പെൺക്കുട്ടിയെ ഉപദ്രവിക്കുന്ന ആൺകുട്ടി; ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതോ? | Fact Check

ഒരു ആൺകുട്ടി സ്കൂൾ വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഇന്ത്യയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന തരത്തിലാണ് പ്രചാരണം. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണത്തിൻ്റെ വാസ്തവം മറ്റൊന്നാണെന്ന് കണ്ടെത്തി.
This is that "Shining India" 🇮🇳 where girls are openly humiliated and h@rassed on the streets right in front of women 😡 because their minds are poisoned by the extremist ideology of BJP hardliners 🔥 who fear no one and have zero respect for basic human dignity 🛑 pic.twitter.com/VDjKWwRT5Q
— 𝚂𝚑𝚊𝚍𝚘𝚠 𝚅𝚊𝚞𝚕𝚝 (@shadow_vault786) August 10, 2026
അന്വേഷണം
വൈറൽ വീഡിയോയിലെ കീഫ്രെയ്മുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ, ബംഗ്ലാദേശ് മാധ്യമമായ 'സമോയ് നാരായൺഗഞ്ച്' 2026 ഓഗസ്റ്റ് 8-ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. ഈ റിപ്പോർട്ടിൽ വൈറൽ വീഡിയോയിൽനിന്നുള്ള സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിലെ നാരായൺഗഞ്ച് ജില്ലയിലെ കാഞ്ച്പൂരിലുള്ള ശീതലക്ഷ്യ നദീതീരത്തെ നടപ്പാതയിൽവച്ചായിരുന്നു ഈ സംഭവം നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനും ഏകദേശം ഒരു മാസം മുൻപ്.
കാഞ്ച്പൂരിലെ ഒമർ അലി ഹൈസ്കൂളിലെ നാലും ഏഴും ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾ നടന്നുപോകുമ്പോൾ, ഒരു ആൺകുട്ടി ഇവർക്ക് പിറകെ വന്ന് നാലാം ക്ലാസുകാരിയായ കുട്ടിയെ രണ്ട് തവണ ചവിട്ടുകയായിരുന്നു. കുറ്റാരോപിതൻ കാഞ്ച്പൂരിലെ റായർടെക് പ്രദേശത്ത് താമസിക്കുന്ന 11 വയസ്സുകാരനാണെന്ന് ബംഗ്ലാദേശ് മാധ്യമമായ പ്രഥം ആലോ യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിച്ചതോടെ സംഭവം വലിയ ജനശ്രദ്ധ നേടുന്നതും കുറ്റവാളികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.
വിശദമായ പരിശോധനയിൽ, മറ്റൊരു ബംഗ്ലാദേശ് മാധ്യമമായ സ്റ്റാർ ന്യൂസ് ഈ സംഭവവുമായി ബന്ധപ്പെട്ട് സോനാർഗാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻവർ ഹൊസൈന്റെ പ്രതികരണം നൽകിയതായി കണ്ടെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇന്ത്യയുടേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: A viral video showing a boy kicking a schoolgirl was falsely claimed to be from India., Mathrubhumi Fact Check traced the video to Bangladesh, specifically Narayanganj district, reported in August 2026., Local media outlets like Prothom Alo and Somoy Narayanganj confirmed the incident involved students in Kanchpur.