അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കാനാകുന്ന അതിരുചികരമായ ഉപ്പുമാങ്ങ അരച്ചു കലക്കി

അമ്മ പലതരം അരച്ചു കലക്കികൾ ഉണ്ടാക്കാറുണ്ട് (പ്രത്യേകിച്ചും കറിക്ക് ആവശ്യമായ കഷണങ്ങൾ ഇല്ലാതെ വരുമ്പോൾ). ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ചേന ഒക്കെ അരച്ചു കലക്കാറുണ്ട്. ഇവയൊന്നും ഇല്ലെങ്കിൽ ധാരാളം ഉള്ളി അരിഞ്ഞിട്ട് കടുക് വറുത്തതിൽ പുളി വെള്ളം ചേർത്ത് തിളപ്പിച്ച്, തേങ്ങ അരച്ചത് ചേർത്തും അരച്ചു കലക്കി എന്ന രുചികരമായ ഒഴിച്ചു കറി ഉണ്ടാക്കാറുണ്ട്.
കറി വയ്ക്കാൻ പച്ചക്കറികൾ ഇല്ലാത്ത ദിനങ്ങളിൽ മാത്രമല്ല സമയം കുറവുള്ള ദിവസങ്ങളിലും പലപ്പോഴും ഈ കറി ഉപകാരപ്രദമാണ്. അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്യാനാകുന്ന കറി, പാചകം ചെയ്യാൻ സമയം കണ്ടെത്താൻ പ്രയാസപ്പെടുന്ന പുതു തലമുറയ്ക്ക് ഏറെ ഇഷ്ടമാകും എന്നുറപ്പാണ്.
പപ്പായയും മാങ്ങയും ചേർത്ത, കശുവണ്ടി അരച്ച രുചികരമായ പുഴമീൻ കറി
പഴയ തലമുറയുടെ രുചികരമായ ലളിത ഭക്ഷണ ശീലങ്ങൾ ഓർമ്മിപ്പിക്കുന്നത് കൂടിയാണ് ഹോട്ടലുകളിൽ കിട്ടാത്ത വിഭവങ്ങളിൽ ഒന്നായ ഉപ്പിലിട്ട മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന അരച്ചു കലക്കി.
ചേരുവകൾ (നാലു പേർക്ക്)
ഉപ്പിലിട്ട മാങ്ങ - 2 ചെറുത് ( വലുതെങ്കിൽ ഒന്ന്- തൊലി ചെത്തി കളഞ്ഞ് ചെറു കഷണങ്ങളായി അരിഞ്ഞത് )
തേങ്ങ - 1 കപ്പ് ( ചിരകിയത് )
തൈര് - അര കപ്പ്
പച്ച മുളക് - 4 എണ്ണം ( വലുപ്പവും എരിവും അനുസരിച്ച് )
ചുവന്നുള്ളി - 8 എണ്ണം ( 5 എണ്ണം ചെറുതായി വട്ടത്തിൽ അരിഞ്ഞു കടുക് വറുക്കാൻ, 3 എണ്ണം തേങ്ങയ്‌ക്കൊപ്പം അരയ്ക്കാൻ )
മഞ്ഞൾ പൊടി - അര ടീ സ്പൂൺ
കായം പൊടി - 1 നുള്ള്
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില - 1 തണ്ട്
വെളിച്ചെണ്ണ, കടുക്, വെള്ളം ആവശ്യത്തിന് - ഉപ്പു മാങ്ങയ്ക്ക് ഉപ്പുള്ളതിനാൽ ഉപ്പ് ചേർക്കേണ്ടി വരില്ല. കറി വെച്ച ശേഷം ഉപ്പു നോക്കി, ഉപ്പ് കുറവാണെങ്കിൽ മാത്രം ലേശം ഉപ്പു കൂടി ചേർക്കാം.
പാചക ക്രമം
1. തൊലി കളഞ്ഞ് ചെറു കഷണങ്ങളായി നുറുക്കിയ ഉപ്പുമാങ്ങയും തേങ്ങയും പച്ച മുളകും മൂന്ന് ഉള്ളിയും അര ടീ സ്പൂൺ മഞ്ഞൾ പൊടിയും തൈര് ചേർത്ത് നന്നായി അരച്ച് അരപ്പ് തയ്യാറാക്കുക.
2. വട്ടത്തിൽ അരിഞ്ഞ അഞ്ച് ചുവന്നുള്ളിയും രണ്ടായി മുറിച്ച വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് കടുകു വറുത്തതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അരപ്പും ഒരു നുള്ള് കായം പൊടിയും കലക്കി ഒഴിച്ച് തിളപ്പിച്ചു വാങ്ങുക. രുചികരമായ ഉപ്പുമാങ്ങാ അരച്ചു കലക്കി തയ്യാർ.
Content Highlights: Discover Acharu Kalakki, a delicious Kerala curry made with pickled mango.