ടി.പി കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ ആഭ്യന്തരമന്ത്രിയെ കണ്ടോ? | Fact Check

യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വടകര എംഎൽഎയും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു എന്ന വാദവുമായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്ലൈനുമായി ബന്ധപ്പെട്ടത്. എന്നാൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
അക്രമരാഷ്ട്രീയത്തിനെതിരെ വലിയ തോതിൽ ജനവികാരം ഉയരാൻ ടി.പി. വധം കാരണമായിരുന്നു. വടകരയുടെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലുമെല്ലാം ഇത് നിർണായകഘടകവുമായി മാറി. 2009ലായിരുന്നു സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ടി.പി. ചന്ദ്രശേഖരൻ പാർട്ടി വിട്ടത്. അതിനുശേഷം അദ്ദേഹം ആർ.എം.പിയെന്ന (റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി) പാർട്ടി രൂപീകരിച്ചു. തുടർന്ന് നടന്ന ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എം. വടകര മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടില്ല. വടകര നിയമസഭ മണ്ഡലം ടി.പി. ഇഫക്റ്റിടയിലും ഇടതുപക്ഷം നിലനിർത്തിയെങ്കിലും 2021-ൽ കെ.കെ. രമ യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ചപ്പോൾ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് വടകര നഷ്ടപ്പെട്ടു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും രമ വടകരയിലെ വിജയം ആവർത്തിച്ചു.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ടി.പി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കണ്ടെന്ന പ്രചാരണത്തിൽ പ്രതികരണം തേടി വടകര എംഎൽഎ കെ.കെ. രമയുമായി മാതൃഭൂമി ഫാക്ട് ചെക്ക് ഫോണിൽ ബന്ധപ്പെട്ടു. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടെന്ന കാര്യം അവർ നിഷേധിച്ചു. പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും നിലവിൽ ഇങ്ങനെയൊരു ചർച്ചയോ നീക്കമോ പാർട്ടിക്കുള്ളിലോ തന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ലെന്നും രമ പറഞ്ഞു. അതേസമയം, ഈ വിഷയം പരിഗണനയിൽ ഉണ്ടെന്നും അവർ വ്യക്തമാക്കി.
Content Highlights: Viral social media claim states KK Rema met the Home Minister to reopen the TP case., Fact check confirms the claim is misleading and false., KK Rema personally denied initiating any such request or meeting., Background on the 2021 Vadakara assembly election victory., Clarification that while the issue remains relevant, no official reinvestigation move has been made.