അച്ഛനെ തല്ലുന്ന മകന്റെ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല | Fact Check

#സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

പ്രായമായ വ്യക്തിയെ ഒരു ചെറുപ്പക്കാരൻ അതിക്രൂരമായി തല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അച്ഛനെ തല്ലുന്നതിൻറേതാണ് ഈ ദൃശ്യമെന്നും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം നടന്നത് എന്നുമാണ് പ്രചാരണം. മർദ്ദനത്തെ തുടർന്ന് വയോധികൻ മരിച്ചുവെന്നും മകൻ സനോജിനെ പോലീസ് അറസ്റ്റ് ചെയ്തതായും വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പിലുണ്ട്. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

*ഈ മകൻ ജീവനോടെ ഇരിക്കാൻ അർഹനാണോ..?*😡😡 പേരാമ്പ്രയിൽ സ്വത്തിൻ്റെ പേരിൽ പിതാവിനെ മകൻ അതിക്രൂരമായി മർദിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ... 😔😔 പിതാവിൻ്റെ മരണശേഷം CCTV ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Posted by Latha Gopinath on Saturday, April 27, 2024

പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്റെയും ഫേസ്ബുക്ക് പോസ്റ്റിന്റെയും സ്‌ക്രീൻഷോട്ടുകൾ 

അന്വേഷണം
 
സിസിടിവി ദൃശ്യമാണ് പ്രചരിക്കുന്നത്. ഇതിൽ, പ്രായമായൊരു വ്യക്തി വീടിന്റെ മുൻവശത്തിരിക്കുന്നത് കാണാം. കറുത്ത ടീ ഷർട്ട് ധരിച്ചൊരു യുവാവ് ഇയാൾക്ക് സമീപത്തേക്ക് നടന്നുവന്ന് പ്രകോപനമില്ലാതെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. മുഷ്ടി ചുരുട്ടിയുള്ള മർദ്ദനത്തിന് ശേഷം അദ്ദേഹത്തിന്റെ മുഖത്തു യുവാവ് ചവിട്ടുന്നുമുണ്ട്. ഉടൻ തന്നെ മറ്റൊരാളെത്തി യുവാവിനെ പിടിച്ചു മാറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ വയോധികന്റെ  മുഖത്തുനിന്നു വലിയതോതിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു. മറ്റുള്ളവർ വന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് ഇരുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ യുവാവ് തിരികെ വന്ന് വീണ്ടും മർദ്ദിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവർ അയാളെ പിടിച്ചുകൊണ്ട് പോകുന്നതും തുടർ ദൃശ്യങ്ങളിൽ കാണാം.

സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച തമിഴ്, ഇംഗ്ലീഷ് ഭാഷകളിലുള്ള വാർത്തകളിൽ ഇതേ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ദിനമലർ, കാമധേനു, പുതിയ തലമുറൈ, ഇന്ത്യൻ എക്‌സ്പ്രസ് തമിഴ് എന്നീ തമിഴ് മാധ്യമങ്ങളുടെയും ഇന്ത്യ ടുഡേ, ദി ഹിന്ദു, ഡി.ടി.നെക്സ്റ്റ്, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളുടെയും വർത്തകളിലാണിത്. 

റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ കൃഷ്ണപുരത്താണ് സംഭവം നടന്നത്. 63 വയസ്സുകാരനായ കുളന്തവേലു എന്ന വ്യക്തിക്കാണ് മകനിൽനിന്നു മർദ്ദനമേൽക്കേണ്ടി വന്നത്. 2024 ഫെബ്രുവരി 16-ന് കൃഷ്ണപുരത്തുള്ള കുളന്തവേലുവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രണ്ടു മാസങ്ങൾക്ക് ശേഷം, ഏപ്രിൽ 18-ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചു. ഇതിനു ശേഷം ബന്ധുക്കൾ നൽകിയ പരാതിയിൽ 40 വയസുകാരനായ മകൻ സന്തോഷിനെ ഏപ്രിൽ 25-ന് പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കമാണ് മർദ്ദനകാരണം എന്നാണ് റിപ്പോർട്ടുകൾ.

സംഭവം നടന്നതിന് ശേഷം, ഫെബ്രുവരി മാസത്തിൽ തന്നെ കുളന്തവേലു മകനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചതായാണ് മാധ്യമ വാർത്തകളിൽ പറയുന്നത്. 

References:
https://www.thehindu.com/news/cities/Tiruchirapalli/police-arrest-man-for-assaulting-elderly-father-causing-his-death-in-perambalur/article68106660.ece
https://www.dtnext.in/news/tamilnadu/man-brutally-attacks-father-held-after-video-goes-viral-781665
https://www.puthiyathalaimurai.com/tamilnadu/cctv-footage-of-perambalur-osn-assaulting-father-over-property-issues 

വാസ്തവം 

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മകൻ അച്ഛനെ മർദ്ദിക്കുന്നതിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.

Content Highlights: The description is that this scene shows the son beating his father following a property dispute