കരയുന്ന അണ്ണാമലൈ; ഈ ദൃശ്യങ്ങൾക്ക് ഫലപ്രഖ്യാപനവുമായി ബന്ധമില്ല | Fact Check

തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ അണ്ണാമലൈയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വേദിയിൽ പ്രസംഗിക്കുന്നതിനിടെ കരച്ചിലടക്കി നിർത്താൻ അണ്ണാമലൈ പ്രയാസപ്പെടുന്നതാണ് ദൃശ്യങ്ങളിൽ. തമിഴ്‌നാട്ടിൽ പാർട്ടിയുടെ മോശം പ്രകടനവും ഒപ്പം കോയമ്പത്തൂർ മണ്ഡലത്തിലെ തോൽവിയുമാണ് ഇതിന് കാരണമെന്നാണ് വാദം.
'3 വർഷമായി അദ്ദേഹം മുഴുവൻ സമയവും ജോലി ചെയ്തു. അദ്ദേഹം തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലും എത്തി. അദ്ദേഹം ചുമതലയേൽക്കുമ്പോൾ ബി.ജെ.പി. വോട്ട് വിഹിതം വെറും 8% ആയിരുന്നു ഇപ്പോഴത് 19% ആണ്. അദ്ദേഹത്തിന്റെ കണ്ണുനീർ ഒരുപാട് അർത്ഥമാക്കുന്നു. പക്ഷേ അദ്ദേഹം തിരിച്ചുവരും, അണ്ണാമലൈയാണ് തമിഴകത്തിന്റെ ഭാവി' എന്ന് പ്രചരിക്കുന്ന വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.
https://x.com/VIKRAMPRATAPSIN/status/1798952663133954238
https://x.com/SoldierSaffron7/status/1799406449711608274
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു വാർത്താ മാധ്യമമായ ന്യൂസ് 18 തമിഴ്‌നാടിന്റെ യൂട്യൂബ് ചാനലിൽ ഇതേ ദൃശ്യങ്ങളടങ്ങിയ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. 2024 ഏപ്രൽ 17-നാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽനിന്നുള്ള പോളിമർ ന്യൂസ് എന്ന മാധ്യമവും കഴിഞ്ഞ ഏപ്രിൽ 17-ന് ഇതേ ദൃശ്യങ്ങളുടെ തത്സമയ സംപ്രേഷണം നടത്തിയിരുന്നു.
തമിഴിൽ കീവേർഡ് സർച്ച് ചെയ്തതിൽനിന്നു പ്രാദേശിക മാധ്യമമായ ദിനമലർ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.
https://election.dinamalar.com/detail.php?id=14108
അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിലെ കസ്തൂരി നായ്ക്കൻപാളയം എന്ന സ്ഥലത്തെ ഒരു വൃദ്ധസദനത്തിൽ നടന്ന പരിപാടിക്കിടെ നടന്ന സംഭവമാണിത്. അവിടുത്തെ അന്തേവാസികളോട് സംസാരിക്കുന്നതിനിടെയാണ് അണ്ണാമലൈ വീകാരധീനനായത് 'കഴിഞ്ഞ ഒരു വർഷമായി വൈകുന്നേരം ഇവിടെ വന്ന് മുതിർന്നവരോടൊപ്പം ഇരുന്ന് സംസാരിക്കാൻ ഞാൻ ശ്രമിക്കുന്നു. പക്ഷേ സമയം ലഭിച്ചില്ല. ഇന്ന് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. അതിനാൽ നിങ്ങളെ കണ്ട് സംസാരിക്കണമെന്ന് കരുതി. അതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു' എന്ന് പരിപാടിയിൽ അണ്ണാമലൈ പറഞ്ഞതായാണ് വാർത്തയിൽ പറയുന്നത്.
വാസ്തവം
പ്രചരിക്കുന്ന വീഡിയോ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന് മുൻപുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനം ഏപ്രിൽ 17-ന് അണ്ണാമലൈ കോയമ്പത്തൂരിലെ കസ്തൂരി നായ്ക്കൻപാളയം എന്ന സ്ഥലത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളുമായി സംവദിച്ചിരുന്നു. ഈ പരിപാടിക്കിടെയുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: In the video, Annamalai struggles to hold back his tears while giving a speech on the stage