ഈ ചിത്രം സുനിത കെജ്രിവാളിന്റെ റാലിയിൽ നിന്നുള്ളതല്ല | Fact Check

#Published by aajtak. Edited by Mathrubhumi
.
.

ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ പങ്കെടുത്ത റാലിയിലിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തം എന്ന വാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ സംഘടിപ്പിച്ച റാലിയിൽ നിന്നുള്ള ചിത്രം എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. 

അന്വേഷണം 

ഇക്കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ആം ആദ്മി സ്ഥാനാർത്ഥികളുടെ  തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സുനിത കെജ്രിവാൾ ഗുജറാത്തിൽ റോഡ് ഷോ നടത്തിയത്. ഭറൂച്ച്, ഭാവ്ഗനർ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന എഎപി സ്ഥാനാർത്ഥികൾക്കായിട്ടായിരുന്നു ഇത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ പറയുന്നത് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു റാലി നടന്നത് എന്നാണ്. ജയിലിനുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ നൽകുമെന്നും പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നുണ്ട്. 

തെരുവുകൾ കയ്യടക്കിയ ജനക്കൂട്ടത്തിൻറെ ചിത്രം ഗുജറാത്തിൽ നിന്നുള്ളതല്ല, ചിത്രം ഇന്ത്യയിൽനിന്നു പോലും അല്ല എന്നതാണ് യാഥാർത്ഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം.

പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു ചില മാധ്യമ വാർത്തകളിൽ ഇതേ ചിത്രം കണ്ടെത്തി. 2008 മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഗ്വാങ്ഷൂ പ്രവിശ്യയിൽ ഒളിമ്പിക്‌സ് ദീപശിഖയെ സ്വീകരിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിൻറേതാണ് ഈ ചിത്രം. വാർത്താ ലിങ്ക് - http://www.china.org.cn/olympics/torch/2008-05/08/content_15111521.htm 

ഫോട്ടോ ഷെയറിങ് സൈറ്റായ ഫ്‌ലിക്കറിലും  ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. 2008 മെയ് 12-നാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് Steve Jurvetson എന്നയാളാണ് ചിത്രം പകർത്തിയത്. ദീപശിഖയെ വരവേൽ എത്തിയ ജനക്കൂട്ടം എന്നാണ് അദ്ദേഹം ഇതിന് വിവരണം നൽകിയത്. ഇതേ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന മറ്റൊരു മാധ്യമ വാർത്തയും ലഭിച്ചു.

https://web.archive.org/web/20130501031631/http://thewip.net/contributors/2008/06/olympic_spirit_and_media_objec.html 

സുനിത കെജ്രിവാളിന്റെ റോഡിഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. 

വാസ്തവം

2008-ൽ ചൈനയിലെ ഗ്വാങ്ഷൂ പ്രവിശ്യയിൽ ഒളിമ്പിക്‌സ് ദീപശിഖയെ സ്വീകരിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രമാണ് സുനിത കെജ്രിവാളിന്റെ റോഡ് ഷോയിൽ നിന്നുള്ളത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. 

(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ  ഭാഗമായി ആജ്തക് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)

Content Highlights: Picture from a rally organized in Gujarat to protest Arvind Kejriwal's arrest is fake | Fact Check