ജാമുയി കേസിൽ മറ്റൊരു പ്രതിയെക്കൂടെ പിടികൂടിയതിന്‍റെ ദൃശ്യങ്ങളോ ഇത്? | Fact Check

ബിഹാറിലെ ജാമുയി ജില്ലയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രധാന പ്രതി നന്ദൻ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമുട്ടലിൽ കാലിന് വെടിയുതിർത്തായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേർ അറസ്റ്റിലായതായാണ് വിവരം. ഇതിനിടെ “ജാമുയി കേസിലെ മറ്റൊരു ബലാത്സംഗക്കുറ്റവാളി കൂടി അറസ്റ്റിലായി” എന്ന വാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ഈ ദൃശ്യങ്ങൾ ജമുയി കേസുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
https://www.facebook.com/reel/1092800743246299
പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത് ‘ബലാത്സംഗക്കുറ്റവാളി’ പിടിയിൽ എന്നാണ്, എന്നാൽ ജാമുയി സംഭവത്തിൽ, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സാമൂഹ്യ വിരുദ്ധരുടെ ബലാത്സംഗശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു എന്നതാണ് യാഥാർത്ഥ്യം. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠിയാണ് അവളെ അക്രമികളിൽനിന്ന് രക്ഷിച്ചത്.
വൈറൽ വീഡിയോയിലേക്ക് വന്നാൽ, വലതുകാലിന് പരിക്കേറ്റ ഒരാളെ പോലീസുകാർ ചേർന്ന് പിടിച്ചുകൊണ്ടുവരുന്നതാണ് ദൃശ്യങ്ങളിൽ. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വന്ന് ഇയാളുടെ മുഖത്തടിക്കുന്നുമുണ്ട്. വിശദമായ പരിശോധനയിൽ ഇതേ വീഡിയോ 2025 ഡിസംബർ 16-ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ‘ഉജ്ജൈന് സമീപം ഖാചരോദിൽ ചെറിയകുട്ടിയെ മനുഷ്യത്വരഹിതമായി ഉപദ്രവിച്ച നീചനെ പോലീസ് പാഠം പിഠിപ്പിച്ചു’ എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജാമുയി സംഭവം നടന്നത് ഇക്കഴിഞ്ഞ സെപ്തംബർ 19-നായിരുന്നു, പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇതിനും ഏറെ മാസങ്ങൾക്ക് മുൻപേ ഉള്ളതാണെന്ന് ഇതിൽനിന്നു വ്യക്തമായി.
ഈ പോസ്റ്റിൽനിന്ന് ലഭിച്ച സൂചനകൾ അടിസ്ഥാനമാക്കി കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്കർ ഇതേ വീഡിയോ ഉൾപ്പെടുത്തി വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗശ്രമം ചെറുത്ത 9 വയസ്സുകാരിയെ കൊലപ്പെടുത്തിയ റിയാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചാണ് വാർത്ത. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് കുറ്റം സമ്മതിക്കുകയും ഇയാളെ പൊതുനിരത്തിലൂടെ പരേഡ് നടത്തുകയും ചെയ്തതായാണ് വാർത്തയിൽ പറയുന്നത്. ആസമയത്ത് സ്വയം നടക്കാൻ പോലുമാവാത്ത സ്ഥിതിയിലായിരുന്നു പ്രതിയെന്നും വാർത്തയിലുണ്ട്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വീഡിയോ ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.
Content Highlights: Main accused Nandan Yadav was arrested in the Jamui minor assault case., A viral video claims another accused was shot and arrested by police., Investigation proves the viral video is actually from Ujjain, Madhya Pradesh, dating back to December 2025., The video has no connection to the Jamui incident that occurred on September 19.