ബസ്സിനകത്തുനിന്ന് വ്യാജ ലൈംഗികാതിക്രമ വീഡിയോ? പ്രചാരണത്തിന്റെ യാഥാർഥ്യമറിയാം | Fact Check

സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത മുസ്തഫ എന്ന യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ഒരു വീഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്. ബസ്സിൽ പ്രായമായൊരു പുരുഷന് അരികിൽ നിന്നുകൊണ്ട് യുവതി പകർത്തിയ ദൃശ്യങ്ങളാണിത്.
വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം -
“ ഇതാ, ഷിംജിത മുസ്തഫയുടെ മറ്റൊരു പതിപ്പ്! ഒരു പുരുഷന്റെ ഭാഗത്തുനിന്നും അബദ്ധത്തിൽ പോലും ഒരു 'മോശം സ്പർശം' ഉണ്ടാകാൻ വേണ്ടി അതിനായി കാത്തിരിക്കുന്ന ഒരു സ്ത്രീ; അങ്ങനെ സംഭവിച്ചാൽ ഉടൻ തന്നെ 'പീഡനം' എന്ന് ആരോപിച്ച് ബഹളമുണ്ടാക്കാൻ അവൾ തയ്യാറായി നിൽക്കുന്നു. അയാളുടെ പ്രായം പോലും അവൾ പരിഗണിക്കുന്നില്ല! ബസ്സിൽ ഒട്ടും തിരക്കില്ലാത്ത അവസ്ഥയിലും, വ്യൂസ് നേടുന്നതിനായി അവൾ മനഃപൂർവ്വം അയാളുടെ അടുത്തേക്ക് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നു.”
കീ ഫ്രെയിമകുൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മറ്റ് പല ഹാൻറിലുകളിൽനിന്നും സമാന അവകാശവാദത്തോടെ ഇതേ വീഡിയോ പങ്കുവച്ചതായി കണ്ടെത്തി. നവംബർ 19-ന് രോഹിത് സിംഗ് എന്ന എക്സ് അക്കൗണ്ടിൽനിന്നുമാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇരുപത് സെക്കൻറ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളുടെ അവസാനഭാഗത്തായി ‘ജനക്’ നവംബർ 13-ന് റിലീസ് ചെയ്യുന്ന എന്ന് എഴുതിയിരിക്കുന്നതായി കണ്ടു. ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ജനക് എന്ന മറാഠി സിനിമയുടെ ട്രെയ്ലറുകൾ ലഭിച്ചു. ഒക്ടോബർ 14-നും 28-നുമായി അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ട്രെയ്ലറുകളിൽ വൈറൽ വീഡിയോയിലെ അതേ ഭാഗങ്ങളുണ്ട്.
അഭിഷേക് കൻവാർ സംവിധാനം ചെയ്ത് നവംബർ 13-ന് തിയേറ്ററുകളിൽ എത്തിയ മറാത്തി കോർട്ട്റൂം ഡ്രാമ ചിത്രമാണ് 'ജനക്. സയാലി സഞ്ജീവ്, അവിനാശ് നാർക്കർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്ത്കുന്നത്. ഒരു വ്യാജ വൈറൽ വീഡിയോയിലൂടെ അപമാനിക്കപ്പെട്ട് ജീവിതം തകർന്നുപോകുന്ന 'ജോഷി മാസ്റ്റർ' എന്ന സാധാരണക്കാരന്റെയും തന്റെ പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ പോരാടുന്ന ഗർഭിണിയായ അഭിഭാഷക 'സിയ'യുടെയും കഥയാണ് ഈ ചിത്രം.
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് അഭിനേതാക്കളായ അനുഷ്ക പിംപുട്കർ, അവിനാശ് നാർക്കർ എന്നിവരാണ്. ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതിലെ സത്യാവസ്ഥ വ്യക്തമാക്കി അനുഷ്ക ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു. മാത്രമല്ല, സിനിമാ ചിത്രീകരണ സെറ്റിൽനിന്നും അവിനാശിനൊപ്പമുള്ള ചിത്രങ്ങളും ഇവർ ഇൻസ്റ്റയിൽ നേരത്തെ പോസ്റ്റുവെച്ചിട്ടുണ്ട്.
ഇതിൽനിന്നു സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. മറാത്തി സിനിമയിൽനിന്നുള്ള ഭാഗങ്ങളാണ് യഥാർത്ഥ സംഭവത്തിൻറേതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്നത്.
Content Highlights: A viral video on social media falsely claims a woman is staging a harassment incident on a bus., The clip actually originates from a Marathi courtroom drama movie titled 'Janak', directed by Abhishek Kanwar., Actors Anushka Pimputkar and Avinash Narkar are featured in the viral movie scene., Actress Anushka clarified the truth on Instagram after the scene was misrepresented online.