ടിവികെ എൻഡിഎയുടെ ഭാഗമാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞോ? | Fact Check

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്‍റെ പാർട്ടി എൻഡിഎ മുന്നണിയിൽ ചേരുമെന്ന് പറഞ്ഞെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുൻ ഡിഎംകെ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് എൻ.ഡി.എ യിൽ ചേരുന്നുവെന്ന പ്രഖ്യാപനം വിജയ് നടത്തിയതെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്. “ഇന്ത്യ സഖ്യം വെടിഞ്ഞ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് വിജയ്‌യുടെ പ്രഖ്യാപനം” എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
Inspired by @ncbn and @narendramodi, I am working hard for the progress of my state. Just as I once drew from @PawanKalyan’s films, Congress is now trying to backbite me. I have therefore decided to leave the INDIA alliance and join the NDA. — @actorvijay pic.twitter.com/456BqYLjeg
— Farzana Ali Mazari 🇮🇳 (@farzlicioustahe) September 7, 2026
അന്വേഷണം
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ത്യ സഖ്യം വിട്ട് എൻ.ഡി.എയിൽ ചേരുമെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ടിവികെ ഇതുവരെ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായിട്ടില്ല. പാർലമെന്റിൽ അംഗങ്ങൾ ഇല്ലാത്തതിനാലാണ് 'ഇന്ത്യാ' മുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയാകാൻ ക്ഷണിക്കാത്തതെന്നായിരുന്നു തമിഴ്നാട് കോൺഗ്രസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയത്. പ്രചരിക്കുന്ന സന്ദേശത്തിലെ പ്രധാന വാദം തന്നെ തെറ്റാണെന്ന് വ്യക്തമായി. അടുത്തതായി, വിജയ് നടത്തിയ പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പ്രസംഗത്തിലെവിടെയും ടിവികെ പാർട്ടി എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ചോ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരെക്കുറിച്ച പരാമർശിച്ചിട്ടില്ല. ഡിഎംകെ സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളും സ്ത്രീ സുരക്ഷയും മുൻനിർത്തിയായിരുന്നു വിജയ്‌യുടെ പ്രസംഗം.
ആ പ്രസംഗത്തിനിടെയായിരുന്നു വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്നത് പോലെയുള്ള ആംഗ്യം കാണിച്ചത്. ഇത്, അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ മർദനത്തിൽ സ്റ്റാലിന് താടിയെല്ലിന് പരിക്കേറ്റതിനെ പരിഹസിച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ടിവികെ സർക്കാരിന് പിന്തുണ നൽകുന്ന സിപിഎമ്മും സിപിഐയും വിജയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്ന് വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം ഒരാളുടെ രൂപത്തെ പരിഹസിക്കുന്നത് അപലപനീയമാണെന്നാണ് പ്രതികരിച്ചത്.
സംഭവം വിവാദമായതോടെ വിജയ്‌യും വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. 'മറുപടി പ്രസംഗത്തിനിടയിൽ അറിയാതെ വന്നുപോയ എന്റെ ശരീരഭാഷ യാതൊരുവിധ ഉദ്ദേശ്യത്തോടെയും സംഭവിച്ചതല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, അത് ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയായി വ്യാഖ്യാനിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു' എന്നാണ് വിജയ് എക്‌സിൽ കുറിച്ചത്.
சட்டமன்றத்தில் 7.9.2026 அன்று காவல்துறை மானிய கோரிக்கையில், என்னுடைய பதிலுரையின் இடையேயான எனது உடல்மொழி எதேச்சையாக வெளிப்பட்டதுதானே தவிர, அது எவ்வகையிலும் உள்நோக்கம் கொண்டதில்லை என்பதைத் தெரிவித்துக்கொள்கிறேன். ஆகவே, தனிப்பட்ட முறையில் யார் மனதையும் புண்படுத்துகிற செயலாக அதை…
— TVK Vijay (@TVKVijayHQ) September 8, 2026
വാസ്തവം
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എൻ.ഡി.എയിൽ ചേരുമെന്ന് പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജം.
Content Highlights: Viral claims state that TVK leader Vijay announced joining the BJP-led NDA alliance., Fact check reveals TVK was never part of the INDIA bloc, making the premise false., Vijay's actual speech focused on DMK government corruption and women's safety, without mentioning NDA., Vijay clarified his gesture regarding the recent controversy on social media.