ, നുറുക്കിയ നേന്ത്രക്കായ എന്നിവ ചേർത്ത് യോജിപ്പിച്ച് പാകത്തിന് ഉപ്പ് ചേർത്ത് മൂടി വച്ച് വേവിക്കുക.
ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത് കൊടുക്കാം. കഷണങ്ങൾ
വെന്ത് കഴിഞ്ഞാൽ, ചിരകിയ തേങ്ങയിലേക്ക് മുളക്പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ യോജിപ്പിച്ച് ചേർക്കുക. നന്നായി യോജിപ്പിച്ച് വീണ്ടും അൽപനേരം കൂടെ പാകം ചെയ്യുക. ചൂടോടെ വിളമ്പാം.
ചീര മോരുകറി
ചേരുവകൾ
ചീര അരിഞ്ഞത് - 2 കപ്പ്
കട്ടിയുള്ള തൈര് - 400 ഗ്രാം
ചുവന്നുള്ളി - 6 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉലുവ പൊടിച്ചത് - ഒരു നുള്ള്
ജീരകം - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
തൈര്, മഞ്ഞൾപ്പൊടി, ജീരകം എന്നിവ നന്നായി ഉടച്ച് വെക്കുക. ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിക്കുക. മൂത്ത് കഴിഞ്ഞാൽ
അതിലേക്ക് അരിഞ്ഞ ചീര കൂടെ ചേർത്ത് വഴറ്റുക.
വഴന്നു വരുമ്പോൾ 1 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഉടച്ച് വച്ച തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഉലുവപ്പൊടി കൂടെ ചേർത്ത് കൊടുക്കാം.
തിളച്ചു വരുന്നതിന് മുൻപ് തന്നെ അടുപ്പിൽ നിന്നും മാറ്റുക.