ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് യാത്രികൻ തെറിച്ചു വീണു; വീഡിയോയുടെ വാസ്തവമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

‘ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പെട്ടെന്ന് പൊട്ടിത്തെറിക്കുകയും, അതിന്റെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ തെറിച്ചുപോയി സമീപത്തെ മരത്തിൽ ഇടിച്ചു വീഴുകയും ചെയ്തു’ എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ അപകട ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് കണ്ടെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

അന്വേഷണം

വസ്തുതാ പരിശോധനയ്‌ക്കെടുത്ത സന്ദേശത്തിൽ പറയുന്നപോലെ ദൃശ്യങ്ങളിലുള്ളത് ഇലക്ട്രിക് സ്കൂട്ടറല്ല എന്ന് വീഡിയോ പരിശോധിച്ചതിൽനിന്നു വ്യക്തമായി. വൈറൽ വീഡിയോയിൽ കാണുന്ന വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വെള്ളനിറത്തിലാണ്. സാധാരണയായി ഇലക്ട്രിക് വാഹനങ്ങൾക്ക് പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റുകളായിരിക്കും ഉണ്ടാവുക.

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചപ്പോൾ ഒട്ടേറെപ്പേർ ഈ അപകട ദൃശ്യങ്ങൾ ഇൻ്റഗ്രാമിലും ഫേസുബുക്കിലുമായി പങ്കുവച്ചിരിക്കുന്നതായി കണ്ടു. അന്വേഷണത്തിൽ 'SHACKESPERE' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ജൂലൈ 10-ന് ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ഉപയോഗിച്ചാണ് പിന്നീട് നടന്ന പ്രചാരണങ്ങളത്രയും.

വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി 'SHACKESPERE' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിശദമായി പരിശോധിച്ചു, നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതാണ് ഈ അക്കൗണ്ടെന്ന് വ്യക്തമായി. കൂടാതെ, ഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് ദൃശ്യങ്ങൾ നിർമ്മിച്ചതെന്ന് വീഡിയോയുടെ തലക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

https://www.instagram.com/reel/Dam7UtwRU3O/

തുടർന്ന് വീഡിയോ എഐ നിർമ്മിത വീഡിയോയാണോ എന്ന് പരിശോധിച്ചു. പരിശോധനയിൽ വീഡിയോ 67 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.

Content Highlights: Viral video of an electric scooter explosion is confirmed as AI-generated., The vehicle in the video has a white number plate, contradicting standard green plates for EVs., Source identified as the Instagram account 'SHACKESPERE', known for AI-based satirical content., Fact-check analysis confirms the video is not a real-life accident.