റിപ്പബ്ലിക്ക് ദിന പരേഡിലെ ടിപ്പു സുൽത്താന്റെ ടാബ്ലോ, ചിത്രം 2014-ലേത് | Fact Check

ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരേഡിൽ ടിപ്പു സുൽത്താന്റെ ടാബ്ലോ കർണാടക പ്രദർശിപ്പിച്ചുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. വലതുകയ്യിൽ ഉയർത്തിപ്പിടിച്ച വാളുമായി നിൽക്കുന്ന ടിപ്പു സുൽത്താന്റെ രൂപവും അതിന് താഴെയായി ഹിന്ദിയിൽ 'കർണ്ണാടക' എന്ന് എഴുതിയിരിക്കുന്ന ടാബ്ലോയുടെ ചിത്രമാണ് പ്രചരിക്കുന്നത്.
ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്ന്, 2014 ജനുവരി 26-ന് ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടെത്തി. പ്രചരിക്കുന്ന അതേ ചിത്രം ഇതിൽ നൽകിയിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പു സുൽത്താനെ ഉൾപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ തുടർന്നുണ്ടായ വിവാദത്തെക്കുറിച്ചാണ് ലേഖനം.
ദൂരദർശൻ നാഷണലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ റിപ്പബ്ലിക് ദിന പരേഡിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്. 2014-ലെ വീഡിയോ പരിശോധിച്ചു. രണ്ട് മണിക്കൂർ 48 മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയുടെ ഒരു മണിക്കൂർ 59 മിനുറ്റിലാണ് കർണാടക സർക്കാർ അവതരിപ്പിച്ച ടിപ്പു സുൽത്താന്റെ നിശ്ചലദൃശ്യമുള്ളത്.
പ്രതിരോധ മന്ത്രാലയം 2025 ജനുവരി 22-ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് അനുസരിച്ച്, 'ലക്കുണ്ടി: കല്ല് കരകൗശലത്തിന്റെ തൊട്ടിൽ' എന്ന ആശയമാണ് കർണാടക സർക്കാർ ഇത്തവണ തിരഞ്ഞെടുത്തത്.
https://pib.gov.in/PressReleasePage.aspx?PRID=2095127
ഗദഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രനഗരമായ ലക്കുണ്ടിയെയാണ് കർണാടക സർക്കാർ ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരിപാടിയുടെ തീം ആക്കിയതെന്ന ഡിഡി ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
റിപ്പോർട്ട് പ്രകാരം, 'ഹൂബ്ലി സിറ്റിയിൽനിന്ന് ഏകദേശം 70 കിലോ മീറ്റർ അകലെയുള്ള ഈ പട്ടണം, അതിസങ്കീർണമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങൾ, പടിക്കിണറുകൾ, ചാലൂക്യ രാജവംശത്തിന്റെ ലിഖിതങ്ങൾ എന്നിവയാൽ പ്രശസ്തമാണ്. ഈ പ്രദേശം വാസ്തുശില്പ കലയുടെ സാംസ്‌കാരിക പൈതൃകം പ്രദർശപ്പിക്കുന്നൊരിടമാണ്. ചരിത്രപ്രേമികൾക്കും വിനോദസഞ്ചാരികൾക്കും കർണാടകയുടെ സമ്പന്നമായ പൈതൃകത്തെ അറിയാൻ ഈ സ്ഥലം ഒരു പ്രധാന കേന്ദ്രമായി മാറുന്നു.''
2025-ലെ റിപ്പബ്ലിക് ദിന പരേഡിലെ കർണാടകയുടെ ടാബ്ലോയുടെ ദൃശ്യങ്ങൾ ദൂരദർശൻ നാഷണലിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ 2:32:00 ടൈംസ്റ്റാമ്പിൽ കാണാൻ സാധിക്കും.
വാസ്തവം
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽനിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഗദാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ലക്കുണ്ടി എന്ന പട്ടണമായിരുന്നു 2025-ലെ പരേഡിൽ കർണാടക സർക്കാരിന്റെ ടാബ്ലോ തീം
( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The image circulating is of a tableau with Tipu Sultan's image and the word 'Karnataka' written