ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വിരാട് കോലിയുടെ പ്രതിമ സ്ഥാപിച്ചിട്ടില്ല | Fact Check

#ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

സമൂഹമാധ്യമങ്ങളിലെല്ലാം ഐ.സി.സി ടി-20 വേൾഡ് കപ്പ് വിജയാഘോഷം അലയടിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പ്രതിമ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സ്ഥാപിച്ചുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോയും ചിത്രവും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില മുഖ്യധാരാ മാധ്യങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഈ പ്രചാരണം തീർത്തും തെറ്റാണ് എന്നതാണ് വാസ്തവം. വിശദാംശങ്ങൾ ചുവടെ വായിക്കാം. 

നിരവധി പേരാണ് കോലിയുടെ ഒരു സുവർണ്ണപ്രതിമയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഡ്യൂറോഫ്‌ലക്‌സ് എന്ന കിടക്ക കമ്പനിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലാണ് ഈ വീഡിയോ ആദ്യം പങ്കവച്ചതെന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ ജൂൺ 23-നായിരുന്നു ഇത്. കാലുകളിൽ ക്രിക്കറ്റ് പാഡ് അണിഞ്ഞ് കയ്യിലെ ബാറ്റ് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന രൂപത്തിലാണ് പ്രതിമ. 

ടൈംസ് സ്‌ക്വയറിൽ കോലിയുടെ പ്രതിമ അനാഛാദനം ചെയ്തതായി ഈ പോസ്റ്റുകളിലെ വിവരണത്തിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം വാർത്താ മധ്യമങ്ങൾ ഉൾപ്പടെ ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ, പോസ്റ്റുകളിൽ വീഡിയോക്ക് താഴെ സി.ജി.ഐ. എന്ന് ഹാഷ് ടാഗ് നൽകിയിരിക്കുന്നതായി കാണാം. 'കമ്പൂട്ടർ ജെനറേറ്റഡ് ഇമേജറി' എന്നാണ് ഇതിന്റെ പൂർണരൂപം. അതായത് പ്രതിമയുടെ ചിത്രവും ദൃശ്യങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സാരം. ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് വ്യക്തമാക്കുന്നതിനായി ഡ്യൂറോഫ്‌ലക്‌സിന്റെ യൂട്യൂബ് ചിനലിൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ തലക്കെട്ടിലും  സി.ജി.ഐ. എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ മാധ്യമ വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ
ട്വിറ്റർ, യൂട്യൂബ് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട്


ഡ്യൂറോഫ്‌ലക്‌സിന്റെ ബ്രാൻറ് അംബാസിഡർ ആണ് വിരാട് കോഹ്‌ലി. 'ഡ്യൂറോഫ്‌ലക്‌സ് ഓൺ കിങ്‌സ് ഡ്യൂട്ടി' എന്ന അവരുടെ ക്യാമ്പയിന്റെ ഭാഗമായാണ് ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. 

https://indianexpress.com/article/trending/trending-globally/virat-kohli-life-size-statue-at-new-york-times-square-viral-video-9413338/ 

Content Highlights: Many people have shared a picture and video of a golden statue of Kohli on social media