ഈ ദൃശ്യങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴുണ്ടായ മഴക്കെടുതിയുടേതല്ല | Fact Check

#സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

പേമാരിയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് യു.എ.ഇ. ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ. കഴിഞ്ഞ 75 വർഷ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് യു.എ.ഇ. സാക്ഷിയായത്. ലക്ഷക്കണക്കിന് മലയാളികൾ തങ്ങളുടെ ജോലി ആവശ്യത്തിനായി താമസമാക്കിയ ഗൾഫ് രാജ്യങ്ങളിലെ എല്ലാ പ്രധാന സംഭവങ്ങളും നമ്മുടെ നാട്ടിൽ വലിയ വാർത്തയാണ്. അതിനാൽ തന്നെ, ഈ വെള്ളപ്പൊക്കവും മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമായി. 

അവിടുത്തെ വീഡീയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാനും തുടങ്ങി.  എന്നാൽ, ഇവയിൽ എല്ലാം ഇപ്പോഴത്തെ കെടുതിയുടേതായിരുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ, സൗദി അറേബ്യയിലുണ്ടായ മഴക്കെടുതിയുടേതെന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയെ കുറിച്ചുള്ള വിശദമായ ഫാക്ട്‌ചെക്ക് ചുവടെ വായിക്കാം.

അന്വേഷണം

ശക്തമായ കാറ്റിലും മഴയിലും നാശ നഷ്ടങ്ങൾ സംഭവിക്കുന്നതിന്റെയും മറ്റും വിവിധ ദൃശ്യങ്ങൾ ചേർത്തുവെച്ച ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മിനിറ്റ് മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പത്തോളം ദൃശ്യങ്ങളുണ്ട്. ഇവയെല്ലാം തന്നെ മുൻ വർഷങ്ങളിൽ പലയിടങ്ങളിലായി മഴക്കെടുതികളുടെയും ശക്തമായ കാറ്റ് മൂലമുണ്ടായ കെടുതികളുടെയും ദൃശ്യങ്ങളാണ്. ഇവയുടെ വിശദാംശങ്ങൾ ഓരോന്നായി പരിശോധിക്കാം.

ദൃശ്യം 1

ഒരു കോൺക്രീറ്റ് കെട്ടിടത്തിനടുത്തുള്ള ഉദ്യാനത്തിൽ ചുഴലിക്കാറ്റ് ശക്തമായി കറങ്ങുന്നതിന്റേതാണ് ഈ ദൃശ്യം. ഉദ്യാനത്തിലും പരിസരത്തും കാറ്റ് വീശുന്നുണ്ടെങ്കിലും വീഡിയോയിലുള്ളതു പോലെയൊരു ശക്തമായ ചുഴലിക്കാറ്റിന്റെ പ്രഭാവം പരിസരത്ത് പ്രകടമല്ല. യഥാർഥത്തിൽ ഇതൊരു എഡിറ്റ് ചെയ്ത വീഡിയോയാണ്. 2023 ഡിസംബർ 31-ന് 'സർറിയൽ വീഡിയോസ്' എന്ന യൂട്യൂബ് ചാനലിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യൂബ ചുഴലിക്കാറ്റ് വീഡിയോ എന്നാണ് തലക്കെട്ട് നൽകിയിട്ടുള്ളത്. യഥാർഥ സംഭവങ്ങളുടെ വീഡിയോകളിൽ ഇടി മിന്നൽ, ചുഴലിക്കാറ്റ് പോലുള്ളവയുടെ കൃത്രിമ വീഡിയോകൾ എഡിറ്റ് ചെയ്തുചേർത്ത ശേഷം പ്രസിദ്ധീകരിക്കുന്ന ഒരു ചാനലാണ് സർറിയൽ വീഡിയോസ്.

ദൃശ്യം 2

ശക്തമായ വീശിയയടിക്കുന്ന കാറ്റിൽ ആടിയുലയുന്ന പനകളുടെ വീഡിയോയാണിത്. യഥാർഥത്തിൽ, 2018 ഒക്ടോബർ 23-ന് ചിത്രങ്ങളും വീഡീയോകളും പങ്കുവെക്കുന്ന ഷട്ടർസ്റ്റോക് എന്ന പ്ലാറ്റ്ഫോമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2018-ൽ യു.എസ്സിലെ ഫ്‌ലോറിഡ സംസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വീശിയടിച്ച മിഖായേൽ എന്ന ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ ആണിതെന്നാണ് വീഡിയോക്കൊപ്പം നൽകിയിട്ടുള്ള വിശദീകരണം. പരിശോധനയിൽ, ദൃശ്യങ്ങളിലുള്ളത് ഫ്‌ലോറിഡയിലെ പാനമ സിറ്റി എന്ന നഗരമാണ് എന്ന് സ്ഥിരീകരിച്ചു (ഇത് യു.എസ്.എ.യിലെ ഒരു നഗരമാണ്. പാനമ എന്ന രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ പേരും പാനമ സിറ്റി എന്നാണ്).

ദൃശ്യം 3

ശക്തമായ മഴയിൽ റോഡരികിലുള്ള ഒരു മരം കടപുഴകി വീഴുന്നതിന്റെ ദൃശ്യമാണിത്. 2023 ഏപ്രിലിൽ ബ്രസീലിലെ ബികാസ് എന്ന പട്ടണത്തിലുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ദൃശ്യങ്ങളിലുള്ളത് എന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. 

Reference:
https://web.archive.org/web/20240419112712/https://g1.globo.com/mg/zona-da-mata/noticia/2023/01/04/video-vento-derruba-arvore-pela-raiz-que-por-pouco-nao-atinge-carro-em-mg.ghtml  

ബന്ധപ്പെട്ട വാർത്തയുടെ സ്‌ക്രീൻഷോട്ട്
ദൃശ്യം 4

ഉദ്യാനമെന്ന് തോന്നിക്കുന്ന ഒരു പ്രദേശത്ത് ശക്തമായ കാറ്റ് വീശുന്നതും മഴ പെയ്യുന്നതുമാണ് ഈ വീഡിയോയിലുള്ളത്. ഈ വീഡിയോ 2023 ൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ദൃശ്യങ്ങളിലുള്ള സ്ഥലം ദുബൈയിലെ 'ദുബൈ ഹിൽസ് മാൾ' ആണെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.

ദൃശ്യം 5

ബഹുനില മന്ദിരങ്ങൾ നിറഞ്ഞ ഒരു നഗരത്തിൽ പൊടിക്കാറ്റ് വീശുന്നതും മിന്നലടിക്കുന്നതുമാണ് ഈ വീഡിയോയിൽ കാണുന്നത്. പരിശോധനയിൽ, ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലെ വാട്ടർ ഗാർഡൻ സിറ്റിയും സമീപത്തെ കെട്ടിടങ്ങളുമാണ് വീഡിയോയിലുള്ളതെന്ന് കണ്ടെത്തി. മാത്രമല്ല, 2023-ൽ ഈ വീഡിയോ ടിക്ക്‌ടോക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ വീഡിയോ പഴയതാണെന്നും സ്ഥിരീകരിച്ചു.

ദൃശ്യം 6 

കുന്നിൻ ചെരിവിലൽ റോഡിലൂടെ പോകുന്ന കാറുകൾ ശക്തമായ കാറ്റിൽ അകപ്പെടുന്നതും ഒരു കാർ താഴ്ചയിലേക്ക് മറിയുന്നതുമാണ് ഈ ദൃശ്യങ്ങളലിൽ ഉള്ളത്. ഇത് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ്. 2024 ഏപ്രിൽ മാസം ആദ്യ ആഴ്ചയായിരുന്നു സംഭവം നടന്നത്.

ബന്ധപ്പെട്ട വാർത്തയുടെ സ്‌ക്രീൻഷോട്ട്

Reference:
https://www.thesouthafrican.com/news/huguenot-tunnel-cape-town-wind-truck-weather-updates/ 
https://tribunesouthafrica.com/uncategorized/watch-cape-winds-blow-over-a-vehicle-at-the-huguenot-tunnel/  

ദൃശ്യം 7 

മഴ പെയ്യുന്ന ഒരു തെരുവിന്റെ ദൃശ്യമാണ് അടുത്തത്. ശക്തമായ കാറ്റിൽ തെരുവിലെ കടകളിൽ നിന്നും മറ്റും സാധനങ്ങൾ പറന്നു പോകുന്നതും കാണാം. വീഡിയോയിലുള്ളത് യു.എ.ഇ.യിലെ ഷാർജാ നഗരത്തിലുള്ള അൽ-ഘുവൈർ മാർക്കറ്റിനടുത്തെ തെരുവാണ്. 2023 ഓഗസ്റ്റ് ഏഴിന് ഇതേ വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാർജയിൽ 2023 ഓഗസ്റ്റ് 6 നാണ് സംഭവമുണ്ടായത് എന്നാണ് ഇതിൽ പറയുന്നത്. 

ദൃശ്യം 8

കാറ്റ് ശക്തമായി വീശിയടിച്ചതിനെ തുടർന്ന് ചന്തയിൽ നിന്നും സാധനങ്ങൾ പറന്നു പോകുന്നതും ആൾക്കാർ കാറ്റിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ള എട്ടാമത്തെ ദൃശ്യം. അന്വേഷണത്തിൽ ഒരു മൊറോക്കാൻ ഓൺലൈൻ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ 2023 ഒക്ടോബർ 22-ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. മൊറോക്കോയിലെ ഒരു ആഴ്ച്ച ചന്തയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ഒപ്പമുള്ള വിവരണത്തിൽ പറയുന്നത്. 

ദൃശ്യം 9 

കട്ടിയേറിയ ഭീമാകാരമായ മേഘം ഒരു നഗരത്തെയാകെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇത്. ഇതിന് ഗൾഫുമായി ഒരു ബന്ധവുമില്ല. 2023 സെപ്റ്റംബറിൽ 'കാസിയാസ് ദോ സുൽ'  എന്ന ബ്രസീലിയൻ നഗരത്തെയാണ് ഇത്തരത്തിൽ മേഘം വിഴുങ്ങിയത്. 

https://www.youtube.com/shorts/IZninnV_OyE?app=desktop

Reference:  
https://www.bbc.com/news/av/world-latin-america-66904959 

ദൃശ്യം 10 

ഒരു തെരുവിന്റെ രാത്രികാല ദൃശ്യമാണ് ഇത്. അതിശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ കെട്ടിടത്തിന് സമീപമുള്ള ഒരു നിർമിതി പൊളിഞ്ഞു വീഴുന്നുണ്ട്. അന്വേഷണത്തിൽ, 2023 ഡിസംബർ ആറിന് ഒരു ഇറാനിയൻ വെബ്സൈറ്റിൽ ഈ വീഡിയോ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. അങ്ങനെ  പ്രസ്തുത ദൃശ്യം പഴയതാണ് എന്ന് സ്ഥിരീകരിച്ചു. പക്ഷെ, ഇത് എവിടെ നടന്ന സംഭവം ആണെന്ന് കൃത്യമായി കണ്ടെത്താനായില്ല.

Reference:
https://www.aparat.com/v/9C4Zi  

വാസ്തവം

സൗദി അറേബ്യയിലെ മഴക്കെടുതിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പല സ്ഥലങ്ങളുണ്ടായ പഴയ സംഭവങ്ങളുടെ വീഡിയോകൾ ഒരുമിച്ച് ചേർത്താണ് തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.

بسبب الرياح القوية شوفو أش واقع...بأحد الأسواق الأسبوعية😥لطفك يا الله. #tassltantpress

Posted by ‎تسلطانت بريس/Tassltant press‎ on Sunday, October 22, 2023

Content Highlights: Lot of videos of the rainstorm in Saudi Arabia is circulating widely is not from there | Fact Check