ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പഴയ വീഡിയോ അല്ല ഇത്, പ്രചാരണം വ്യാജം | Fact Check

#ഷിബിന വാസുദേവൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

27 വർഷത്തിനുശേഷം ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ബി.ജെ.പി. അധികാരത്തിൽ തിരിച്ചെത്തിയരിക്കുകയാണ്. ഷാലിമാർബാഗിൽ നിന്നുള്ള നവാഗത എം.എൽ.എയായ രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 20-ന് അധികാരമേറ്റു. ചടങ്ങുകൾ കഴിഞ്ഞ മണിക്കൂറുകൾക്കകം രേഖയുടെ പഴയകാല വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.  ''വാൾപയറ്റുന്ന പഴയ ആർ.എസ്.എസുകാരി രേഖ ഗുപ്ത'' എന്ന അവകാശ വാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഇതിന്റെ വാസ്തവമറിയാനായി ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. പരിശോധനയിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 

വസ്തുതാ പരിശോധനയ്ക്കായി വാട്‌സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

പുഴയിൽനിന്ന് ചെറിയൊരു പാത്രത്തിൽ  വെള്ളം ശേഖരിക്കുന്ന യുവതിയാണ് ദൃശ്യങ്ങളുടെ തുടക്കത്തിൽ. പിന്നീട് ഇവർ പുഴക്കരയിൽ തന്നെ നിലമൊരുക്കി അവിടെ കളമെഴുതി വാളും പരിചയും വടിയും പൂജിക്കുന്നത് കാണാം. മലകളും പുഴയും പശ്ചാത്തലമായി അതിമനോഹരമായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആയോധന കലയിലെ യുവതിയുടെ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് തുടർന്ന് ദൃശ്യങ്ങളിൽ. രേഖ ഗുപ്തയുടെ പഴയാകാല ദൃശ്യങ്ങളാണിത് എന്ന പേരിലാണ് പ്രചാരണം.

പ്രചരിക്കുന്ന വീഡിയോയിലെ കീ- ഫ്രെയിമുകൾ എടുത്ത് റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തു. പരിശോധനയിൽ,  മറാഠ സിനിമ,സീരിയൽ നടി പായൽ ജാദവിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ലഭിച്ചു. മകരന്ദ് മാനെ സംവിധാനം ചെയ്ത്  2023-ൽ പുറത്തിറങ്ങിയ 'ബാപ്ലിയോക്' എന്ന ചിത്രത്തിലെ സുപ്രധാന വേഷത്തിലൂടെയാണ് പായൽ പ്രശസ്തയാകുന്നത്. പായലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ 2025 ഫെബ്രുവരി 19-ന് ഇതേ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മറാഠ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജിനോടുള്ള ആദരസൂചകമായാണ് ഈ വീഡിയോ എന്ന വിവരണമാണ് പോസ്റ്റിൽ ഇവർ നൽകിയിരിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന അതേ വസ്ത്രം ധരിച്ചിട്ടുള്ളൊരു ചിത്രം പായൽ 2023 ജനുവരി അഞ്ചിന് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തതിട്ടുണ്ട്. ശാസ്ത്രീയ നർത്തകി കൂടിയായ പായലിന്റെ ഈ ഫോട്ടോ കേരളത്തിൽ നിന്നുള്ളതാണ്. പ്രശസ്ത കഥകളി, കൂടിയാട്ടം കലാകാരനായ ജി. വേണു തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിൽ സ്ഥാപിച്ച നടനകൈരളിയിൽ (പരമ്പരാഗത കലകൾക്കായുള്ള ഗവേഷണ, പരിശീലന, പ്രകടന കേന്ദ്രം) നിന്ന് പകർത്തിയ ചിത്രമാണിത്. 

https://www.instagram.com/p/CnBEt5iP8Y7/?img_index=1 

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടി പായൽ ജാദവിന്റെ വീഡിയോയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് കണ്ടെത്തി. 

വാസ്തവം 

മറാഠ നടി പായൽ ജാദവിന്റെ വീഡിയോയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. 

Content Highlights: The footage begins with a young woman collecting water from the river in a small container