എം.എസ്.എഫ്. നേതാവ് അറസ്റ്റിലായത് ലഹരിമരുന്ന് കേസിലോ? | Fact Check

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. പല അക്രമ സംഭവങ്ങളിലും പ്രതിസ്ഥനത്ത് ലഹരിയാണെന്നിരിക്കെ പോലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുസ്ലീം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ നേതാവ് ഉസ്മാൻ തങ്ങളെ എംഡിഎംഎയുമായി പോലീസ് പിടികൂടിയെന്ന വാദത്തോടെ സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലായി.
https://www.facebook.com/photo?fbid=2004193253394096&set=a.151759745304132
എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ പോസ്റ്റിലെ വിവരങ്ങൾ ഉപയോഗിച്ച് കീവേർഡ് സെർച്ച് നടത്തിയപ്പോൾ ഉസ്മാൻ തങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മാർച്ച് അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ലഭ്യമായി. ഉസ്മാൻ തങ്ങൾക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പരാതിയുടെ പകർപ്പും കോതമംഗലം പൊലീസ് സറ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ. നമ്പറും പോസ്റ്റിലുണ്ട്. കോതമംഗലം പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് എം.എസ്.എഫ്. എറണാകുളം ജില്ലാ സെക്രട്ടറിയായ ഉസ്മാൻ തങ്ങൾ അറസ്റ്റിലായതെന്ന് പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കാണാം.
പിന്നീട് കോതമംഗംലം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ഉസ്മാൻ തങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് പേരെ അടിപിടി കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിക്കാനായി. 'ലഹരിമരുന്ന് കൈവശം വച്ചതിനല്ല, മാർ ബസേലിയോസ് കോളേജിനു മുന്നിൽ നടന്ന സംഘർഷത്തെ തുടർന്നാണ് എം.എസ്.എഫ്. പ്രവർത്തകരായ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. ജനുവരി 25-നാണ് കേസ് ഫയൽ ചെയ്തത്. ക്രിമിനൽ കേസ് ആയതിനാൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ' എന്ന് കോതമംഗലം പോലീസ് വ്യക്തമാക്കി.
തുടർന്ന് ഉസ്മാൻ തങ്ങൾക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിന്റെ എഫ്.ഐ.ആർ. റിപ്പോർട്ട് പരിശോധിച്ചു. 2024 ജനുവരി 25-നാണ് കോതമംഗംലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉസ്മാൻ തങ്ങൾ, ഷൗക്കത്തലി, ജസ്വാൻ, ഷമീർ സുനിൽ, കമർ പ്ലാമൂടൻ എന്നീ അഞ്ച് പേർക്കെതിരെ അജയ് ദാസ്, അഭിഷേക്, അജയ് പ്രദീപ് എന്നിവരാണ് പരാതി നൽകിയിട്ടുള്ളത്. മാർ ബസേലിയോസ് കോളേജിനു മുൻവശം ജനുവരി 24-ന് രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. ഉ
സ്മാൻ തങ്ങളും അജയ് പ്രദീപും തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരാതിക്കാരെ മർദ്ദിക്കുകയും വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഭാരതീയ ന്യായ് സൻഹിത(BNS) പ്രകാരം 118(2),115(2),118(1),3(5) വകുപ്പുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. എഫ്.ഐ.ആറിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ കാണാം.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെയും ഞങ്ങൾ ബന്ധപ്പെട്ടു. 'കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. കോളേജിനു വെളിയിൽവച്ചാണ് ഇവർ ഏറ്റുമുട്ടിയത്. ഉസ്മാൻ തങ്ങൾക്കെതിരെ ഫയൽ ചെയ്ത കേസ് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണല്ലോ. എസ്.എഫ്.ഐക്കാരാണ് ഇപ്പോൾ ഈ വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഉസ്മാൻ ഉൾപ്പെടെ റിമാൻഡിലായിരുന്ന പ്രവർത്തകർക്ക് മാർച്ച് 11-ന് ജാമ്യം ലഭിച്ചിട്ടുണ്ട്.' എന്നും പി.കെ. നവാസ് പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽനിന്ന് എം.എസ്.എഫ്. നേതാവ് ഉസ്മാൻ തങ്ങൾ ലഹരിമരുന്നുമായി അറസ്റ്റിലായി എന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
വാസ്തവം
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എം.എസ്.എഫ്. നേതാവ് ഉസ്മാൻ തങ്ങൾ അറസ്റ്റിലായത് ലഹരിമരുന്ന് കേസിലല്ല മറിച്ച് കോതമംഗലം മാർ ബസേലിയോസ് കോളേജിനു മുന്നിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The post claims that MSF leader Usman Thangal caught with MDMA