രാഹുൽ ഗാന്ധിയുടെ ഈ വീഡിയോയിൽ സാങ്കേതികമായി കൃത്രിമം നടത്തിയിട്ടുണ്ട് | Fact Check

#Published by Logically Facts . Edited by Mathrubhumi
.
.

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി കാറിൽ യാത്രചെയ്യവെ കാണുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'മോദിയുടെ സത്യപ്രതിജ്ഞകണ്ട് ആസ്വദിക്കുന്ന രാഹുൽ ഗാന്ധി' , 'ഇന്ത്യയിലെ ശക്തമായ പ്രതിപക്ഷം' എന്നീ കുറിപ്പുകൾക്കൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിലെ വാസ്തവം പരിശോധിക്കാം. 

അന്വേഷണം

വെറും പതിനാറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. കാറിൽ സഞ്ചരിക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളാണിതിൽ. കാറിൽ രാഹുൽ ഗാന്ധിക്ക് മുൻപിലുള്ള മിനി ടിവിയിൽ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദൃശ്യങ്ങൾ പ്ലേ ചെയ്യുന്നതും കാണാം. 

പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ യഥാർത്ഥ വീഡിയോ കണ്ടെത്തി.  2024 ഏപ്രിൽ 17-ന് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് യഥാർത്ഥ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ ദൃശ്യങ്ങളിൽ, രാഹുലിന് മുൻപിലുള്ള മിനി ടിവി പ്രവർത്തിക്കുന്നില്ല. ഏപ്രിൽ 19-ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിനും മുൻപായിട്ടാണ് രാഹുൽ ഈ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻ ഷോട്ടും യഥാർഥ വീഡിയോയുമായി താരതമ്യം ചെയ്തത്

രണ്ട് വീഡിയോകളും താരതമ്യം ചെയ്യുമ്പോൾ തന്നെ വ്യത്യാസം മനസ്സിലാകും. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോയിലെ ടിവി സ്‌ക്രീനിൽ കാണിക്കുന്ന ദൃശ്യങ്ങളിൽ മോദി ചാരനിറത്തിലുള്ള ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. എന്നാൽ, സത്യപ്രതിജ്ഞാ ദിവസം നരേന്ദ്ര മോദി ധരിച്ചത് വെള്ള ഷർട്ടും നീല ജാക്കറ്റുമായിരുന്നു.  

വൈറൽ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന മോദിയുടെ വീഡിയോ 2019-ലേതാണ് എന്ന് പരിശോധനയിൽ കണ്ടെത്തി. മോദി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ വീഡിയോ ആണിത്. 

പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി . തുടർന്ന്, ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങളിലെല്ലാം '@amarprasadreddy.' എന്ന വാട്ടർമാർക്ക് കാണാം. അമർ പ്രസാദ് റെഡ്ഡി എന്നയാളുടെ എക്‌സ് (നേരത്തെ ട്വിറ്റർ) ഹാന്റിൽ ആണിത്. 2024 ജൂൺ 9-ന് ഉച്ചയ്ക്ക് 1:39-നാണ് ഇയാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും ഇയാളുടെ അക്കൗണ്ടിലുണ്ട്. 

വാസ്തവം

മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി കാണുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാർത്ഥ വീഡിയോയിൽ സാങ്കേതികമായി കൃത്രിമം നടത്തിയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ലോജികലി ഫാക്ട്‌സ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: The video claims that Rahul Gandhi enjoying Modi's swearing-in ceremony of Narendra Modi