തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാൾ ആക്രമിക്കപ്പെട്ടോ? | Fact Check

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഒരാൾ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിക്കിടെ ആയിരുന്നു സംഭവം എന്ന വാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. ഇതിലെ വാസ്തവം പരിശോധിക്കാം
അന്വേഷണം
വൈറൽ വീഡിയോയിലെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു എൻഡിടിവിയുടെ യൂട്യൂബ് ചാനലിൽ 2019 മെയ് നാലിന് അപ്ലോഡ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. 'ഡൽഹിയിൽ റോഡ്‌ഷോയ്ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖത്തടിച്ചു' എന്നാണ് ഇതിന് തലക്കെട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹി മണ്ഡലത്തിൽ എ.എ.പി. നടത്തിയ റോഡ് ഷോയ്ക്കിടെ മോത്തി നഗറിൽ വച്ചായിരുന്നു സംഭവം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് നേതാക്കളും തുറന്ന പ്രചാരണ വാഹനത്തിൽ സഞ്ചരിക്കവെ ജനക്കൂട്ടത്തിൽനിന്ന് ഒരാൾ വാഹനത്തിലേക്ക് ചാടിക്കയറി മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയായിരുന്നു. 2019 മെയ് നാലിനായിരുന്നു ഇത്, സംഭവത്തിന് പിന്നിൽ ബി.ജെ.പി. ആണെന്ന് എ.എ.പി. അന്ന് ആരോപിച്ചിരുന്നു.
തുടർന്ന് നടത്തിയ കീ വേർഡ് സർച്ചിൽ ഇതുമായി ബന്ധപ്പെട്ട നിരവധി മാധ്യമ വാർത്തകൾ ലഭിച്ചു. 2019 മെയ് 10-ന് ഡെക്കാൻ ക്രോണിക്കിൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, സുരേഷ് ചൗഹാൻ എന്ന മുപ്പത്തിമൂന്നുകാരനാണ് കെജ്രിവാളിനെ ആക്രമിച്ചത്. ഡൽഹിലെ കൈലാശ് പാർക്ക് സ്വദേശിയായ ഇയാൾ സ്‌പെയർപാട്‌സ് ഡീലറാണ്. താൻ ആരുടെയും നിർദേശാനുസരണമല്ല അങ്ങനെ പ്രവർത്തിച്ചതെന്നും തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല എന്നുമായിരുന്നു സുരേഷിൻറെ അവകാശവാദം. മാത്രമല്ല, എന്തിനാണ് താൻ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും കെജ്രിവാളിനെ ഉപദ്രവിച്ചതിൽ ഖേദിക്കുന്നതായും അയാൾ വ്യക്തമാക്കിയിരുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ മറ്റ് ആക്രമണമൊന്നും നടന്നതായി റിപ്പോർട്ടുകളില്ല.
വാസ്തവം
2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരാൾ മുഖത്തടിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ടലി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Chief Minister Arvind Kejriwal was slapped on the face during a roadshow in Delhi