സ്വാതി മലിവാൾ എംപിയെ കെജ്‌രിവാളിന്റെ പി.എ. ആക്രമിക്കുന്ന വീഡിയോ അല്ല ഇത് | Fact Check

#Published by India today. Edited by Mathrubhumi
.
.

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം ലഭിച്ചത് ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ വിവാദങ്ങൾ പാർട്ടിയെ വിടാതെ പിന്തുടരുകയാണ്. പാർട്ടിയുടെ രാജ്യസഭാ എം.പിയായ സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പി.എ. ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്ന വിവരമാണ് പാർട്ടിയെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 13-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു സംഭവം എന്നാണ് സ്വാതി വെളിപ്പെടുത്തിയത്.

ഇതിനിടെ സ്വാതി മലിവാളിനെ മർദ്ദിക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം തമ്മിൽ തല്ലുന്നതാണ് വീഡിയോയിൽ. 
വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണത്തിൽ പറയുന്നത് - 
'അടി... പൊരിഞ്ഞ അടി..... 😂😂
ഇത് സംഭവിക്കും.
😂
AAP രാജ്യസഭ MP സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പിഎ മർദിക്കുന്ന ദൃശ്യം... 😂
ഡൽഹി മുഖ്യമന്ത്രി ഓഫീസിൽ കനത്ത പോരാട്ടം... ?? എല്ലാവരും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നത്രേ..
കേജ്ജുവുന്റെ ഭാര്യയെ മുഖ്യമന്ത്രി ആക്കാനുള്ള ശ്രമത്തിനെതിരെ പറഞ്ഞതാണ് കാരണം ... 😂😂
ഇതുപോലെ ഒരു പാർട്ടി ആണ് ബിജെപി ക്ക് ഭീഷണി എന്ന് മാപ്രകൾ തള്ളുന്നത്..' 

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അടി... പൊരിഞ്ഞ അടി..... 😂😂 ഇത് സംഭവിക്കും. 🤭 AAP രാജ്യസഭ MP സ്വാതി മലിവാളിനെ കെജ്‌രിവാളിൻ്റെ പിഎ മർദിക്കുന്ന ദൃശ്യം... 🤭 ഡൽഹി മുഖ്യമന്ത്രിമ ഓഫീസിൽ കനത്ത പോരാട്ടം... 😄 എല്ലാവരും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നത്രേ.. കേജ്ജുവുന്റെ ഭാര്യയെ മുഖ്യമന്ത്രി ആക്കാനുള്ള ശ്രമത്തിനെതിരെ പറഞ്ഞതാണ് കാരണം ... 🤭🤭 ഇതുപോലെ ഒരു പാർട്ടി ആണ് ബിജെപി ക്ക് ഭീഷണി എന്ന് മാപ്രകൾ തള്ളുന്നത്... 🤭

Posted by Sarvan Mekkat on Tuesday, May 14, 2024

എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് വാസ്തവം. വിശദാംശങ്ങൾ ചുവടെ വായിക്കാം

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നു സമാനമായ ദൃശ്യങ്ങളടങ്ങുന്ന നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കണ്ടെത്തി. ദേശീയ മാധ്യമമായ  മിറർ നൌ ഇതേ വീഡിയോ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കിട്ടിട്ടുണ്ട്. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത് ഡൽഹി തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണ്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. പ്രശ്‌ന പരിഹാരത്തിനായി ചർച്ചയ്‌ക്കെത്തിയ ഇവർ തമ്മിൽ ഏററുമുട്ടുകയായിരുന്നു.  ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ   സ്‌ക്രീൻഷോട്ട്.

തുടർന്ന്  കീവേഡ് സെർച്ച് ചെയ്തതിൽനിന്നു വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് ഡെയ്ലി ന്യൂസ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. 2024 മെയ് 13-ന് പ്രസിദ്ധീകരിച്ച ഈ വാർത്തയിലും തീസ് ഹസാരി കോടതിയിൽ നടന്ന കുടുംബ തർക്കമെന്നാണ് വീഡിയോയെ കുറിച്ച് പറയുന്നത്. ഈ റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ച് തന്നെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആക്രമിച്ചു എന്ന ആരോപണമാണ് പാർട്ടിയുടെ രാജ്യസഭാ അംഗമായ എം.പി. സ്വാതി മലിവാൾ ഉയർത്തിയത്. ഇങ്ങനെ ഒരു സംഭവം നടന്നതായി ആം ആദ്മി പാർട്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ് എം.പി. വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളിന്റെ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച്ചയ്‌ക്കെത്തിയ സ്വാതി മലിവാൾ സ്വീകരണ മുറിയിൽ അദ്ദേഹത്തെ കാത്തിരിക്കവെയാണ് കെജ്‌രിവാളിന്റെ സ്റ്റാഫംഗമായ ബിഭവ് കുമാർ ആക്രമിച്ചത്. 

ലഭ്യമായ വിവരങ്ങളിൽനിന്നു പ്രചാരത്തിലുള്ള വീഡിയോ സ്വാതി മലിവാളിനെതിരെ ഉണ്ടായ അക്രമത്തിന്റേത് അല്ലെന്നും തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ മുറിയിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റേത് ആണെന്നും സ്ഥിരീകിരിച്ചു. 

വാസ്തവം 

ആംആദ്മി പാർട്ടി എം.പി. സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പി.എ. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അല്ല ഇത്. മറിച്ച് ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ മുറയിൽ കുടുംബാംഗങ്ങൾ തമ്മിൽ തല്ലിയതിന്റെ ദൃശ്യങ്ങളാണ്.  

(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: This is not the video in which Swati Maliwal has been attacked | Fact Check