ലഹരിക്കെതിരെയുള്ള ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യങ്ങളല്ല ഇത് | Fact Check

#ഗാഥ ആനന്ദ് / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

ലഹരിമരുന്ന് ഉപയോഗവും തുടന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും സംബന്ധിച്ച നിരവധി വിവരങ്ങളാണ് ദിനേന പുറത്തുവരുന്നത്. ഇതിനിടെ, ലഹരിമരുന്ന് വിൽപ്പനക്കാർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ ശക്തമായ നടപടികളാരംഭിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  ഏതാനും യുവാക്കളെ  പോലീസുകാർ പരസ്യമായി ലാത്തികൊണ്ട്  മർദിക്കുന്നതും റോഡിലൂടെ പിടിച്ചുകൊണ്ട് പോകുന്നതുമാണ് ദൃശ്യങ്ങളിൽ. സമാന നടപടി കേരളത്തിലും വേണമെന്ന ആവശ്യവും വീഡിയോക്കൊപ്പമുള്ള സന്ദേശത്തിലുണ്ട്.

വസ്തുതാ പരിശോധനയ്ക്കായി വാട്ട്‌സ്  ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് 

എന്നാൽ, പ്രചരിക്കുന്ന വീഡിയോക്ക് ഒപ്പമുള്ള അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്ട് ചെക്ക് ഡെസ്‌ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന വീഡിയോ കണ്ടെത്തി.ദേശീയ വാർത്ത ചാനലായ എ.ബി.പി. ന്യൂസിന്റെ  യൂട്യൂബ്  ചാനലിൽ 2015  മെയ് 29-ന് അപ്ലോഡ്  ചെയ്ത റിപ്പോർട്ടാണിത് . 'ഇൻഡോറിലെ പോലീസ് കുറ്റവാളികളെ പരസ്യമായി റോഡിൽ തല്ലുന്നു' എന്നാണ് 7- മിനുട്ട് ദൈർഘ്യമുള്ള വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

വീഡിയോയുടെ 4 മിനുട്ട് 22 സെക്കൻഡ്സ് മുതലുള്ള  ഭാഗങ്ങളാണ് ഇപ്പോൾ വൈറൽ ആയത്. ഈ ഭാഗങ്ങളിൽ പച്ച ഷർട്ട്  ധരിച്ചയാളെ പോലീസ് മർദിക്കുന്നതും കൊണ്ടുപോകുന്നതും കാണാം.  

മധ്യപ്രദേശിലെ ഇൻഡോർ പോലീസ് 2015 മെയ് മാസത്തിൽ നടത്തിയ കുറ്റകൃത്യ വിരുദ്ധ നടപടികളുടെ ഭാഗമായി കുറ്റവാളികളെന്ന് ആരോപിച്ച് പിടികൂടിയവരെ ലാത്തികൊണ്ട് അടിക്കുകയും അറസ്റ്റ് ചെയ്ത് പരസ്യമായി കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങളാണിതിൽ. കുറ്റകൃത്യം തടയുന്നതിനും പൊതുജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ഡ്രൈവ് നടപ്പിലാക്കിയത് . 15 പോലീസ് സ്റ്റേഷനുകളായി അൻപതിലധികം പേർക്കെതിരെ ഇത്തരത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2015 മെയ് 7-ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച  'Citizens bear the brunt of police drive against 'goondas' in Indore' എന്ന  തലക്കെട്ടോടെയുള്ള റിപ്പോർട്ട് ലഭിച്ചു. പോലീസ് നിരപരാധികളെയാണ് ആക്രമിച്ചതെന്ന് ഇൻഡോർ പോലീസിന്റെ നടപടികളിൽ ഇരകളായവരുടെ ബന്ധുക്കൾ ആരോപിച്ചതായാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

ഹിന്ദുസ്ഥാൻ ടൈംസിന്റെ സ്‌ക്രീൻ ഷോട്ട് 

Citizens bear the brunt of police drive against 'goondas' in Indore - Hindustan Times

വാസ്തവം

പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉത്തർപ്രദേശിൽ നിന്നുള്ളതല്ല. ഇൻഡോർ പോലീസ് 2015  മെയിൽ നടത്തിയ കുറ്റകൃത്യ വിരുദ്ധ നടപടികളുടെ ഭാഗമായി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.

Content Highlights: The vidual shows police openly beating young men with lathi and dragging them along the road