താൻ സ്ത്രീയല്ല ട്രാൻസ്‌ജെൻഡറെന്ന് നേഹാ ബോറ പറഞ്ഞോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡൻറ് നേഹാ ബോറ താൻ സ്ത്രീയല്ലെന്നും ട്രാൻസ്ജെൻഡറാണെന്നും വെളിപ്പെടുത്തി എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ (പ്രത്യേകിച്ച് വലതുപക്ഷ ചായ്‌വുള്ള ഹാൻഡിലുകളിൽ) വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചരിപ്പിക്കുന്നതെന്നാണ് യാഥാർത്ഥ്യം.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

പ്രമുഖ മാധ്യമമായ 'ന്യൂസ്‌ലോൻഡ്രി' 2026 ഒക്ടോബർ 15-ന് പ്രസിദ്ധീകരിച്ച "Neha Bora, the angriest person in town: A profile of rage" എന്ന ആർട്ടിക്കിളിൽ തന്‍റെ ലിംഗസ്വത്വത്തെക്കുറിച്ചുള്ള നിലപാട് നേഹ വ്യക്തമാക്കിയിരുന്നു. താൻ അവൾ എന്നല്ല, മറിച്ച് 'അവർ' (They/Them) എന്ന് അഭിസംബോധന ചെയ്യപ്പെടാനാണ് താൽപ്പര്യപ്പെടുന്നതെന്നായിരുന്നു ഇത്. തുടർന്ന് ഒക്ടോബർ അവസാനം 'പീക്ക് ടിവി' എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അവർ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ്‌ലോൻഡ്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട്

‘അഭിമുഖത്തിൽ പോലും നിങ്ങളെ പലതവണ മാറി അഭിസംബോധന ചെയ്തിട്ടുണ്ടല്ലോ’ എന്ന ചോദ്യത്തിന് നേഹ നൽകിയ മറുപടി ഇപ്രകാരമായിരുന്നു- “അഭിസംബോധന ചെയ്യുമ്പോൾ ആളുകൾക്ക് ചിലപ്പോൾ മാറിപ്പോകാറുണ്ട്, അത് സ്വാഭാവികമായാണ് എടുക്കാറുള്ളത്. നോൺ-ബൈനറി (Non-binary) വ്യക്തികളെ മനസ്സിലാക്കാൻ സമൂഹത്തിന് സമയമെടുക്കും”[ 01:29:31- 01:30:02] . മാത്രമല്ല, തങ്ങളെ 'they/them' എന്ന് അഭിസംബോധന ചെയ്യണമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നിലപാട് കൂടിയാണെന്നും നേഹ വിശദീകരിക്കുന്നുണ്ട് .

നേഹ നടത്തിയ ഈ പരാമർശങ്ങൾ വളച്ചൊടിച്ചാണ് അവർ ട്രാൻസ്ജെൻഡറാണെന്ന് വെളിപ്പെടുത്തി എന്ന തരത്തിൽ പ്രചാരണം നടത്തുന്നത്. 'നോൺ-ബൈനറി' എന്ന വാക്കിന്റെ അർത്ഥം 'ട്രാൻസ്ജെൻഡർ' എന്നല്ല. ജനന സമയത്ത് ശരീരശാസ്ത്രപരമായി നിർണയിച്ച ലിംഗവും പിന്നീട് സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വവും വ്യത്യസ്തമാവുകയും അതുപ്രകാരം ആൺ, പെൺ എന്നീ രണ്ട് വിഭാഗങ്ങളിൽ ഒന്നിലേക്ക് തങ്ങളുടെ ലിംഗസ്വത്വം മാറ്റിയവരാണ് ട്രാൻസ്‌ജെൻഡർ. എന്നാൽ, ലിംഗവ്യവസ്ഥയുടെ സ്ത്രീ - പുരുഷ വിഭാഗങ്ങളിൽ ഒതുങ്ങാത്തതോ അതിനുപുറമേ സ്വന്തം സ്വത്വം കണ്ടെത്തുന്നതോ ആയ വ്യക്തികളെയാണ് നോൺ-ബൈനറി എന്നത് വിശേഷിപ്പിക്കുന്നത്. താൻ ട്രാൻസ്ജെൻഡറാണെന്ന് നേഹ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല.

വാസ്തവം

നേഹയുടെ 'നോൺ-ബൈനറി' പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് അവർ ട്രാൻസ്ജെൻഡറാണെന്ന് വ്യാജ പ്രചാരണം നടത്തുന്നത്. സ്ത്രീ- പുരുഷ ലിംഗവിഭാഗങ്ങളിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിക്കാത്തതോ അതിനുപുറമേ സ്വന്തം സ്വത്വം കണ്ടെത്തുന്നതോ ആയ വ്യക്തികളെയാണ് നോൺ-ബൈനറി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

Content Highlights: AISA National President Neha Bora did not claim she is transgender., Social media handles misinterpreted her 'non-binary' (they/them) identity statements., Newslaundry and Peak TV interviews clarify her stance on gender identity., Non-binary and transgender are distinct gender concepts.