ചീഫ് ഇലക്ഷൻ കമ്മീഷണർ നിർമ്മല സീതാരാമനൊപ്പമുള്ള ഈ ചിത്രം 2020-ലേത് | Fact Check

കേന്ദ്രമന്ത്രി നിർമ്മല സീതാരാമനൊപ്പം നിൽക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2025 ബജറ്റ് അവതരണത്തിന് മുൻപുള്ള ചിത്രമാണിതെന്ന അവകാശവാദത്തോടെ ആണിത്. ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
''കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ'' എന്ന ആരോപണത്തോടെയാണ് പലരും ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.
https://www.facebook.com/photo/?fbid=1149125776610626&set=a.102643031258911
എന്നാൽ, പരിശോധനയിൽ ഈ ചിത്രം ഇപ്പോഴത്തേതല്ല മറിച്ച് 2020-ലേതാണ് എന്ന് കണ്ടെത്തി. അന്ന് രാജീവ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറല്ല, ഫിനാൻസ് സെക്രട്ടറിയായിരുന്നു.
അന്വേഷണം
റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്ന് ഇതേ ചിത്രം ഉൾക്കൊള്ളുന്ന ചില റിപ്പോർട്ടുകൾ ലഭിച്ചു. ഇതിലെ വിവരങ്ങൾ അനുസരിച്ച് 2020-21 പൊതുബജറ്റിന് മുൻപായി നിർമ്മല സീതാരാമൻ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പമെടുത്ത ചിത്രമാണിത്. ഇതിൽനിന്നു പ്രചരിക്കുന്ന ചിത്രം ഇപ്പോഴത്തേതല്ലെന്നും മറിച്ച് 2020-ലെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുള്ളതാണെന്നും വ്യക്തമായി.
പരിശോധനയിൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ 2020 ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച യഥാർത്ഥ ചിത്രം ലഭിച്ചു. ''കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ 2020-21 ലെ പൊതു ബജറ്റ് അവതരണത്തിനായി ധനകാര്യ കോർപ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഒപ്പം നോർത്ത് ബ്ലോക്കിൽ നിന്നും രാഷ്ട്രപതി ഭവനിലേക്കും പാർലമെന്റ് മന്ദിരത്തിലേക്കും പുറപ്പെടുന്നു ' എന്ന തലക്കെട്ടോടെയാണിത്.
വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും സ്റ്റോക്ക് ഫോട്ടോ ഏജൻസിയായ ഗെറ്റി ഇമേജസും ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ജൂലൈ മുതൽ 2020 ഓഗസ്റ്റ് വരെയാണ് രാജീവ് കുമാർ ഫിനാൻസ് സെക്രട്ടറിയായിരുന്നത്. അക്കാലയളവിൽ 2020 ഫെബ്രുവരി 1നായിരുന്നു 2020-21 പൊതുബജറ്റ് അവതരിപ്പിച്ചത്. അദ്ദേഹം ഇലക്ഷൻ കമ്മീഷണറായി നിയമിതനായിത് 2020 ഓഗസ്റ്റ് 21-നും.
2025 പൊതുബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എത്തുന്നതിന്റെ ദൃശ്യങ്ങൾ ചുവടെ നൽകുന്നു. ഡി.ഡി ന്യൂസ് സംപ്രേഷണം ചെയ്ത ഈ ദൃശ്യങ്ങളിൽ രാജീവ് കുമാർ ഇല്ല.
വാസ്തവം
2020-21 പൊതുബജറ്റ് അവതരണത്തിന് മുന്നോടിയായി അന്നത്തെ ഫിനാൻസ് സെക്രട്ടറിയായിരുന്ന രാജീവ് കുമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറിനുമൊപ്പമെടുത്ത ചിത്രമാണ് തെറ്റായി പ്രചരിക്കുന്നത്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്‌സ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: A picture of Chief Election Commissioner Rajiv Kumar standing with Union Minister Nirmala Sitharaman