‘ദോശ കഴിക്കാൻ കുടുംബത്തെ ടെലിപോർട്ട് ചെയ്യാൻ ആഗ്രഹം?’ കേരളത്തിലെ ബാഹുബലി ദോശയുടെ ഫാനായെന്ന് മഹീന്ദ്ര

ആനന്ദ് മഹിന്ദ്ര | Photo: PTI, ആനന്ദ് എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം
ആനന്ദ് മഹിന്ദ്ര | Photo: PTI, ആനന്ദ് എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം

സോഷ്യൽ മീഡിയയിൽ എപ്പോഴും വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായ വിവരങ്ങൾ പങ്കുവെക്കുന്ന വ്യക്തിയാണ് വ്യവസായ പ്രമുഖനായ ആനന്ദ് മഹിന്ദ്ര. കേരളത്തിലെ ഒരു പ്രശസ്ത ദോശക്കടയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തിരുവനന്തപുരം കിളിമാനൂരിലെ ചട്‌നി മാമി റെസ്‌റ്റോറന്റിലെ ദോശക്കടയെക്കുറിച്ചാണ് ആനന്ദ് മഹിന്ദ്ര എക്‌സിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'ഒരു പാചകാനുഭവത്തിനായി മാത്രം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഞാൻ ശുപാർശ ചെയ്യാറില്ല. ഒരുപക്ഷേ ഇത് എന്റെ ചെറുമകൻ സന്ദർശിക്കുന്നതുകൊണ്ടും അവൻ ഒരു ദോശ ആരാധകനായതിനാലുമാകാം. പക്ഷെ പറയാതിരിക്കാൻ സാധിക്കില്ല. ഈ ഞായറാഴ്ചത്തെ ഭക്ഷണം ഒന്നിച്ചുകഴിക്കുന്നതിന് വേണ്ടി കുടുംബത്തെ 'ചട്ട്ണി മാമി'യിലേക്ക് ടെലിപോർട്ട് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അല്ലെങ്കിൽ സ്വിഗ്ഗിയോ സൊമാറ്റോയോ ഒരു അന്തർ സംസ്ഥാന ഡ്രോൺ ഡെലിവറി സേവനം ആരംഭിക്കണം. എനിക്കറിയാം ദോശ തണുത്തുപോകുമെന്ന് പക്ഷെ, ആർക്കറിയാം.' ആനന്ദ് കുറിക്കുന്നു.

ഭീമൻ ബാഹുബലി ദോശ കിട്ടുന്ന കേരളത്തിലെ ഏക റെസ്റ്ററന്റാണ് ചട്‌നി മാമി. ചട്‌നിമാമി മുന്നിൽനിന്ന് മണിയടിച്ചുകൊണ്ടാണ് അതിഥികളുടെ അടുത്തേക്ക് ഈ ദോശ കൊണ്ടുവരുന്നത്. ആഹാരം ഇഷ്ടപ്പെട്ടാൽ ഇവിടെ തൂക്കിയിട്ടുള്ള മണിയടിക്കാൻ കസ്റ്റമേഴ്‌സിനും സാധിക്കും. ആനന്ദ് മഹിന്ദ്രയുടെ ഈ പോസ്റ്റോടെ കേരളത്തിലെ ദോശ രുചികൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിക്കഴിഞ്ഞു.

Content Highlights: Industrialist Anand Mahindra shared a post praising Chutney Mami restaurant in Kilimanoor, Kerala., The restaurant is famous for its massive Bahubali Dosa served with unique traditions like ringing a bell., Mahindra joked about wanting to teleport his family there or needing an interstate drone delivery for the dosa.