ബംഗ്ലാദേശിൽ ഹിന്ദു യുവതി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളല്ല ഇത് | Fact Check

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാരായൺഗഞ്ചിലെ അരയ്ഹസാറിലാണ് സംഭവം നടന്നത് എന്നാണ് ആരോപണം. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി .
അന്വേഷണം
അവശനിലയിലൊരു സ്ത്രീ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ കാൽമുട്ടിലിഴഞ്ഞ് നീങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ഇടയ്ക്ക് ഇവർ മുൻപിൽ നിൽക്കുന്നവർക്കുനേരെ കൈകൾ നീട്ടി സംസാരിക്കുന്നതും ജനക്കൂട്ടം ആരവം ഉയർത്തുന്നതും കേൾക്കാം.
കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ടുകൾ ഉൾക്കൊള്ളുന്ന ചില മാധ്യമ വാർത്തകൾ ലഭിച്ചു. ബംഗ്ലാദേശിലെ പ്രമുഖ വാർത്താ ചാനലായ സുമോയ് ന്യൂസ് ടിവിയുടെ ഓൺലൈനിൽ 2024 ഡിസംബർ 27-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശിലെ നാരായൺഗഞ്ച് ജില്ലയിലുള്ള കാഹിന്ദി ഗ്രാമത്തിൽ ഡിസംബർ 26-ന് രാത്രിയായിരുന്നു ഈ സംഭവം നടന്നത്. ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീയുടെ പേര് ലൗലി അക്തർ എന്നാണ്. മോഷണശ്രമത്തിനിടെ ബിലാൽ എന്ന കൂട്ടാളിക്കൊപ്പം ഇവരെ നാട്ടുകാർ പിടികൂടി.
നാട്ടുകാരിൽനിന്ന് രക്ഷപ്പെടുന്നതിനായി ലൗലി സമീപത്തെ കനാലിലേക്ക് ചാടുകയായിരുന്നു. കനാലിൽനിന്ന് ഇവർ തിരികെ പ്രയാസപ്പെട്ട് കയറി വരുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബിലാൽ എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടതായും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് എത്തി ബിലാലിന്റെ മൃതദേഹം കണ്ടെത്തുകയും ലൗലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് വാർത്തയിൽ പറയുന്നത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹിന്ദു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന തരത്തിൽ വർഗീയ പരാമർശങ്ങളോടെയുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
https://www.somoynews.tv/news/2024-12-27/HSCEEEDt
https://www.bhorerkagoj.com/country/762349
വാസ്തവം
മോഷണ ശ്രമത്തിനിടെ പിടിയിലായ ലൗലി അക്തർ എന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. ബംഗ്ലാദേശിലെ നാരായൺഗഞ്ച് ജില്ലയിലെ അരയ്ഹസാറിൽ ഇക്കഴിഞ്ഞ ഡിസംബർ 26-നായിരുന്നു സംഭവം. നാട്ടുകാരിൽനിന്ന് രക്ഷപ്പെടുന്നതിനായി കനാലിലേക്ക് ചാടിയ ലൗലി തിരികെ കയറി വരുന്നതിന്റേതാണ് പ്രചരിക്കുന്ന വീഡിയോ.
Content Highlights: A video claiming that a Hindu woman was kidnapped and raped in Bangladesh