ഐ.എസ്. തടവറയിൽനിന്ന് മോചിപ്പിക്കപ്പെട്ട ഈ യുവതികൾ ഇന്ത്യക്കാരല്ല | Fact Check

#സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

അപരമത വിദ്വേഷത്തിലൂന്നി സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് കേരള സ്റ്റോറി സിനിമയെന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു. സിനിമയിലെ അണിയറ പ്രവർത്തകർ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയാവുകയും ചെയ്തു. 
 
എന്നാൽ, അവയെല്ലാം ശരിയാണ് എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോഴും ചിലർ. അതിനുദാഹരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ. ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ്)  ഭീകരവാദികൾ ലൈംഗിക അടിമകളാക്കിയ 38 ഇന്ത്യൻ പെൺകുട്ടികളെ യു.എൻ. സൈന്യം മോചിപ്പിച്ചു എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 'ദി കേരള സ്റ്റോറി കെട്ടുകഥയെന്ന് പറയുന്നവർ ഇത് മനസ്സിലാക്കിയാൽ നന്ന്' എന്ന ഒരു താക്കീതും ഈ വിവരണത്തിലുണ്ട്. എന്താണ് പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമെന്ന് പരിശോധിക്കുന്നു.

പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

U.N സൈനികര്‍ ISIS താവളത്തിലേയ്ക്ക് ഇരച്ചുകയറി ലൈംഗികതയ്ക്ക് അടിമയാക്കപ്പെട്ട 38 ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷിച്ചൂ.. അവരെ ചങ്ങലയില്‍ ബന്ധിച്ച് ഇഷ്ടാനുസരണം ഭോഗിക്കലായിരുന്നൂ.. *ദി കേരളാ സ്റ്റോറി* കെട്ടുകഥയെന്ന് അവകാശപ്പെടുന്ന ''മതേതര കൂതറകള്‍'' ഇത് മനസിലാക്കിയാല്‍ നന്ന്..

Posted by Unni Pachalloor on Friday, May 3, 2024

അന്വേഷണം

തുണികൊണ്ട് നിർമിച്ച ഒരു കൂടാരത്തിനുള്ളിൽ ചങ്ങലകൊണ്ട് ബന്ദികളാക്കിയ രണ്ടു യുവതികളാണ് വീഡിയോയിലുള്ളത്. കൂടാരത്തിനുള്ളിലേക്ക് കയറിച്ചെന്ന ഏതാനും സൈനിക വേഷധാരികൾ ഇവരെ മോചിപ്പിക്കുന്നതാണ് തുടർന്നുള്ള ദൃശ്യങ്ങളിൽ. വീഡിയോയുടെ വലതു ഭാഗത്ത് ഏറ്റവും മുകളിലായി 'ypj navenda ragihandine' എന്ന വാട്ടർമാർക്കും നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ 'വൈ.പി.ജെ. കമ്മ്യൂണിക്കേഷൻ സെന്റർ' എന്നാണ് ഇതിന്റെ അർഥം എന്ന് വ്യക്തമായി. സിറിയയിൽ പ്രവർത്തിക്കുന്ന കുർദിഷ് സായുധ സേനയായ വൈ.പി.ജി (Y.P.G.) യുടെ വനിതാ വിഭാഗമാണ് വൈ.പി.ജെ. (Y.P.J.) (സിറിയ, ഇറാഖ്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ ഒരു ന്യൂനപക്ഷ ജനവിഭാഗമാണ് കുർദുകൾ).  

തുടർന്നുള്ള പരിശോധനയിൽ, യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി നാഷണൽ', ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കുർദിസ്ഥാൻ 24' എന്നീ മാധ്യമങ്ങളുടെ വാർത്തയിൽ ഇതേ വീഡിയോ കണ്ടെത്തി. 2022 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച വർത്തകളിലാണ് വീഡിയോയുള്ളത്. വാർത്തകൾ പ്രകാരം, വടക്കൻ സിറിയയിലെ അൽ-ഹോൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഐ.എസ്. ക്യാമ്പിൽനിന്നു യസീദി യുവതികളെ വൈ.പി.ജെ. സൈനികർ മോചിപ്പിക്കുന്നതിന്റേതാണ് പ്രസ്തുത വീഡിയോ. 
(പശ്ചിമേഷ്യയിലെ പ്രാചീന മതമായ യസീദിസം പിന്തുടരുന്നവരാണ് യസീദികൾ). 

മാത്രമല്ല, വൈ.പി.ജെയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഇതേ വീഡിയോ 2022 സെപ്റ്റംബർ അഞ്ചിന് പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കണ്ടെത്തി. ആകെ നാല് യസീദി യുവതികളെ അൽ-ഹോൽ ക്യാമ്പിലെ ഓപ്പറേഷനിൽ സൈനികർ മോചിപ്പിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്. അങ്ങനെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഇന്ത്യക്കാരായ യുവതികൾ അല്ല എന്ന് സ്ഥിരീകരിച്ചു.  

വൈ.പി.ജെ.യുടെ എക്‌സ് പോസ്റ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

വൈ.പി.ജെ.യുടെ എക്‌സ് പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്: https://web.archive.org/web/20230610014105/https://twitter.com/YPJ_Info/status/1566816757163114497 

കുർദിസ്ഥാൻ 24 വാർത്തയുടെ ലിങ്ക്: 
https://web.archive.org/web/20230129164421/https://www.kurdistan24.net/en/story/29413-Four-imprisoned-women-liberated-in-al-Hol-camp 

ദി നാഷണൽ ന്യൂസ് വാർത്തയുടെ ലിങ്ക്:
https://www.thenationalnews.com/mena/syria/2022/09/07/four-women-freed-after-being-kept-in-chains-by-isis-at-syrias-al-hol-camp/ 

2011-ലെ സിറിയൻ ആഭ്യന്തര യുദ്ധസമയത്ത് കുർദ് ജനവാസമേഖലകൾ സംരക്ഷിക്കാനായി സ്ഥാപിച്ച ഒരു സായുധ സംഘടനയാണ് വൈ.പി.ജി. പിന്നീട്, ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സായുധ സഖ്യത്തിലും ഇവർ പ്രധാന പങ്കാളികളായി. സിറിയയിലെ ബാഷർ അൽ-അസദ് സർക്കാരിനെതിരെയും ഐ.എസിനെതിരെയും പ്രവർത്തിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിലെ പ്രധാന പങ്കാളികൾ കൂടിയാണിവർ. വൈ.പി.ജിയുടെ വനിതാ വിഭാഗം (വൈ.പി.ജെ.) ഐ.എസ്. ഭീകരവാദികൾക്കെതിരെ നടത്തിയിട്ടുള്ള പോരാട്ടങ്ങൾ അന്തരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

വാസ്തവം 

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരവാദികൾ ലൈംഗിക അടിമകളാക്കിയ ഇന്ത്യൻ പെൺകുട്ടികളെ യു.എൻ. സൈന്യം മോചിപ്പിച്ചു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഐ.എസ്. ഭീകരർ അടിമകളാക്കിയ യസീദി യുവതികളെ കുർദ് സൈനികർ മോചിപ്പിക്കുന്നതിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. 

Content Highlights: The video says 38 Indian girls sexually enslaved by IS terrorists are released from prison