വിവിപാറ്റ് അട്ടിമറിയുടെ ദൃശ്യങ്ങളല്ല ഇത്, പ്രചാരണം വ്യാജം | Fact Check

#ജനസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ വോട്ടിംഗ് യന്ത്രങ്ങളിലെ മുഴുവൻ  വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം എന്നതടക്കം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതിപക്ഷത്തിന് മുഖത്തേറ്റ അടിയാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിധിയെക്കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പരാമർശിച്ചത്. 

ഇതിനിടെ വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഒരു മുറിക്കകത്ത് വിവിപാറ്റ് യന്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നതും ഒരു യുവാവ് ഇവ തുറന്ന് സ്ലിപ്പുകളെടുത്ത് ഒരു കവറിൽ നിറയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിലെ വാസ്തവം പരിശോധിക്കാം

അന്വേഷണം

രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷമാണ് സംസ്ഥാനത്ത് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. വാട്‌സ് ആപ്പിന് പുറമെ ഫേസ്ബുക്കിലും എക്‌സിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രിയ വോട്ടർമാരെ ഇത് കടും ചതിയാണ്... പെട്ടെന്ന് പരമാവധി ഷെയർ ചെയ്യൂ..

Posted by ഒരു പാർട്ടിക്കും അടിമയല്ല on Friday, April 26, 2024

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു മുറിക്കകത്തായി നിരവധി വിവിപാറ്റ് യന്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നതായി കാണാം. ഒരു യുവാവ് ഇതിലൊന്ന് തുറന്ന ശേഷം അതിനകത്തുള്ള സ്ലിപ്പുകൾ പുറത്തെടുക്കുകയും കറുത്ത നിറത്തിലുള്ള കവറിൽ നിറയ്ക്കുകയും ചെയ്യുന്നു. ഒരു മിനുറ്റ് നാൽപ്പത്തഞ്ച് സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്ക ഭാഗത്ത് ഈ ദൃശ്യങ്ങൾ വ്യാപകമായി ഷെയർ ചെയ്ത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരണം എന്നൊരു കുറിപ്പുമുണ്ട്.

ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഈ ദൃശ്യങ്ങൾ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി. 2022 ഡിസംബർ 13-ന് ഇത് എക്‌സിൽ (നേരത്തെ ട്വിറ്റർ) പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഭാഗ് നഗർ മണ്ഡലത്തിലെ ഒരു സ്‌ട്രോങ് റൂമിൽ നിന്നുള്ളതാണ് ഈ ദൃശ്യം എന്നായിരുന്നു  പോസ്റ്റിൽ. 

അട്ടിമറി നടന്നു എന്ന തരത്തിൽ ദൃശ്യം പ്രചരിച്ചതോടെ ഭാവ്‌നഗർ ജില്ലാ കളക്ടർ ഇതിൽ പ്രതികരിച്ചിരുന്നു. കളക്ടറുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെലാണ് ദൃശ്യങ്ങളടങ്ങിയ പോസ്റ്റിന് മറുപടി നൽകിയത്- 'ഇലക്ഷൻ കമ്മീഷൻറെ നിർദേശാനുസരണം വോട്ടെണ്ണലിന് ശേഷം വിവപാറ്റ് സ്ലിപ്പുകൾ ഒരു കറുത്ത കവറിലാക്കി സീൽ ചെയ്യ്ത് വയ്ക്കും. വിവിപാറ്റ് യൂണിറ്റ് മറ്റ് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണിത്. ഇത്തരത്തിൽ സിപ്പുകൾ എടുത്ത് മാറ്റുന്നതിൻറെ  ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇതിൻറെ ഒരു കോപ്പി സ്‌ട്രോങ് റൂമിലും മറ്റൊന്ന് ബന്ധപ്പെട്ട ജില്ലാ ഇലക്ഷൻ ഓഫീസറുടെ പക്കലും വയ്ക്കും' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 


ആർക്കൈവ് ചെയ്ത ലിങ്ക് - https://twitter.com/Collectorbhav/status/1603309549242679297 

വോട്ടെണ്ണലിന് ശേഷം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ പുറത്തെടുക്കുന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻറെ നിർദേശങ്ങൾ പരിശോധിച്ചു. ഇത് പ്രകാരം, സ്ലിപ്പുകൾ വിവിപാറ്റ് ഡ്രോപ്പ് ബോക്‌സിൽ നിന്ന് പുറത്തെടുത്ത് പ്രത്യേക കറുത്ത കവറിലാണ് സൂക്ഷിക്കേണ്ടത്. റിട്ടേണിംഗ് ഓഫീസർക്ക് നൽകിയിരിക്കുന്ന ചുവന്ന മെഴുക് ഉപയോഗിച്ച് ഈ കവർ മുദ്രവയ്ക്കണം. ഒരു പോളിംഗ് സ്റ്റേഷനിൽ ഒന്നിൽ കൂടുതൽ വിവിപാറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഓരോ ഡ്രോപ്പ് ബോക്‌സിലെയും സ്ലിപ്പുകൾ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. തിരഞ്ഞെടുപ്പിന്റെ പേര്, പാർലമെന്ററി/അസംബ്ലി മണ്ഡലത്തിന്റെ പേര്, പോളിംഗ് സ്റ്റേഷന്റെ വിവരം, കൺട്രോൾ യൂണിറ്റിന്റെ സീരിയൽ നമ്പർ, വിവിപാറ്റ് യൂണിറ്റിന്റെ സീരിയൽ നമ്പർ, വോട്ടെടുപ്പ് തീയതി,വോട്ട് എണ്ണുന്ന തീയതി എന്നിവയും കവറിൽ രേഖപ്പെടുത്തണം. ഈ നടപടിക്രമങ്ങൾ വ്യക്തമായി ചിത്രീകരിക്കണമെന്നും ഇലക്ഷൻ കമ്മീഷന്റെ നിർദേശങ്ങളിലുണ്ട്.

ഇതിന് സമാനമായി, വീഡിയോയിൽ വിവിപാറ്റ് മഷീനിൽ നിന്നും പുറത്തെടുക്കുന്ന സ്ലിപ്പുകൾ കറുത്ത കവറിൽ ആണ് നിറയ്ക്കുന്നത്. സ്ലിപ്പുകൾ അടങ്ങിയ കവറുകൾ പ്രത്യേകമായി വച്ചിട്ടുണ്ട്.  അതത് മഷീനുകളിൽ നിന്നുള്ള ബാക്കി പേപ്പർ റോളുകളും ഇത്തരത്തിൽ പുറത്തെടുത്ത് ക്രമീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മാത്രമല്ല ഇവ സൂക്ഷിക്കുന്നതിനുള്ള കറുപ്പ് നിറത്തിലുള്ള കവറുകൾക്ക് മുകളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേക കോളം നൽകിയിരിക്കുന്നതും വ്യക്തമാണ്. 

വീഡിയോ വൈറലായതോടെ ഈ പ്രചാരണം വ്യാജമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടണ്ണലിന് ശേഷം നടക്കുന്ന നടപടിക്രമങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും ഭാവ്‌നഗർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നുമാണ് കമ്മീഷൻ പോസ്റ്റിൽ പറയുന്നത്.

വാസ്തവം

വിവിപാറ്റ് സ്ലിപ്പുകളിൽ തിരമറി നടത്തുന്നു എന്ന തരത്തിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണ്. വോട്ടണ്ണലിന് ശേഷം വിവിപാറ്റ് മഷീനിൽ നിന്നും സ്ലിപ്പുകൾ മാറ്റി കവറുകളിലാക്ക് വയക്കുന്ന നടപടിക്രമങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. 

Content Highlights: A video alleging VVPAT sabotage started circulating on social media