കനയ്യകുമാറിന്റെ ഈ ചിത്രം ഇപ്പോഴത്തേതല്ല, 2016-ലേതാണ് | Fact Check

#Published by Factly. Edited by Mathrubhumi
.
.

നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ മുൻനേതാവുമായിരുന്ന കനയ്യ കുമാർ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. 2024 മെയ് 17-ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ആയിരുന്നു രണ്ടു പേർ ചേർന്ന് അദ്ദേഹത്തെ ആക്രമിച്ചത്. ഇതിൽ ഒരാൾ കനയ്യയുടെ മുഖത്തടിക്കുകയും രണ്ടാമൻ ദേഹത്ത് മഷി ഒഴിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം കനയ്യ കുമാറിനെ പരിഹസിച്ച് കൊണ്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

പ്രചരിക്കുന്ന ഫോട്ടോ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്ന് ഇതേ ചിത്രം ഉൾക്കൊള്ളുന്ന മാധ്യമ വാർത്ത ലഭിച്ചു. ദേശീയ മാധ്യമമായ എൻഡിടിവി 2016 മെയ് ഏഴിനു പ്രസിദ്ധീകരിച്ച വാർത്തയാണിത്. ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറായ കനയ്യ കുമാറിന്റെ ആരോഗ്യസ്ഥിതി നിരാഹാര സമരത്തെ തുടർന്ന് വഷളാവുകയും അദ്ദഹത്തെ ജെ.എൻ.യു. ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചുമാണ് വാർത്തയിൽ പറയുന്നത്. 

https://www.ndtv.com/india-news/kanhaiya-kumar-calls-off-hunger-strike-after-health-worsens-1403673 

എൻഡിടിവി വാർത്തയുടെ സ്‌ക്രീൻ ഷോട്ട്

ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ച കനയ്യയുടെ വ്യത്യസ്ത ആങ്കിളുകളിലുള്ള ചിത്രം ഉൾക്കൊള്ളുന്ന മറ്റ് മാധ്യമ വാർത്തകളും ലഭിച്ചു. 2016 ഫെബ്രുവരി 9-ന് ജെ.എൻ.യുവിൽ നടന്നൊരു പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായി ആരോപണം ഉയർന്നു. ഇതിനെ തുടർന്ന്, വിദ്യാർത്ഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

സംഭവം വിവാദമായതോടെ ജെ.എൻ.യു. ഉന്നതതല സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. 2016 ഏപ്രിൽ 25-ന് സമിതി റിപ്പോർട്ട്  അനുസരിച്ച് യുണിവേഴ്‌സിറ്റി അധികൃതർ നടപടി സ്വീകരിച്ചു. കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തുകയും ഉമർ ഖാലിദിനെയും അനിർബൻ ഭട്ടാചാര്യയെയും ഒരോ സെമസ്റ്ററിൽനിന്ന് വിലക്കുകയും ചെയ്തു. നടപടിയിൽ പ്രതിഷേധിച്ച് കനയ്യ കുമാർ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തി. ദിവസങ്ങൾ നീണ്ട സമരത്തിനൊടുവിൽ കനയ്യയുടെ ആരോഗ്യസ്ഥിതി വഷളാവുകയും അദ്ദേഹത്തെ ആദ്യം ജെ.എൻ.യു. ഹെൽത്ത് സെൻററിലും പിന്നീട് എയിംസിലും പ്രവേശിപ്പിച്ചു. ആശുപത്രി കിടക്കയിൽ നിന്നുള്ള  കനയ്യയുടെ ഈ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്ന് വ്യക്തമായി . 

വാസ്തവം

2016-ൽ നിരാഹാര സമരത്തെ തുടർന്ന് കനയ്യ കുമാറിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചിത്രമാണ് ഇപ്പോഴത്തേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. 


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : ഭാഗമായി ഫാക്ട്ലി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: A picture mocking Kanhaiya Kumar is widely circulating on social media