ട്രംപിനെതിരെ വെടിയുതിർത്ത ആളുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം | Fact Check

ഇക്കഴിഞ്ഞ ജൂലൈ 13-നായിരുന്നു അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം നടന്നത്. പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വെടിവയ്പ്പ്. ട്രംപിന്റെ വലതു ചെവിയുടെ മുകൾഭാഗത്തായാണ് വെടിയേറ്റത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിക്കുകയും ചെയ്തു.
എന്നാൽ, ട്രംപിനെ വധിക്കാൻ ശ്രമിച്ച ആളുടേതെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമമായ എക്‌സിൽ പ്രചരിക്കുന്നുണ്ട്. 'പെൻസിൽവാനിയ സ്വദേശി ഹാങ്ക് പെക്കർ എന്ന മുപ്പത്തിരണ്ടുകാരനാണ് ട്രംപിനെ വധിക്കാൻ ശ്രമിച്ചത്' എന്നാണ് അവകാശവാദം. എന്നാൽ ഈ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്.
https://twitter.com/search?q=hank%20pecker&src=typed_query
അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ജൂലൈ 14-ന് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് പെൻസിൽവാനിയയിലെ ബെദേൽ പാർക്ക് സ്വദേശിയായ ഇരുപതുകാരൻ തോമസ് മാത്യു ക്രൂക്ക് ആണ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് പിന്നിൽ. അതുവരെയുള്ള അന്വേഷണത്തിൽ ലഭ്യമായ വിവരം അനുസരിച്ച് ക്രൂക്ക് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. അതേസമയം, ക്രൂക്കിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി എഫ്.ബി.ഐ. പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. തൊട്ടടുത്ത ദിവസം പുറത്തിറക്കിയ പ്രസ്താവനയിലും ക്രൂക്കുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിവരങ്ങളാണ് എഫ്.ബി.ഐ. പുറത്തുവിട്ടത്. മറ്റാർക്കും സംഭവത്തിൽ പങ്കുള്ളതായി വെളിപ്പെടുത്തിയിട്ടുമില്ല.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഡി.എൻ.എയും പരിശോധിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ക്രൂക്കിനെ തിരിച്ചറിഞ്ഞതെന്ന് എഫ്.ബി.ഐ. അറിയിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://www.bbc.com/news/articles/c3gw58wv4e9o
പ്രചരിക്കുന്ന ചിത്രം സംബന്ധിച്ചാണ് തുടർന്ന് അന്വേഷിച്ചത്. റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു 2022 ഫെബ്രുവരി 20-ന് ഇതേ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഹാൻക് പൈക്കർ എന്ന ഇൻസ്റ്റ അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ വീഡിയോ ലൈവ്-സ്ട്രീമിംഗ് സർവീസ് ആയ ട്വിച്ചിലെ അറിയപ്പെടുന്ന പൊളിട്ടിക്കൽ സ്ട്രീമർ ആണ് പൈക്കർ.
ഹസൻഅബി എന്ന പേരിൽ ഇയാൾക്ക് യൂട്യൂബ് ചാനലുമുണ്ട്. ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടോടെ ജൂലൈ 15-ന് ഇയാൾ ഒരു വീഡിയോ തന്റെ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഡോണൾഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് പിന്നിൽ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരൻ ആണെന്നാണ് എഫ്.ബി.ഐ. അറിയിച്ചത്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുള്ളതായി അന്വേഷണം സംഘം ഇതുവരെയും വിവരം പുറത്തുവിട്ടിട്ടില്ല. അക്രമിയുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്കയിലെ ട്വിച്ച് സ്ട്രീമറും യൂട്യൂബറുമായ ഹസൻ പൈക്കറുടേതാണ്.
Content Highlights: The firing took place during an election rally, Trump was shot above his right ear | Fact Check